മേനോനെ കണ്ടതും അവർ ബഹുമാനപൂർവ്വം എഴുന്നേറ്റു. എല്ലാവരെയും ഒന്ന് നോക്കിയ ശേഷം അയാൾ ആൽത്തറയിലേക്ക് കയറി നിന്നു.
ഒരു നാട് വാഴിയുടെ അതേ ഘാംഭീര്യത്തോടെ അയാൾ ആഗമനോദ്ദേശം അറിയിച്ചു.
ആളുകൾക്കിടയിൽ ഒരു മർമ്മരം ഉയർന്നു.മേനോൻ കൈ ഉയർത്തി,മ്മ്മ്.മതി.പറയുന്നത് കേൾക്കുക.
എല്ലാവരും ഇപ്പോൾ തന്നെ അങ്ങോട്ടേക്ക് പൊയ്ക്കോളൂ. ആവശ്യത്തിന് ആയുധങ്ങൾ കരുതണം.ബാക്കിയെല്ലാം അവിടുന്ന് പറയും.
കാര്യങ്ങൾ പറഞ്ഞവസാനിപ്പിച്ച് അയാൾ തറവാട്ടിലേക്ക് തിരിച്ചു.
സമയം ഇഴഞ്ഞു നീങ്ങി.സൂര്യൻ രശ്മികളുടെ കാഠിന്യം കുറച്ച് പടിഞ്ഞാറ് ദിക്ക് നോക്കി യാത്രയാവുന്നു.
മേനോൻ പതിയെ ഇറങ്ങി വള്ളക്കടത്ത് ക്ഷേത്രം ലക്ഷ്യമാക്കി നടന്നു.
വർഷങ്ങൾക്ക് ശേഷമാണ് അങ്ങോട്ട് പോകുന്നത്.ഉള്ളിൽ ഉരുണ്ട് കൂടിയ ഭയം വിയർപ്പ് കണികകൾ ആയി അയാളുടെ ശരീരം കുതിർത്തു.
ദൂരെ നിന്ന് തന്നെ ക്ഷേത്രവളപ്പിൽ ഒത്ത് കൂടിയ ജനക്കൂട്ടം മേനോന്റെ ദൃഷ്ടിയിൽ പതിഞ്ഞു.
അവസാനമായി ഇത് പോലൊരു ജനസമുദ്രം ഇവിടം മുക്കിയത് ശ്രീപാർവ്വതിയുടെ മൃതദേഹം കാണാൻ ആയിരുന്നു.
അൽപ്പ സമയം അയാൾ ക്ഷേത്രത്തിന്റെ അതിരിൽ സംശയിച്ചു നിന്ന് ചുറ്റും കണ്ണോടിച്ചു.
മേനോൻ… ആരോ നീട്ടി വിളിച്ചത് കേട്ട് അയാൾ മുൻപോട്ട് നോക്കി.
ശങ്കര നാരായണ തന്ത്രികൾ തന്നെ കൈ കാട്ടി വിളിക്കുന്നത് കണ്ടതും അയാൾ അങ്ങോട്ടേക്ക് നടന്നു.
ഒരു നാടിന്റെ സർവ്വൈശ്വര്യങ്ങൾക്കും നാശം വരുത്തിയവന്റെ കാൽപ്പാദം അവിടെ പതിഞ്ഞതും പ്രകൃതിയുടെ ഭാവം മാറി.
ഇളം ചൂടിൽ ജ്വലിച്ചു നിന്ന അരുണനെ കരിമേഘങ്ങൾ വിഴുങ്ങി.അഷ്ട ദിക്കും വിറപ്പിച്ചു കൊണ്ട് മേഘങ്ങൾ കൂട്ടിമുട്ടി ഗർജ്ജിച്ചു.
കല്ലേ പിളർക്കുന്ന ശക്തിയിൽ നാല് ദിക്കിൽ നിന്നും ചീറിയെത്തിയ കാറ്റ് അവിടെയാകെ വട്ടം കറങ്ങി.
കൂടി നിന്ന ആളുകൾക്ക് തങ്ങൾ പറന്ന് പോകും പോലെ തോന്നി. ആരോഗ്യം കൊണ്ടും തടി മിടുക്ക് കൊണ്ടും ദുർബലരായ ചിലർ തെറിച്ചു വീണു.
വന്മരങ്ങൾ കൊമ്പ് കുലുക്കി ഉറഞ്ഞു തുള്ളി.പലരും ഭയത്തോടെ ആദിപരാശക്തിയെ വിളിച്ചു.