രക്തരക്ഷസ്സ് 24 38

രക്തരക്ഷസ്സ് 24
Raktharakshassu Part 24 bY അഖിലേഷ് പരമേശ്വർ

previous Parts

ആദിത്യൻ ഉച്ചസ്ഥായിയിൽ കത്തി ജ്വലിക്കുമ്പോഴാണ് മംഗലത്ത് പടിപ്പുര കടന്ന് ദേവദത്തൻ എത്തുന്നത്.

പൂമുഖത്തെ ചാരു കസേരയിൽ ഉച്ചയൂണ് കഴിഞ്ഞുള്ള വിശ്രമത്തിലാണ് കൃഷ്ണ മേനോൻ.

ദേവനെ കണ്ടതും അയാൾ കസേര വിട്ടെഴുന്നേറ്റു.മുൻപ് പലപ്പോഴായി അയാളെ കണ്ടിട്ടുള്ളതിനാൽ മേനോന്റെ മുഖത്ത് പരിചയഭാവം തെളിഞ്ഞിരുന്നു.

കടന്ന് വരൂ.മേനോൻ ആദിത്യ മര്യാദയോടെ ദേവനെ അകത്തേക്ക് ക്ഷണിച്ചു.

ഇല്ല്യാ.വീട്ടിലേക്ക് കയറരുത് എന്ന് തിരുമേനി പറഞ്ഞിരുന്നു.വന്ന കാര്യം പറയാം.

ശ്രീപാർവ്വതിയെ ആവാഹിക്കാൻ ഉള്ള ഒരുക്കങ്ങൾ തുടങ്ങണം. ആദ്യപടി എന്ന വണ്ണം വള്ളക്കടത്ത് ഭഗവതീ ക്ഷേത്രം കുറ്റമറ്റതാക്കി ദേവിയുടെ ചൈതന്യം വീണ്ടെടുക്കണം.

വേണ്ട ആളുകളെയും പണിയായുധങ്ങളും കൂട്ടി ക്ഷേത്രവളപ്പിലേക്ക് എത്താൻ അറിയിച്ചിട്ടുണ്ട്.

അറിയാലോ പിടിപ്പത് പണിയുണ്ട്. സമയവും കുറവാണ്.ദിനം പോകും തോറും ആയുസ്സിന്റെ ബലം കുറയും എന്ന് പറയാൻ പറഞ്ഞു.

ദേവദത്തൻ ഒറ്റ ശ്വാസത്തിൽ കാര്യങ്ങൾ അവതരിപ്പിച്ച് തിരിച്ചു നടക്കാൻ തുടങ്ങി.

ഉച്ചയൂണ് കഴിച്ചിട്ടുണ്ടാവില്ല്യ ലോ. ഊണ് കഴിഞ്ഞ് മടങ്ങിയാൽ പോരെ.തറവാട്ടിൽ കയറേണ്ട. പത്തായപ്പുരയിൽ ആവാലോ.

മേനോന്റെ ചോദ്യം കേട്ടില്ല എന്ന് നടിച്ച് പിന്തിരിഞ്ഞു നോക്കാതെ അയാൾ മുൻപോട്ട് നടന്നു.അത് മേനോന് അൽപ്പം മാനസിക വിഷമം ഉളവാക്കി.

ദേവദത്തൻ പടിപ്പുര കടന്നതും മേനോൻ ഉള്ളിലേക്ക് നോക്കി നീട്ടി വിളിച്ചു.കുമാരാ.ടാ കുമാരാ.

പെട്ടന്നാണ് രാഘവനോടൊപ്പം കുമാരനും പോയ കാര്യം അയാൾക്ക്‌ ഓർമ്മ വന്നത്.

അയാളെ അയച്ചത് മണ്ടത്തരം ആയിപ്പോയി എന്ന് മേനോന് തോന്നി.അയാൾ പെട്ടന്ന് തന്നെ വസ്ത്രം മാറി ഇറങ്ങി.

വള്ളക്കടത്ത് ഗ്രാമത്തിലെ ഒട്ടുമിക്ക ആളുകളും ഒന്നിച്ച് കൂടുന്ന ആൽത്തറ ആയിരുന്നു മേനോന്റെ ലക്ഷ്യം.

അയാളുടെ കണക്ക് കൂട്ടൽ തെറ്റിയിരുന്നില്ല.സ്ഥലത്തെ ചെറുപ്പക്കാരും പ്രത്യേകിച്ചു ജോലി ഒന്നുമില്ലാത്ത മറ്റ് ചിലരും ആൽത്തറയിൽ കൂടിയിട്ടുണ്ട്.