രക്തരക്ഷസ്സ് 17 37

ഡമരു നാദം അടുത്ത് വന്നു. വള്ളിപ്പടർപ്പുകൾക്കിടയിലൂടെ ഉറച്ച കാലടികളോടെ നടന്നടുക്കുന്ന ആ മനുഷ്യനെ രുദ്രശങ്കരൻ സൂക്ഷിച്ചു നോക്കി.

നീണ്ട ദീക്ഷ,ജടകുത്തിയ മുടി ശിവ പെരുമാളിനെപ്പോലെ നിറുകയിൽ കെട്ടിയിരിക്കുന്നു.

കൈയ്യിൽ മന്ത്രച്ചരടുകൾ ബന്ധിച്ച ദണ്ഡ്.കഴുത്തിൽ തൂങ്ങിയാടുന്ന രുദ്രാക്ഷ മാലകൾ.മേലാസകലം ഭസ്മം പൂശിയിരിക്കുന്നു.

കണ്ണുകളിൽ അഗ്നി തോൽക്കുന്ന തിളക്കം.വലംകൈയ്യിൽ നാദ വിസ്മയം തീർക്കുന്ന ഡമരു.

രുദ്രശങ്കരന്റെ മനസ്സ് മാസങ്ങൾ പിന്നിലേക്ക് പാഞ്ഞു.ഒരു ഞെട്ടലോടെ അയാൾ ആ ഡമരുവിന്റെ അധിപനെ തിരിച്ചറിഞ്ഞു.സ്വാമി സിദ്ധവേധപരമേശ്.

കാശി യാത്രയിൽ താൻ ആക്ഷേപിച്ച് വിട്ട സ്വാമി സിദ്ധവേധപരമേശ് ഇന്നിവിടെ തനിക്ക് രക്ഷകനായിരിക്കുന്നു.

രുദ്രന്റെ മനസ്സിലേക്ക് ആ ദിനം ഓടിയെത്തി.കാശി യാത്രയുടെ മധ്യേയാണ് ആ അഘോരി സന്യാസി രുദ്രനെ കണ്ട് മുട്ടിയത്.

ചെറുപ്പക്കാരനായ രുദ്രശങ്കരനിൽ തെളിഞ്ഞു കണ്ട ഞ്ജാനഭാവവും മന്ത്രങ്ങളിലുള്ള അതീന്ത്രവഞ്ജാനവും ആ അഘോരിയെ രുദ്രനിലേക്ക് അടുപ്പിച്ചു.

മകനേ നിന്നിൽ ഞാൻ വളരെയധികം കഴിവുകൾ കാണുന്നു.നിനക്ക് ഞ്ജാനമില്ലാത്ത അഘോര മന്ത്രങ്ങൾ കൂടി അഭ്യസിക്കൂ.ഞാനവ നിനക്ക് പകർന്ന് നൽകാം.

എന്നാൽ ബ്രാഹ്‌മണനായ താൻ കേവലമൊരു അഘോരിയിൽ നിന്നും മന്ത്രം അഭ്യസിക്കുക എന്നത് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു രുദ്രന്.

അയാൾ ആ വൃദ്ധ സന്യാസിയെ തള്ളി മാറ്റി മുൻപോട്ട് നടന്നു.

രുദ്രാ ഇന്ന് നീ എന്നെ തള്ളിമാറ്റി.എല്ലാം തികഞ്ഞവനെന്ന നിന്റെ ഭാവം നിന്നെ അപകടത്തിലെത്തിക്കും.നിൽക്കൂ.

അഘോരിയുടെ വാക്കുകളെ ചിരിച്ചു തള്ളി രുദ്രൻ അകന്നു.

നനുത്തൊരു കാറ്റ് പോലെ രുദ്രാ എന്ന വിളി അയാളെ ചിന്തയിൽ നിന്നുണർത്തി.

തനിക്ക് മുൻപിൽ സാക്ഷാൽ ശ്രീപരമേശ്വരനെപ്പോലെ നിൽക്കുന്ന സ്വാമി സിദ്ധവേധപരമേശിനെ അയാൾ നിറഞ്ഞ കണ്ണുകളോടെ തൊഴുതു.

മുൻപിൽ നിൽക്കുന്ന ആ മഹാമനുഷ്യന്റെ കാൽക്കൽ സാഷ്ട്ടാംഗം പ്രണമിച്ചു കാളകെട്ടിയിലെ മഹാമാന്ത്രികൻ.

രുദ്രാ അന്ന് ഞാൻ നിന്നോട് പറഞ്ഞിരുന്നു നീ അപകടത്തിലാവുമെന്ന്.അന്ന് നീ അത് പുച്ഛിച്ചു.

തെറ്റ് ചെയ്തു കുട്ടീ നീ.എല്ലാം തികഞ്ഞവനെന്ന ഭാവം നിന്നെയിന്ന് ഒന്നുമില്ലാത്തവനാക്കിയല്ലോ.

അമിതാവേശത്തിൽ ഈ ശാപമണ്ണിൽ കാൽ കുത്തിയപ്പോൾ നീ ഒന്ന് മറന്നു.

ജന്മനക്ഷത്രത്തിൽ ബലിക്കല്ലിൽ തലയിടിച്ച് മരിച്ച കന്യകയുടെ രക്തത്താൽ കളങ്കിതമായ മണ്ണിലാണ് നീ കാൽ കുത്തിയത്.