ജെസ്സ് ആദ്യം ഒന്ന് പതറിയെങ്കിലും. പെട്ടെന്ന് അവൻ കണ്ണുകൾ അടച്ചു. എന്നിട്ട് ദീർഘമായി ശ്വാസം എടുത്തു അനങ്ങാതെ നിന്നു. ചെന്നായ്ക്കൾ കുതിച്ചു വന്നുകൊണ്ടിരുന്നു. ബെല്ല ജെസ്സിനോട് ഓടി രക്ഷപെടുവാൻ പറയുന്നുണ്ട്. അത് അവനു അവ്യക്തമായി കേൾക്കാം. എന്നാൽ ഓടിയിട്ട് പ്രയോജനം ഇല്ലെന്ന് അവനു അറിയാം. ചെന്നായ്ക്കൾ തൊട്ടടുത്തെത്തി. മുന്നിൽ വന്ന ചെന്നായ തന്റെ പിൻകാലിൽ ഊന്നി അവനു നേരെ ചാടി. തൊട്ടടുത്ത നിമിഷം അത് ദൂരേക്ക് തെറിച്ച പോയി. ഇതുകണ്ട മറ്റു ചെന്നായ്ക്കൾ ഭയന്ന് നിരങ്ങി നിന്നു. വീണ ചെന്നായ എന്താണുണ്ടായതെന്നറിയാൻ പണിപ്പെട്ട് എഴുന്നേറ്റു ജെസ്സിന് നേരെ നോക്കി.
ജെസ്സിന് പിന്നിൽ നൂറുകണക്കിന് ആത്മാക്കൾ അണിനിരന്നു നിൽക്കുന്നു. ആ കാഴ്ച കണ്ടാൽ അവൻ അവരുടെ പട നയിക്കുന്ന രാജാവാണെന്നു തോന്നുമായിരുന്നു. അവൻ തന്റെ ഭയം ലവലേശമില്ലാത്ത തീഷ്ണമായ കണ്ണുകൾ കൊണ്ട് ചെന്നായ്ക്കളെ നോക്കി. പിൻ തിരിയുകയല്ലാതെ മറ്റുമാർഗമില്ലെന്ന് മനസിലാക്കിയ ചെന്നായ്ക്കൾ ഭയപ്പാടിന്റെ ഒരു സ്വരമുണ്ടാക്കിയ ശേഷം ഇരുട്ടിൽ എവിടേക്കോ ഓടി മറഞ്ഞു
ചെന്നായ്ക്കൾ പോയതും ആത്മാക്കളും പോയിത്തുടങ്ങി. എന്നാൽ അവ അൽപ്പം അകലം പാലിച്ചുകൊണ്ട് പെട്ടെന്ന് കാണാനാകാത്ത ദൂരത്തിൽ അവനു ചുറ്റും ഉണ്ടായിരുന്നു. അവർ സഞ്ചരിച്ച് അബിയയുടെ അടുത്തെത്തി. അവൾ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. കാട്ടിൽ രാത്രി ആയത്കൊണ്ട് തന്നെ നേരിയ മഞ്ഞ് ഉണ്ടായിരുന്നു. അബിയ ഒരു ചെറിയ ചിരട്ട നിലത്തുവെച്ചിരുന്നു. ഒരു തീപ്പെട്ടി യും ഒരു ചെറിയ സവാളയും ഒരു കത്തിയും കരുതിയിട്ട്ണ്ട്. ചില മന്ത്രങ്ങൾ ഉരുവിട്ട ശേഷം അബിയ സവാള രണ്ടായി അരിഞ്ഞു. എന്നിട്ട് ജെസ്സിന്റെ കണ്ണിനു നേരെ താഴത്തു പിടിച്ചു. അവന്റെ കണ്ണ് നീറിയിട്ട് അവൻ ശബ്ദിച്ചു.
” സ്…”
ജെസ്സിന്റെ കണ്ണ് നിറഞ്ഞു ഒരു തുള്ളി ഇറ്റുവന്നതും അബിയ ആ ചിരട്ട എടുത്തു അവന്റെ കവിളിനോട് ചേർത്ത് ആ കണ്ണുനീർ അതിലേക്ക് ഇറ്റിച്ചു. എന്നിട്ട് സവാള കഷ്ണം സ്വന്തം കണ്ണിനു താഴത്തു പിടിച്ചു ഒരു തുള്ളി കണ്ണുനീർ അവളും ഇറ്റിച്ചു. ശേഷം അടുത്തുണ്ടായിരുന്ന ഒരു ചെറിയ കുഴിയിൽ നിന്നും അൽപ്പം വെള്ളം ആ ചിരട്ടയിൽ കോരിയെടുത്തു. പിന്നെ മന്ത്രങ്ങൾ ജപിച്ചു കൊണ്ട് കൈയിൽ കരുതിയിരുന്ന തീപ്പെട്ടികൊള്ളി ഉരച്ചു കത്തിച്ച് ആ ചിരട്ടയിലെ കണ്ണുനീർ കലർന്ന വെള്ളത്തിലേക്കു ഇട്ടു. ഒരു ചെറിയ ശബ്ദത്തോടെ തീപ്പെട്ടി കൊള്ളി കെട്ട് അതിൽ നിന്നും ഉയർന്ന നേരിയ പുകച്ചുരുൾ ആ കാട്ടിലെ കോടമഞ്ഞിൽ കലർന്നു.
?
?