അബിയ വേഗം വീണ്ടും കണ്ണുകൾ അടച്ചു ആ മഞ്ഞിൻ ചുരുളിനെ പിന്തുടരാൻ തന്റെ ദൃഷ്ടിയെ പുറത്തേക്ക് നയിച്ചു. എന്നാൽ അപ്പോഴേക്കും അത് എവിടെയോ മറഞ്ഞു കഴിഞ്ഞിരുന്നു. അബിയ പതിയെ കണ്ണുകൾ തുറന്നു. അവൾ പറഞ്ഞു.
” മ്മ്…. ഇല്ല ജെസ്സ്. അവനെ എനിക്ക് പിന്തുടരാൻ കഴിഞ്ഞില്ല. ഒന്നെങ്കിൽ അവൻ എന്റെ ദൃഷ്ടികളെ മറയ്ക്കുന്നു. അതല്ലെങ്കിൽ വേഗം തന്നെ അവൻ ഒരു ശരീരം കണ്ടെത്തി അതിൽ പ്രവേശിച്ചു കഴിഞ്ഞിരിക്കണം. “
“ഇനി എന്ത് ചെയ്യും? “
” ഒരു വഴി കൂടി അവശേഷിക്കുന്നുണ്ട്. അതിനു അൽപ്പം നീണ്ട മന്ത്രവാദം തന്നെ വേണ്ടിവരും. ഇപ്പോൾ അതിനു സമയമില്ല. മാത്രമല്ല, ഇന്ന് ഇപ്പൊൾ എന്റെ മോതിരത്തിന്റെ ശക്തിയും കുറവാണു. മോനെ നാളെ മോന് ഇതുപോലെ ഒന്നുകൂടി വരാൻ കഴിയുമോ? “
” നിങ്ങൾ പറഞ്ഞത് വെച്ച് വളരെ അപകടകാരിയാണ് മെർവിൻ. അവന്റെ എനർജി ഞാൻ ഫീൽ ചെയ്തതും ആണ്. ഞാൻ കാരണം ഒരു ജീവൻ രക്ഷപ്പെടുമെങ്കിൽ ഇത് എനിക്ക് ചെയ്യാവുന്ന ഏറ്റവും ചെറിയ ഒരു സഹായം ആയിരിക്കും. ഞാൻ എന്താണെങ്കിലും വരും. “
അബിയ ചിരിച് കൊണ്ട് പറഞ്ഞു.
“താങ്ക്സ് മോനെ… “
അങ്ങനെ അന്ന് അവർ പിരിഞ്ഞു. ഈ സമയമത്രെയും അവരെ രണ്ടാളെയും നിരീക്ഷിച്ചുകൊണ്ട് ഇരുട്ടത് തിളങ്ങുന്ന രണ്ടുകണ്ണുകൾ ഉണ്ടായിരുന്നു. അവർ പൊയ്ക്കഴിഞ്ഞതും ആ ഡോബ്ബർമാൻ നായ പാർക്കിൽ നിന്നും മരങ്ങൾക്കിടയിലൂടെ എങ്ങോട്ടോ പാഞ്ഞു.
ജെസ്സ് വീടിന്റെ അടുത്തെത്തി. തന്റെ പതിവുപോലെ മുറിയുടെ ജനാലയോട് ചേർന്ന പൈപ്പ് വഴി മുകളിലേക്കു കയറി. മുകളിൽ എത്തിയ അവൻ പതുക്കെ ജനൽ ചില്ല് തുറന്ന് അകത്തേക്ക് നോക്കി. ആരുമില്ല, താൻ പുറത്ത് ചാടിയ വിവരം അറിഞ്ഞ മട്ടില്ല. അല്ലെങ്കിലും എന്നാണ് അത് അറിഞ്ഞിട്ട് ഉള്ളത്. അവൻ പൊത്തിപ്പിടിച്ച് അകത്തേക്ക് കയറി. കട്ടിലിന്റെ കാൽചുവട്ടിൽ കിടന്ന പുതപ്പെടുത്തു പുതച്ചു. നടന്ന സംഭവങ്ങൾ അവന്റെ മനസിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു. പതിയെ പതിയെ അവൻ ഉറക്കത്തിലേക്ക് വീണു.
പിറ്റേ ദിവസം രാവിലെ അവന്റെ പപ്പയും അമ്മയും ഓഫീസിലേക്ക് പോകുവാൻ ഉള്ള ഒരുക്കങ്ങൾ ഒന്നും കണ്ടില്ല. രണ്ടുപേരും ലീവ് ആണെന്ന് ജെസ്സിന് മനസിലായി. അവർ തമ്മിൽ വഴക്കൊന്നും ഉണ്ടായതും ഇല്ല. ജെസ്സിന് വേണ്ട കാര്യങ്ങൾ ഒക്കെ ക്ലാര റെഡി ആക്കി അവനെ സ്കൂളിലേക്ക് അയച്ചു. അന്ന് ക്ലാസ്സ് കഴിഞ്ഞ ഉടനെ ജെസ്സ് വീട്ടിലേക്ക് തിരിച്ചു. പതിവില്ലാതെ ജെസ്സ് നേരത്തെ എത്തിയത് ക്ലാരയ്ക്കും റെക്സിനും വലിയ അത്ഭുതമായിരുന്നു.
“അഹ്… മോൻ എന്ന് നേരത്തെ എത്തിയോ? റെക്സ്, ഹണി… ഞാൻ മറന്നു. വരുമ്പോ അൽപ്പം ബീഫ് വാങ്ങിട്ടു വരില്ലേ? “
സംസാരത്തിനിടയിൽ തന്നെ ക്ലാര ജെസ്സിന് വൈകുന്നേരം കഴിക്കാനുള്ള ഭക്ഷണം എടുത്തു നൽകി.
“യെസ് സ്വീറ്റ് ഹാർട്ട്. സീ യു… “
?
?