” എനിക്കറിയാം നിങ്ങൾ പിന്നിൽ ഉണ്ടെന്ന്. ബുദ്ധിമുട്ടി നടക്കേണ്ട… “
സ്റ്റെന അബിയയെ നോക്കി. അവളുടെ മുഖത്ത് വലിയ അത്ഭുതം ഒന്നും ഇല്ല. അവൾക്ക് അറിയാമായിരുന്നു മെർവിന് വളരെ നിസ്സാരമായി കഴിയുന്ന ഒരു കാര്യം മാത്രമാണ് അതെന്ന്. അവർ നടന്നു ജെസ്സിന്റെ മുന്നിലേക്ക് ചെന്നു. അവൻ തല അൽപ്പം മാത്രം ഉയർത്തി അവരെ നോക്കി. സ്റ്റെന സംസാരിച്ചു തുടങ്ങി.
” മോനെ, ഇത് അബിയ. നിന്റെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാൻ അബിയക്ക് ഒരുപക്ഷെ കഴിഞ്ഞേക്കും. ലെറ്റ് ഹെർ ഹെല്പ് യു… “
ജെസ്സ് അബിയയെ നോക്കി. അവൻ ഒന്നും തന്നെ സംസാരിച്ചില്ല. അബിയ പതിയെ അവന്റെ ആരുകിലേക്ക് ചെന്നു. എന്നിട്ട് തന്റെ വലതുകൈ ഉയർത്തി അവനെ തൊടുവാൻ തുടങ്ങി. പെട്ടെന്ന് സ്റ്റെന അബിയയുടെ ഇടം കയ്യിൽ പിടിച്ചു. അബിയ സ്റ്റെനയെ നോക്കി. ആ കണ്ണുകളിലെ ഭയം അബിയക്ക് മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നു. അബിയ ഒരു പുഞ്ചിരിയോടെ സ്റ്റെനയുടെ കൈ പിടിച്ചു മാറ്റി പതുക്കെ ജെസ്സിന്റെ വലം കൈയിൽ പിടിച്ചു.
തൊട്ടടുത്ത നിമിഷം നടന്നത്… അവർ മൂന്നു പേർക്കു ചുറ്റും ഒരുപാട് പേര് നിൽക്കുന്നു. എന്നാൽ അവർ ഒന്നും മനുഷ്യർ ആയിരുന്നില്ല. എല്ലാം ശരീരം വെടിഞ്ഞ ആത്മാക്കൾ. എല്ലാവരും അബിയയെ തുറിച്ചു നോക്കി നിൽക്കുന്നു. അവൾക്ക് ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല. ഇനി മെർവിന്റെ അധീനതയിൽ ഉള്ള പ്രേതങ്ങളാണോ ഇവയെല്ലാം. അബിയ പതിയെ തന്റെ കൈ പിൻവലിച്ചു. എന്നിട്ട് ജെസ്സിനോട് ചോദിച്ചു.
” ജെസ്സ്… “
“മ്മ്… “
“നിനക്ക് അവരെയൊക്കെ കാണാമോ?
“കാണാം… എല്ലാരേയും കാണാം. “
“മോന് പേടിതോന്നുന്നുണ്ടോ അവരെ കാണുമ്പോൾ? അവർ മോനെ എങ്ങനെയെങ്കിലും ഉപദ്രവിക്കാറോ മറ്റോ ഉണ്ടോ? “
” ഉപദ്രവമോ അവർ എല്ലാരും എന്റെ കൂട്ടുകാരാ. ജീവനുള്ള ആർക്കും എന്നെ സുഹൃത്താക്കാൻ ഇഷ്ടമില്ല. അതുകൊണ്ട് ഇവരാണ് എന്റെ സുഹൃത്തുക്കൾ. ചെറുപ്പത്തിൽ ഒരു 8 വയസുള്ളപ്പോൾ ആണു എനിക്ക് ആദ്യമായി ഒരു ആത്മാവിനെ കാണുവാൻ കഴിഞ്ഞത്. ഞാൻ എന്റെ അനുഭവം പറഞ്ഞെങ്കിലും മമ്മയ്ക്കും പപ്പക്കും അതൊരു തമാശയോ എന്റെ തോന്നലോ ഒക്കെ ആയിരുന്നു. പിന്നീട് ഞാൻ വീണ്ടും വീണ്ടും ഇങ്ങനെ മരിച്ചവരെ കാണുവാൻ തുടങ്ങി. ആദ്യമൊക്കെ എനിക്ക് പേടി ആയിരുന്നെങ്കിലും പിന്നീട് അവർ എന്നെ ഉപദ്രവിക്കില്ലെന്ന് മനസിലായി. മമ്മയുടെയും പപ്പയുടെയും വഴക്കുകൾക്കിടയിൽ സുഹൃത്തുക്കൾ പോലും ഇല്ലാതിരുന്ന എനിക്ക് ആശ്വാസം ഇവരായിരുന്നു. ഞാൻ മമ്മ എന്നും പപ്പ എന്നും വിളിക്കുന്ന, അതെ സ്ഥാനത്തു ഞാൻ കാണുന്ന ആളുകൾ പോലും ഉണ്ട് ഈ കൂടെ. ഞാൻ മരിച്ചാലും എനിക്ക് അവരെ പിരിയേണ്ടി വരില്ല. അവരുടെ ഒപ്പം അവരിൽ ഒരാളായി അങ്ങനെ… “
അബിയ അവന്റെ കൈയിൽ തൊട്ടപ്പോൾ മെർവിന്റെ പ്രെസെൻസ് അവൾക്ക് അനുഭവപ്പെട്ടതെ ഇല്ല. അതാണ് അവളെ കൂടുതൽ കുഴക്കിയത്. അവൾ ജെസ്സിനോട് ചോദിച്ചു.
” മോനെ നിന്റെ ഇഷ്ടം ഇവർ നിന്റെ കൂടെ ഉണ്ടാകുന്നത് ആണെങ്കിൽ അങ്ങനെ തന്നെ ആകട്ടെ. എനിക്ക് അറിയേണ്ടത് മറ്റൊന്നാണ്. മെർവിൻ എന്നൊരു ആത്മാവും നിന്റെ കൂടെ ഉണ്ടോ? “
?
?