പിന്നീട് അങ്ങോട്ട് എല്ലാ ദിവസവും ഞാൻ തനിയെ നിൽക്കുന്നത് കണ്ടാൽ അവൻ എൻറെ അരികിൽ വന്ന് സംസാരിക്കാൻ തുടങ്ങും…
ആ സംസാരം അവസാനിക്കണമെങ്കിൽ ഒന്നില്ലങ്കിൽ ക്ലാസ്സ് തുടങ്ങണം അല്ലെങ്കിൽ വിദ്യാർത്ഥി പ്രസ്ഥാനം ശക്തിപ്പെടുത്താൻ അരുൺ വന്ന് ഇവനെ വിളിച്ചുകൊണ്ടു പോണം….
തീരെ സഹിക്കവയ്യാതെ ആയപ്പോൾ ഒരു ദിവസം എനിക്ക് ഈ ബന്ധത്തിന് താൽപ്പര്യം ഇല്ലാ എന്ന് രാഹുലിനോട് മുഖത്തടിച്ച പോലെ പറഞ്ഞു…
അതിന് മറുപടി അന്ന് തന്നെ എനിക്ക് ലഭിച്ചു…
ഉച്ചക്ക് ഊണ് കഴിഞ്ഞ് ക്ലാസ്സിൽ തനിച്ചിരിക്കുന്ന എൻറെ അടുത്ത് അരുൺ വന്ന് പറഞ്ഞു… നീ എന്താ രാഹുലിനോട് അങ്ങനെ പറഞ്ഞത്…
നീ കാരണം ആണ് അങ്ങനെ പറഞ്ഞത് എൻറെ നീണ്ട മുടിക്കാരാ !!! എന്ന് പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു… പക്ഷേ അരുൺ ഒരു ഒറ്റഭുതിക്കാരൻ ആണ് എന്ന് അതിനിടയിൽ ശ്രുതി വഴി ഞാൻ അറിഞ്ഞു… മുന്നും പിന്നും നോക്കാതെ എന്തെങ്കിലും ചെയ്താലോ എന്നുപേടിച്ചു മറുപടി ഒന്നും പറയാതെ ഞാൻ മുഖം തിരിച്ചു ഇരുന്നു…
എന്താ നിൻറെ പ്രശ്നം എന്ന് അവൻ വീണ്ടും കുറച്ച് ദേഷ്യത്തോടെ എന്നോട് ചോതിച്ചു…
എനിക്ക് ഒരു പ്രശ്നവും ഇല്ലാ…
അവനെ ഞാൻ അങ്ങനെ ഒന്നും കണ്ടിട്ടില്ല… ഇനിയും സംസാരം തുടർന്നാൽ അതിര് കടക്കുമോ എന്ന ഭയം കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്…
എന്ത് അതിര് കടന്നാലും വേണ്ടില്ല അവന് നിന്നെ ഇഷ്ട്ടം ആണെങ്കിൽ നീ അവന് ഉള്ളതാണ്… അവനെ ഇനി ഞാൻ എൻറെ മുൻപിൽ വിഷമിച്ചു കണ്ടാൽ സുന്ദരി ആണെന്നുള്ള നിൻറെ ഈ വിചാരം ഉണ്ടല്ലോ അത് ഞാൻ അങ്ങ് മാറ്റി തരും… ഇന്ന് വൈകുന്നേരം വരെ ഞാൻ നിനക്ക് സമയം തരും അതിന് മുൻപ് നീ അവനോട് പഴയ പോലെ സംസാരിക്കണം… പറഞ്ഞത് കേട്ടല്ലോ… എന്ന ഒരു ഭീഷണിയും മുഴക്കി അരുൺ അവിടെനിന്നും നടന്ന് നീങ്ങി…
എൻറെ പട്ടി പേടിക്കും ഈ ഭീഷണിക്കു മുൻപിൽ എന്ന് മനസ്സാൽ ഉറപ്പിച്ചു ഇരിക്കുമ്പോൾ ആണ് ശ്രുതിയുടെ വക ഒരു ഉപദേശം… അരുൺ ഒരു പ്രാന്തൻ ആണ് രാഹുലിന് വേണ്ടി എന്തും ചെയ്യും… രാഹുലിനെ തല്ലിയ SFK യുടെ നേതാവിന്റെ തല തല്ലി പൊട്ടിച്ച കഥ കൂടി കേട്ടപ്പോൾ… എന്നിൽ ഇത്തിരി പേടി വന്നോ എന്ന് ഞാൻ സംശയിച്ചു…
എന്തായാലും ഇനി അവനോട് സംസാരിക്കില്ല എന്ന് ഉറപ്പിച്ചുകൊണ്ട് വൈകുന്നേരം കോളേജിൽ നിന്നും മടങ്ങുമ്പോൾ ആണ് അരുൺ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നത് ഞാൻ കണ്ടത്… കുറച്ച് നേരം അവൻ അറിയാതെ ഞാൻ അവനെ തന്നെ നോക്കി നിൽക്കുമ്പോൾ ആണ് പിന്നിൽ നിന്നും ഹലോ എന്ന വിളിക്കേട്ടത്…
ആ വിളി കേട്ടപ്പോൾ തന്നെ എനിക്ക് ആളെ മനസിലായി പാൽക്കുപ്പി അല്ലാതെ ആര്… !?
ഫുട്ബോൾ ഇഷ്ട്ടം ആണോ? എന്ന് അവൻ എന്നോട് ചോതിച്ചപ്പോൾ…
ഏയ്യ് വെറുതെ കണ്ട് നിന്നതാണ് എന്ന് ഞാൻ മറുപടി പറഞ്ഞു…
ഹാവൂ സമാധാനം ആയി എന്നോട് ഉള്ള പിണക്കം മാറിയല്ലോ.. !!
ഇവനോട് ഞാൻ മിണ്ടില്ല എന്ന് കരുതിയതാ… ചോദ്യം കേട്ടപ്പോൾ അറിയാതെ ഞാൻ മറുപടി പറഞ്ഞും പോയി… ഈശ്വരാ പെട്ടോ !
ഇതിനാണോ ഇനി മിണ്ടില്ല എന്നൊക്കെ പറഞ്ഞെ എന്ന് ഞങ്ങളുടെ സംസാരത്തിനു ഇടയിൽ അരുൺ വന്ന് പറഞ്ഞപ്പോൾ ആണ് അവൻ ഞങ്ങളെ കണ്ടു എന്ന് എനിക്ക് മനസ്സിലായത്…