മാലിനി
Malini Author : Ismail Oduparayil
ഇന്നലെ കോളേജിലെ അവസാനത്തെ ദിവസവും പൊഴിഞ്ഞു പോയി… ഇന്നലെയും എനിക്ക് എൻറെ പ്രണയത്തെ തുറന്ന് കാണിക്കാൻ സാധിച്ചില്ല…
സാധിച്ചില്ല എന്നല്ല തുറന്ന് കാണിക്കാൻ അവൻ എന്നിക്ക് ഒരു അവസരം തന്നില്ല എന്ന് പറയുന്നത് ആകും നല്ലത്…
കോളേജ് വരാന്തയിൽ നിന്ന് തോരാത്ത മഴയെ കൺകുളിർക്കെ നോക്കിനിൽക്കെ എന്നിലേക്ക് പ്രണയാർദ്രമായ ആ പഴയ നിമിഷങ്ങൾ ഒന്നുകൂടെ മടങ്ങി വന്നു….
അവനെ കുറിച്ച് പറയാൻ തുടങ്ങിയാൽ ഞാൻ ഈ കലാലയത്തിൽ കാല് കുത്തിയ നിമിഷം മുതൽ പറയേണ്ടി വരും…
കോളേജ് കവാടത്തിൽ നിന്നും ക്ലാസ്സ്‌റൂം കണ്ടുപിടിക്കാൻ ഉള്ള വിഷമം മനസ്സിൽ ഒളിപ്പിച്ചു നടന്നു വരുമ്പോൾ ആയിരുന്നു ഡീ!!! അവിടെ ഒന്ന് നിന്നെ എന്ന അധികാരത്തോടെ ഉള്ള വിളികേട്ടത്, അന്നാണ് ഞാൻ ആദ്യമായി അവനെ കാണുന്നത്…
കണ്ട മാത്രയിലെ അന്തരീക്ഷം എനിക്ക് വേണ്ടി എവിടെ നിന്നോ ഒരു കുളിർ കാറ്റ് സമ്മാനിച്ചു…
ഒരു പൊതുപ്രവർത്തകൻ എന്ന് തോന്നിക്കും വിധം വെള്ള വസ്ത്രം ധരിച്ച ഒരു നീണ്ട മുടിക്കാരൻ, ആ നീണ്ട മുടി അവന്റെ കൺ പുരികങ്ങളെ മറച്ചു പിടിച്ചിരുന്നു… അച്ചടക്കം ഇല്ലാതെ മുഖത്ത് വളരുന്ന താടിയും മീശയും…കടുക്കൻ ഇട്ട ഇടത്തെ കാതും, എല്ലാം ഒറ്റനോട്ടത്തിൽ എൻറെ ശ്രദ്ധ പിടിച്ചു പറ്റി… ഇമ വെട്ടാതെ അവനെ തന്നെ നോക്കി നിൽക്കുമ്പോൾ ആണ് ഒട്ടും പ്രതീക്ഷിക്കാത്ത അടുത്ത ചോദ്യം എൻറെ നേരെ വന്നത്…
നിൻറെ പേര് എന്താടി…?
എല്ലാവരോടും വായാടി ആയിരുന്ന ഞാൻ ഇവന്റെ ചോദ്യത്തിന് മുൻപിൽ മാത്രം ഒന്ന് പതറി…
മ..മ…മാലിനി… എന്ന് ആ പതർച്ചയിൽ ഊളിയിട്ട് പറയുമ്പോൾ ആണ് അവൻ എനിക്ക് അടുത്ത ആളെ പരിജയപെടുത്തിതരുന്നത്…
ഇവൻ എൻറെ കൂട്ടുകാരൻ ഇവന് നിന്നെ പരിചയപ്പെടണംഎന്ന് പറഞ്ഞു… ഇവന് ഒരു ചെറിയ മടി നിന്നോട് സംസാരിക്കാൻ…അതുകൊണ്ടാ ഞാൻ നിന്നോട് നിൽക്കാൻ പറഞ്ഞെ…
അയ്യേ… ഇത് ഏതാ സാധനം ഞാൻ എൻറെ കണ്ണ് അവൻ പരിജയ പെടുത്തിയ കൂട്ടുകാരനിലേക്ക് ഒന്ന് ഓടിച്ചു… കണ്ടാലേ അറിയാം ഒരു പാൽകുപ്പി…
ഹായ് ഞാൻ രാഹുൽ, കുട്ടി ഏത് ഡിപ്പാർട്മെന്റ് ആണ്?
ഇത്രെയും റൊമാന്റിക് ആയി എന്നോട് ഇതുവരെ ആരും ഒരു ചോദ്യം ചോദിച്ചിട്ടില്ല അതുകൊണ്ട് തന്നെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അതിന് മറുപടി നൽകി… കോമേഴ്‌സ്…
എന്നാ നീ ക്ലാസിലേക്കു നടന്നോ എന്ന് അവര് പറഞ്ഞത് കൊണ്ട് അവിടെ നിന്നും ഞാൻ മുൻപോട്ടു നടന്നുനീങ്ങി… ഞാൻ എന്ന് പറഞ്ഞാൽ എൻറെ ശരീരം മാത്രം, എൻറെ ഹൃദയം ആ നീണ്ട മുടിക്കാരനിൽ ഉടക്കി നിന്നു…
കുറച്ച് മുൻപോട്ടു നടന്ന് തിരിഞ്ഞുനിന്ന് അവനെ ഒന്ന് കൂടെ കാണാൻ ഞാൻ ശ്രമിച്ചു…