മാന്ത്രികലോകം 5 [Cyril]

ആദ്യം അവര്‍ക്ക് ആരെയും കാണാൻ കഴിഞ്ഞില്ല… പക്ഷേ ആ ശബ്ദം ആരുടേതാണെന്ന് അവർക്ക് മനസ്സിലായിരുന്നു.

പെട്ടന്ന് പുഞ്ചിരിക്കുന്ന ശില്‍പ്പിയുടെ മുഖം മാത്രം അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെട്ടു… ശേഷം കുറേശ്ശെയായി മറ്റുള്ള ഭാഗങ്ങളും തെളിയാൻ തുടങ്ങി.

“ഫ്രെൻ ദ്രാവക അഗ്നി പുഴയില്‍ ചാടി രക്ഷപ്പെടും മുന്നേ നിങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു….” റാലേൻ ചെറു പുഞ്ചിരിയോടെ തലയാട്ടി കൊണ്ട് പറഞ്ഞു.

“നിന്റെ നിഗമനം തെറ്റി, റാലേൻ. എപ്പോഴത്തേയും പോലെ, ആരോ അഗ്നി പുഴയില്‍ ചാടി ചലനം സൃഷ്ടിച്ചത് എന്റെ മനസില്‍ അനുഭവപ്പെട്ടതു കൊണ്ട്, എനിക്കറിയാവുന്ന ഏതു യക്ഷ വിഡ്ഡിയാണ് ദ്രാവക പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതെന്ന് അറിയാനാണ് ഞാൻ വന്നത്.

പക്ഷേ ഞാൻ വന്നപ്പോഴേക്കും നിന്റെ നാല്‍പതിലേറെ പ്രജകള്‍ ചാരമായി കഴിഞ്ഞിരുന്നു. നേരത്തെക്കൂട്ടി എനിക്ക് വരാൻ കഴിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ ചിലരെയെങ്കിലും ദ്രാവക അഗ്നി ചാരമാക്കുന്നതിൽ നിന്നും എനിക്ക് രക്ഷിക്കാൻ കഴിയുമായിരുന്നു…”

റാലേനും ലാവേഷും ദുഃഖത്തോടെ കുറച്ച് നേരം മിണ്ടാതെ നിന്നു.

റാലേൻ ശ്വാസമൊന്ന് ആഞ്ഞ് എടുത്തു, എന്നിട്ട് ശില്‍പ്പിയുടെ മുഖത്ത് കണ്ണും നട്ട് ആലോചിച്ചു കൊണ്ട് വെറുതെ നിന്നു..

“ഞങ്ങൾ ഇതുവരെ അറിയാത്ത എന്ത് കാര്യമാണ് നിങ്ങള്‍ക്ക് പറയാനുള്ളത്…?” ലാവേഷ് ചോദിച്ചു.

“എന്റെയും മലാഹിയുടെയും ഘാതകവാളിനെ കുറിച്ച് നിങ്ങള്‍ക്ക്‌ ശെരിക്കും എന്ത് അറിവാണ് ഉള്ളതു…?” ശില്‍പ്പി മറുചോദ്യം ചോദിച്ചു.

റാലേൻ ശില്‍പ്പിയെ കൂറ്പ്പിച്ച് നോക്കി.

“നിങ്ങൾ സ്വയം ഒരു നിഗമനത്തില്‍ എത്തിപ്പെട്ടുകയും, അതിനുശേഷം നിങ്ങൾ സൃഷ്ടിച്ച കഥയെ കുറിച്ചല്ല ഇപ്പോൾ ഞാൻ ചോദിച്ചത്, റാലേൻ…”

റാലേനും ലാവേഷും ശില്‍പ്പിയെ തുറിച്ച് നോക്കി. ശില്‍പ്പി ദീര്‍ഘമായി നിശ്വസിച്ചു കൊണ്ട്‌ പറഞ്ഞു—,

“ഒരുപാട് കാര്യങ്ങൾ ഞാൻ പണ്ടേ നിങ്ങളോട് പറയേണ്ടതായിരുന്നു — കൈറോൺ ന്റെ പുത്രനായ നിനക്ക്, നിന്റെ മാന്ത്രിക ബോധം നിരവധി രഹസ്യങ്ങളെ വെളിപ്പെടുത്തി തന്നിട്ടുണ്ടാവും എന്നാണ് ഞാൻ കരുതിയത്. പക്ഷേ അങ്ങനെ ഒന്നും സംഭവിച്ചില്ല എന്ന് പിന്നീട് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു….”

റാലേൻ വിനോദത്തോടെ പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു —,

“എന്റെ മാന്ത്രിക ബോധം എനിക്ക് സ്വൈര്യം തരാതെ എപ്പോഴും ചിലച്ചു കൊണ്ടിരുന്ന കാരണത്താൽ, എന്റെ മാന്ത്രിക ശക്തി ഉപയോഗിച്ച് അതിനെ ഞാൻ പണ്ടേ നിശബ്ദമാക്കിയിരുന്നു…. ഇപ്പോൾ ഞാൻ ദുഃഖിക്കുന്നു….”

ശില്‍പ്പിയും ലാവേഷും ചിരിച്ചു.

“ആദ്യമായി നിങ്ങൾ മനസ്സിലാക്കേണ്ടത് ഇതാണ് — ഘാതകവാളിനും ആത്മാവുണ്ട് – അത് ജീവനുള്ള വാള്‍ ആണ്. നിങ്ങൾ കരുതും പോലെ ഘാതകവാളിന് അതിന്റെ ഉടമസ്ഥനെ ഒരിക്കലും നിരസിക്കാൻ കഴിയില്ല…. ഘാതകവാളിന്റെ ഉടമസ്ഥന് മാത്രമേ വാളിനെ നിരസിക്കാൻ കഴിയുകയുള്ളു.