പ്രവാസിയുടെ വേലി 2 [ഡ്രാക്കുള] 51

“ഞാനും ഷാർജയിലേക്കാ…ആദ്യമായിട്ട് പോകുന്നതാ.. ബുദ്ധിമുട്ടില്ലെങ്കിൽ എനിക്ക് ഇവിടുത്തെ കാര്യങ്ങളൊക്കെ പറഞ്ഞ് തരണെ ..”
“കാര്യങ്ങളൊന്നുമില്ല .ഇത് ഇപ്പം ബോഡിങ്ങ് പാസായില്ലെ .ഇനി ഫ്ലൈറ്റിൻ്റെ സമയം ആവുമ്പോൾ ഫ്ലൈറ്റിൽ കയറണം ..അത്ര തന്നെ..”

ബഷീർ നിസാരമട്ടിൽ പറഞ്ഞെങ്കിലും സുധീഷിൻ്റെ ആവലാതി കണ്ട് ബഷീർ പറഞ്ഞു .
“ഞാൻ നോക്കിക്കോളാം പോരേ …”
സുധീഷിന് സന്തോഷമായി .
“ചേട്ടൻ്റെ പേര് എന്താ ..?”
“ഓ …എൻ്റെ ബഷീർ .നിങ്ങളുടെ പേര് സുധീഷ് അല്ലെ …”
“അതെ ..എങ്ങനെ മനസിലായി …?”
“ആ ട്രോളിയിൽ വലിയ അക്ഷരത്തിൽ നല്ല തെളിവോടെ എഴുതീട്ടുണ്ടല്ലൊ ..അത് കണ്ടതാ …”ബഷീർ ച്ചിരിച്ച് കൊണ്ട് പറഞ്ഞു .
“ഇക്ക കുറേ വർഷമയോ ..?.
“ആ …പത്ത് ഇരുപത് വർഷമായ് …ആ ..അത് പോട്ടെ നീ ഷാർജയിൽ എവിടെക്കാ …?”

” ഷാർജയിൽ ഉമർ കൊയിൻ എന്ന് പറഞ്ഞ സ്ഥലമാണെന്ന പറഞ്ഞെ .”സുധീഷ് തപ്പി തടഞ്ഞ് പറഞ്ഞു .
“ഉമർ കൊയിൻ അല്ല ഉമ്മുൽ കൊയിൻ ;അത് ഷാർജയിൽ അല്ല .അജ്മാനും കടന്ന് പോണം .അത് വേറെ തന്നെ എമിറേറ്റ്സാണ് … ആട്ടെ.. ആരാ പിക് ചെയ്യാൻ വരുന്നത് …?”
“എനിക്ക് വിസ തന്ന കൂട്ടുകാരനുണ്ട് അനസ്; അവൻ വരും . അവൻ അവിടെ ലുലുവിനാണ് ജോലി “.
നല്ലൊരു സുഹൃത്തിനോടെന്ന പോലെ സുധീഷ് ബഷീറിൻ്റെ മുന്നിൽ തുറന്നിട്ട പുസ്തകം പോലെ ഓരോന്നും പറഞ്ഞു കൊണ്ടെ ഇരുന്നു .