പ്രണയത്തിന്റെ നിറക്കൂട്ടുകൾ ? [കിറുക്കി ?] 120

പ്രണയത്തിന്റെ നിറക്കൂട്ടുകൾ ?

Author : കിറുക്കി ?

രാവിലെ ദേഹത്തെന്തോ ഭാരം അനുഭവപ്പെട്ടപ്പോൾ ആണ് കണ്ണ് വലിച്ചു തുറന്നത്….. മുന്നിലെ ബാൽക്കണിയുടെ അടച്ചിട്ട ഗ്ലാസ്‌ ഡോറിന്റെ ഉള്ളിലൂടെ കർട്ടൻ തുളച്ചു പ്രകാശം അരിച്ചിറങ്ങുന്നുണ്ട് ഒപ്പം വലതുവശത്തെ ജനലിൽ കൂടിയും നല്ല പോലെ വെളിച്ചം വരുന്നുണ്ട്….. കട്ടിലിന്റെ അടുത്തുള്ള ചെറിയ സ്റ്റാന്ഡിലെ കുഞ്ഞു അലാറം ക്ലോക്കിൽ നോക്കിയപ്പോൾ സമയം രാവിലെ 10 :35…

അങ്ങനെ തന്നെ കിടന്നുകൊണ്ട് ചെരിഞ്ഞു നോക്കിയപ്പോൾ കെട്ടിയോൻ ദേഹത്തേക്ക് കാലും കയ്യും ഇട്ട് വിസ്തരിച്ചു കിടക്കുവാണ്….. രാത്രിയിൽ കിടന്നുകൊണ്ട് ഗോസിപ്പുകൾ പറയുമ്പോൾ അവന്റെ വളർന്നു മുന്നോട്ട് കിടക്കുന്ന മുടിയിൽ പിടിച്ചു കളിച്ചാലേ എനിക്കാ പറയാനുള്ള എനർജി കിട്ടു …. അതുകൊണ്ട് തന്നെ മുടിയൊക്കെ മുന്നോട്ട് കിടന്ന് കൊച്ചിന്റെ മുഖം കാണാൻ വയ്യ…. പയ്യെ ആ മുടിയൊക്കെ വകഞ്ഞു മാറ്റി ആ മുഖത്തേക്ക് നോക്കി കിടന്നു….

ഉണർന്നു കഴിഞ്ഞാൽ കീരിയും പാമ്പും അതാണ് ഞാനും എന്റെ കെട്ടിയോനും….എന്നും എന്തെങ്കിലും പറഞ്ഞു അടിയുണ്ടാക്കും….. എന്നെ കാണുമ്പോൾ അവന്റെ നാവിനു വല്ലാത്ത ചൊറിച്ചിൽ ആണ്… അത് കേൾക്കുമ്പോൾ എന്റെ കയ്യും ചൊറിഞ്ഞു വരും പിന്നെ പിച്ചായി മാന്തായി തലക്കടിയായി അവസാനം രാത്രി ആകുമ്പോൾ യുദ്ദം അവസാനിപ്പിച്ചു സമാദാന സന്ധിയിൽ ഒപ്പ് വെക്കും…. പിന്നെയാണ് ഗോസിപ്പ് പറച്ചിലും അവന്റെ ചെറിയ ചെറിയ കുറുമ്പുകളും ഒക്കെയായി ഞങ്ങളുടെ ലോകം

കുറച്ചു നേരം അവന്റെ മുഖത്തേക്ക് നോക്കി കിടന്നിട്ട് പയ്യെ ആ മുഖം നെഞ്ചോട് ചേർത്തു കിടന്നു…. പതിവായുള്ളത് കൊണ്ടാകാം അവനും ഇറുക്കെ പിടിച്ചു കിടന്നു…. ഇങ്ങനെ കിടക്കുമ്പോൾ അവൻ എന്റെ കുഞ്ഞാണെന്ന് തോന്നും…..പലപ്പോഴും ഭാര്യയിൽ നിന്നും ഒരു അമ്മയെ പോലെ ചേർത്ത് പിടിക്കുമ്പോൾ കിട്ടുന്ന നിർവൃതി അത് പറഞ്ഞറിയിക്കാൻ കഴിയില്ല…..കുറച്ചു നേരം അങ്ങനെ കിടന്നിട് നെറ്റിയിൽ ഒരു കുഞ്ഞുമ്മയും കൊടുത്തു എണിറ്റു മാറാൻ നോക്കി…… ചുറ്റി പിടിച്ചു കിടക്കുന്ന ആൾ വിട്ടിട്ട് പോകാൻ സമ്മതിക്കില്ല എന്ന പോലെ ഒന്നുടെ ഇറുക്കെ പിടിച്ചു…. പതിയെ പതിയെ എങ്ങനെയോ അകറ്റി മാറ്റിയപ്പോൾ ഒന്ന് ചിണുങ്ങി തിരിഞ്ഞ് കിടന്നു…..

രാത്രി കിടക്കുമ്പോൾ ഒന്നിച്ചാണ് കിടക്കുന്നതെങ്കിലും പിന്നീട് സമയം മുന്നോട്ട് പോകുന്നതിന് അനുസരിച്ചു ഞങ്ങൾ രണ്ട് ധ്രുവങ്ങളിൽ ആയിരിക്കും….. ചിലപ്പോൾ ചവിട്ടി താഴെ ഇടുക വരെ ചെയ്യും…. രാവിലെ രണ്ടാളുടെയും കാലും കയ്യും രണ്ട് പേരുടെയും ദേഹത്തു മായിരിക്കും….

ഇന്ന് ഞായറാഴ്ച ആയതുകൊണ്ടാണ് ഇത്രയും താമസിച്ചത്…. അവധി ഉള്ള ദിവസം ഇങ്ങനെ തോന്നുമ്പോൾ ആണ് എണീക്കുന്നത്…കെട്ടിയോൻ ആയുഷ് എന്ന അപ്പു ഒരു ഗവണ്മെന്റ് ജോലിക്കാരനും ഞാൻ ആരാധ്യ എന്ന ആരു അടുത്തൊരു ഹോസ്പിറ്റലിൽ ഡോക്ടറുമാണ്….. സ്വന്തം നാട് ഇതല്ല ജോലി ആവശ്യത്തിനാണ് ഇവിടെ കൊച്ചിയിലേക്ക് വന്നത്…. ഇവിടൊരു ഫ്ലാറ്റിലാണ് ഇപ്പോൾ….

ഡോർ തുറന്ന് പാലും പത്രവും എടുത്ത് അകത്തേക്ക് നടന്നു… ചായ ഇടുന്ന നേരം പത്രവും ഒന്ന് ഓടിച്ചിട്ട്‌ നോക്കി…. പിന്നെ കെട്ടിയോനെ കുത്തിപൊക്കാൻ പോയി… അതാണ്‌ ഏറ്റവും വലിയ പണി…. ഇന്ന് ക്ലീനിങ്ങും മറ്റും ഉണ്ട്…. ഞങ്ങൾ ഒന്നിച്ചാണ് എല്ലാം ചെയ്യുന്നത്….. ഉച്ചക്ക് swiggy വഴി ഫുഡ്‌ വരുത്തും വൈകിട്ട് കറങ്ങാൻ പോയിട്ട് എന്തെങ്കിലും കഴിക്കും….. ഫുഡും യാത്രയും എന്നും ഞങ്ങൾക്കൊരു വീക്നെസ് ആയിരുന്നു…. ഈ ജോലി പ്രഷറിനിടയിലും ഞങ്ങൾ സമയം പോലെ യാത്രകൾ പോകും…. ഓരോ യാത്രയും ഓരോ പാഠം ആണ് ……

അങ്ങനെ ചെറിയ രീതിയിൽ ബ്രേക്ഫാസ്റ് കഴിഞ്ഞു ഞാനും അവനും ക്ലീനിങ് തുടങ്ങി…. അവൻ തറ തുടക്കുന്ന പരിപാടിയും ഞാൻ കർട്ടനും ബെഡ്ഷീറ്റും എല്ലാം അലക്കുന്ന പരിപാടിയും….. എല്ലാം അലക്കാൻ മെഷീനിൽ ഇട്ടിട്ട് ഓരോ റൂമിലും വിരിയും കർട്ടനും പുതിയത് ഇടാനുള്ള ജോലിക്ക് ഇടയിൽ ആണ് അത് സംഭവിച്ചത്….

കഴിഞ്ഞ ആഴ്ച വീട്ടിൽ പോയിട്ട് വന്നപ്പോൾ അപ്പൂട്ടൻ ഒരു കുഞ്ഞു ബാഗ് കൊണ്ട് വന്നിരുന്നു…. അന്ന് തന്നെ അത് നോക്കാൻ ഞാൻ പ്ലാൻ ഇട്ടെങ്കിലും മറന്ന് പോയി…. അവനത് കാണിച്ചതും ഇല്ല…. ഇന്നിപ്പോൾ ഷെൽഫിന്റെ ഏറ്റവും മുകളിലെ റാക്കിൽ കസേരയും എടുത്തിട്ട് അതിൽ കയറി നിന്ന് കർട്ടൻ നോക്കുമ്പോൾ ആണ് ഈ ബാഗ് കണ്ണിൽ പെട്ടത്…. അവിടെ നിന്ന് കൊണ്ട് തന്നെ ബാഗ് തുറന്ന് നോക്കി…..

ബാഗിൽ അവന്റെ ചില സാധങ്ങൾ ആണ്…. കുറച്ചു ഗ്രീറ്റിംഗ് കാർഡ്സ് ഗിഫ്ട്സ്…. സ്കൂളിലും കോളേജിലും പഠിച്ചപ്പോൾ ഉള്ള ചില ഓർമ്മകൾ…. എന്റെ കെട്ടിയോന് നോക്ലചിയയുടെ അസുഗം ഉണ്ട് …. ചിലത് കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണും നിറഞ്ഞു.. പെട്ടെന്നാണ് അതിൽ ഒരു ചെറിയ ഗ്ലാസിന്റെ കൂട് പോലെ ഒന്ന് കണ്ടത്…..അതിനുള്ളിൽ ഒരു പെണ്ണും ചെറുക്കനും….. പെട്ടെന്നൊരു ആകാംഷയിൽ ഞാനത് എടുത്ത് നോക്കി…. താഴെ ഒരു ചെറിയ സ്വിച് ഉണ്ട് അത് ഓൺ ചെയ്യാൻ….ഞാനത് ഓൺ ചെയ്യാൻ നോക്കിയപ്പോൾ പറ്റുന്നില്ല….. കയിൽ വെച്ചു ചെറുതായി ഒന്ന് തട്ടി നോക്കിയതാണ്…. കഷ്ടകാലത്തിനു ആ പുല്ല് താഴെ വീണു…. വീണതും അത് രണ്ടായി പിളർന്നതുമെല്ലാം എല്ലാം നിമിഷങ്ങൾക്കുള്ളിൽ ആയിരുന്നു…. ?‍♀️

ഹും ?തീരെ ക്വാളിറ്റി ഇല്ലാത്ത സാധനം അതല്ലേ ഒന്ന് വീണപ്പോളേക്കും ഇങ്ങനെ പൊട്ടിയത്…. അതും നോക്കി അങ്ങനെ നിന്നപ്പോൾ ആണ് കെട്ടിയോൻ ഓടി അണച്ചു വരുന്നത് ….. ശബ്ദം കേട്ട് ഞാൻ ഉരുണ്ട് വീണത് ആണെന്ന് കരുതിക്കാണും ?ഇടക്ക് ഇടക്ക് ഞാൻ ഇങ്ങനെ വീഴാറുള്ളത് ആണേ……. ദേ നോക്കിക്കേ ഞാൻ വീണത് അല്ല എന്നുള്ള ഭാവത്തിൽ അവനെ നോക്കിയപ്പോൾ ഇപ്പൊ എന്നെ കിട്ടിയാൽ കറി വെച്ച് തിന്നും എന്നുള്ള ഭാവം ആണ് അവനു ……

ഞാൻ ഷെൽഫിൽ ഒന്നുടെ മുറുക്കെ പിടിച്ചു…. അവനെ പേടിച്ചിട്ട് ഒന്നുമല്ലെന്നേ ഒരു ചെറിയ ഭയം …. അത്രേ ഉള്ളു

“എന്തിനടി കോപ്പേ നീ ഇപ്പൊ ഇതെടുത്തു താഴെ ഇട്ട് പൊട്ടിച്ചത്….”

ഓ അലറക്കം തുടങ്ങി…. സാധരണ ശാന്ത സ്വഭാവം ആണ് അപ്പുട്ടന് ….. വലിയ ദേഷ്യം വരില്ല… അതിനൂടെ ഉണ്ട് ഞാൻ എപ്പോഴും ചിലപ്പും അടിയുണ്ടാക്കും പോരാത്തേന് കുഞ്ഞു കുഞ്ഞു കാര്യത്തിൽ അനാവശ്യ ദേഷ്യവും വാശിയും…. കൂടുതലും അവനോടും എന്റെ അമ്മയോടുമാണ് ഞാൻ ഇങ്ങനെ ദേഷ്യം കാണിക്കുന്നത് ….. അവർക്ക് മുന്നിൽ എനിക്ക് ഒരു വികാരവും കണ്ട്രോൾ ചെയ്യാൻ പറ്റില്ല…. ഞാൻ എന്താണെന്ന് പൂർണബോധ്യം ഇവർക്കാണ് ശെരിക്കും ഉള്ളത്

ഇങ്ങനെയൊക്കെ ആണേലും ദേഷ്യം പിടിച്ചാൽ അപ്പൂട്ടന് അതിന്റെ മാക്സിമം ആണ്… പിന്നെ തണുക്കാൻ വലിയ പാടാണ്… ഇപ്പൊ ദേഷ്യം വരാനും വേണ്ടി എന്താ ഈ പൊട്ടിയ സാധനത്തിൽ…. അങ്ങനങ്ങു വിട്ട് കൊടുക്കാൻ പറ്റില്ലല്ലോ

“നീ ഇങ്ങനെ ദേഷ്യപ്പെടാൻ വേണ്ടി എന്താ…. അറിയാതെ പൊട്ടിയതല്ലേ…. നിന്റെ ഭാവം കണ്ടാൽ ഞാൻ മനപ്പൂർവം പൊട്ടിച്ചത് ആണെന്ന് തോന്നുല്ലോ….”

“ആഹ് ആയിരിക്കും….എനിക്കത് വൈഷ്ണവി തന്നത് ആണെന്ന് അറിഞ്ഞു വെച്ചോണ്ട് മനഃപൂർവം നീയത് പൊട്ടിച്ചതല്ലെടി കുരുട്ടെ…..”

ചെറിയ ചിരിയോടെ അവനത് പറഞ്ഞപ്പോളും ആ ചിരിയേക്കാൾ ആ പേരാണ് എന്നെ ദേഷ്യത്തിന്റെ കൊടുമുടിയിൽ എത്തിച്ചത്…. വൈഷ്ണവി…. ഇവന്റെ കോളേജിലെ പ്രേമം….. ദിവ്യ പ്രേമം ആയിരുന്നു…. പക്ഷെ പ്രേമം എന്റെ കെട്ടിയോന് മാത്രം ആയിരുന്നു… ലവൾ നല്ല ഒന്നാന്തരം തേപിസ്റ് ആയത്കൊണ്ട് ഇവനെ പ്രേമിക്കുന്ന സമയത്ത് വേറെ അഞ്ചു പേരോടും പ്രേമം ഉണ്ടായിരുന്നു….. സ്നേഹം അവൾ യാതൊരു പിശുക്കും ഇല്ലാതെ എല്ലാവർക്കും പകർന്നു കൊടുത്തു….. വളരെ വൈകിയാണ് അപ്പൂട്ടൻ അതറിയുന്നേ….. പ്യാവം അന്ന് കുറച്ചു സെഡ് ആയേൽ എന്താ ഇന്ന് എന്നെ കിട്ടിയില്ലേ…..

ലവൾ വൈഷ്ണവി വാങ്ങി കൊടുത്ത ഗിഫ്റ്റ് പൊട്ടിയാണ്ടാണ് ലവന്റെ ദേഷ്യം എന്ന് ആലോചിച്ചപ്പോൾ എനിക്ക് അങ്ങോട്ട് പെരുത്തു കേറി…. കസേരയിൽ നിന്ന് ഞാൻ ചാടി താഴെ ഇറങ്ങി… എന്റെ ഭാവം കണ്ടായിരിക്കും പാവം അപ്പൂട്ടൻ ഒന്ന് പിറകിലേക്ക് മാറി

“ഓഹോ അപ്പൊ നിങ്ങൾക്കിപ്പോളും അവളാണല്ലേ മനുഷ്യ വലുത്…. അല്ലേലും എന്റെ സ്നേഹത്തിനു പുല്ല് വില പോലും ഇല്ലല്ലോ….. ഇപ്പോഴും കണ്ടില്ലേ അവൾ തന്ന ഗിഫ്റ്റ് പൊട്ടിയപ്പോ ഹൃദയം പൊട്ടിയപോലെ എന്നോട് ദേഷ്യപ്പെട്ടത്…”

ഞാനൊരുമാതിരി എക്സ്പ്രഷൻ ഇട്ട് പറഞ്ഞപ്പോൾ ലവൻ തലക്ക് കൈ കൊടുത്തു നിന്നു

“ആടി കോപ്പേ.. എനിക്ക് അവൾ തന്നെയാ വലുത്…. ഹോ അവളെക്കുറിച്ച ആലോചിക്കുമ്പോൾ ഇപ്പോഴും ഒരു പിടപ്പാ നെഞ്ചിൽ…. മാലാഖ ആയിരുന്നീടി അവൾ…. ഹാ പറഞ്ഞിട്ട് എന്താ കാര്യം ഈ കുട്ടിപിശാശിനെ ചുമക്കാൻ ആയിരിക്കും എന്റെ വിധി…”

അവൻ പറഞ്ഞു തീർന്നപ്പോളേക്കും എനിക്ക് വീണ്ടും ദേഷ്യം കൂടി…. അവൾ മാലാഖയും ഞാൻ കുട്ടിപ്പിശാശും …. അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ താഴെ വീണു കിടന്ന ആ ഗിഫ്റ്റ് കയ്യിൽ എടുത്തു…. ഒന്നുടെ അത് എറിഞ്ഞു പൊട്ടിക്കാൻ ആയിരുന്നു എന്റെ പ്ലാൻ…. പക്ഷെ കഷ്ടകാലത്തിനു അതിന്റെ പൊട്ടിയ ഭാഗം കൊണ്ട് എന്റെ ഇടത്തെ കൈപത്തി നീളത്തിൽ മുറിഞ്ഞു…. പെട്ടെന്ന് ഞാനത് കയ്യിന്നു താഴെ ഇട്ടു അപ്പോളാണ് അവനും എന്റെ കൈ മുറിഞ്ഞത് കണ്ടത്….. അവൻ ഓടി എന്റെ അടുത്ത് വന്നപ്പോഴേക്കും ഞാൻ അവനെ തള്ളി മാറ്റി…. ദേഷ്യവും സങ്കടവും അതിന്റെ മാക്സിമത്തിൽ ആയിരുന്നു എനിക്ക്…..

അവൻ ദേഷ്യത്തോടെ എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി…. അവനെ വീണ്ടും തള്ളി മാറ്റാൻ നോക്കിയപ്പോൾ ഒരു കൈ കൊണ്ട് എന്റെ കൈ പിടിച്ചു വെച്ചു മറു കൈ ദേഷ്യത്തോടെ എന്റെ നേരെ ചൂണ്ടി

“ഇവിടുന്ന് അനങ്ങിയാ…. ബാക്കി അപ്പൊ…..”

എന്നെ ഭീഷണി പെടുത്തി അവൻ റൂമിന്ന് പോയി…. കൈ നല്ലോം വേദനിക്കുന്നുണ്ട്…. എനിക്കിത് എന്തിന്റെ കേടാരുന്നു….

പെട്ടെന്ന് തന്നെ പോയ ആൾ മടങ്ങി വന്നു… കയ്യിലൊരു ഫസ്റ്റ് എയ്ഡ് ബോക്സ്‌ ഉണ്ട്…. അവൻ തന്നെ മുറിവ് വൃത്തിയാക്കി കെട്ടി തന്നു…. ആ സമയമെല്ലാം ഞാൻ ഒരക്ഷരം മിണ്ടാതെ അവനെയും നോക്കി ഇരുന്നു …. ദേഷ്യം കൊണ്ടായിരിക്കും അവന്റെ മുഖമൊക്കെ ചുവന്നു കേറിയിട്ടുണ്ട്…. കണ്ണും ചെറുതായി കലങ്ങിയിട്ടുണ്ട്… എനിക്കെന്തോ വല്ലായ്മ തോന്നി…. ഒന്നും മിണ്ടാതെ റൂമിന്റെ വാതിലും വലിച്ചടച്ചു അവൻ പോയി….

ഞാൻ കട്ടിലിൽ തന്നെ കിടന്നു…. കുറച്ചു നേരം കഴിഞ്ഞപ്പോൾ കവിളിൽ കൂടി കണ്ണീർ ഒഴുകി ഇറങ്ങുന്ന അറിഞ്ഞപ്പോൾ ആണ് ഞാൻ കരയുവാണെന്ന് മനസിലായെ…. കുറച്ചു കഴിഞ്ഞപ്പോൾ അവൻ വന്നു വാതിൽ തുറന്നു

“കഴിക്കാൻ വേണേൽ വാ….”

അത്രയും പറഞ്ഞു വീണ്ടും അവൻ പോയി…. നല്ലോണം വിശപ്പ് ഉണ്ടായൊണ്ട് ഞാനും പിറകെ പോയി. എത്ര പിണക്കം ആയാലും ആഹാരം കഴിക്കാതെ ഇരിക്കില്ല…. പണ്ടും അതെ ഇപ്പോഴും അതെ…..

ചിക്കൻ ബിരിയാണി ആണ്…. ഇടത്തെ കൈ ആയത് കാര്യമായി അല്ലേൽ സ്പൂൺ കൊണ്ട് ഇളക്കി ഇരിക്കേണ്ടി വന്നേനെ…. കൈ കൊണ്ട് കഴിക്കുന്ന ടേസ്റ്റ് സ്പൂൺ കൊണ്ട് കിട്ടില്ല എന്നുള്ളതാണ് എന്റെ ഒരിത്….

കഴിച്ചു കഴിയുന്നവരെ ഞങ്ങൾ രണ്ടും ഒരക്ഷരം സംസാരിച്ചില്ല… കെട്ടിയോൻ മുഖവും വീർപ്പിച്ചു ഇരുപ്പുണ്ട്…. പിണങ്ങിയാൽ അവൻ അങ്ങനെയാണ്…. അത് കാണുമ്പോ ആ കവിളങ് കടിച്ചെടുക്കാൻ തോന്നുമെങ്കിലും ഇപ്പൊ അങ്ങനെ ചെയ്ത ആരോഗ്യം മോശമാകും എന്ന ഒറ്റക്കാരണത്താൽ ഞാൻ ആഗ്രഹങ്ങൾ ഉള്ളിൽ പൂട്ടിക്കെട്ടി….

ആഹാരം കഴിച്ചു കഴിഞ്ഞു ഞാൻ റൂമിലേക്ക് വന്നു കിടന്നു… കുറച്ചു കഴിഞ്ഞപ്പോൾ അവനും വന്നു… എന്നെയൊന്നു നോക്കുക കൂടി ചെയ്യാതെ ടവലും എടുത്ത് അവൻ ബാത്‌റൂമിലേക്ക് കയറി… ഈ നട്ടുച്ചക്ക് ഇവൻ കുളിച്ചിട്ട് എവിടെ പോകുന്നെന്ന് ചിന്തിച് ഞാൻ കിടന്നു….. കുറച്ചധികം സമയം കഴിഞ്ഞാണ് വാതിൽ തുറന്നത് …. വളർന്നു തുടങ്ങിയ താടി ഡ്രിം ചെയ്തു കുളിച്ചിട്ട് തലയും തൂവർത്തിയാണ് വരുന്നത്…. ഇപ്പൊ വല്ലാത്തൊരു ഭംഗിയുണ്ട്…. അല്ലേലും പിണങ്ങി ഇരിക്കുമ്പോൾ ഭംഗി ഇത്തിരി കൂടുതൽ തോന്നിക്കും…. പോരാത്തേന് ആ ഷവർ ജെല്ലിന്റെ മണവും പെട്ടന്ന് തന്നെ ഞാൻ തിരിഞ്ഞു കിടന്നു

കുറച്ചുസമയം കഴിഞ്ഞ് അവന്റെ പെർഫ്യൂമിന്റെ മണം അറിഞ്ഞപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്… Versace eros…. അവന്റെ ഫേവറിറ്റ് ബ്രാൻഡ്…. പെർഫ്യൂം ഉപയോഗിക്കാത്ത അവനു അവന്റെ ഒരു പിറന്നാളിന് ഞാനാണ് ആ പെർഫ്യൂമും അതിന്റെ തന്നെ ഷവർ ജെല്ലും ഗിഫ്റ്റ് കൊടുത്തത്…. ഇപ്പോൾ അത് അവൻ സ്ഥിരമാക്കി

ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ഒരു കറുത്ത ടീഷർട്ടും ഇട്ട് മുടിയൊക്കെ സെറ്റ് ആക്കി എവിടെയോ പോകാൻ റെഡി ആവുകയാണ്…. കുറച്ചു നേരം അവനെ തന്നെ നോക്കി കിടന്നു… വാച്ചും കെട്ടി വാലറ്റും എടുത്ത് ഒരക്ഷരം മിണ്ടാതെ ഇറങ്ങി അങ്ങ് പോയി…..ഞാൻ അവന്റെ പിറകെയും

“അപ്പൂട്ടാ സോറി…. ദേഷ്യം വന്നൊണ്ട…. നീ അവളെക്കുറിച്ച് അങ്ങനെ പറഞോണ്ടല്ലേ….”

ബാക്കി പറയാൻ നിൽക്കാതെ അവൻ പോയി…. ഞാൻ വാതിൽ അകത്തുന്നു പൂട്ടി… അവന്റെ കയ്യിൽ സ്പെയർ കീ ഉണ്ട്….ഞാൻ വന്നു കിടന്നു…. വല്ലാതെ സങ്കടം വന്നു… ഇങ്ങനെ മിണ്ടാതിരിക്കാനും വേണ്ടി എന്താ…. ഞാൻ തലയിണയിൽ മുഖം അമർത്തി… കുറച്ചു കരഞ്ഞിട്ട് എപ്പോഴോ ഞാൻ ഉറങ്ങി പോയി…….

ഉറക്കത്തിൽ എന്തോ സോഫ്റ്റ്‌ ആയ ഒന്നിൽ കൈ തട്ടിയപ്പോൾ ആണ് ഞാൻ പതിയെ കണ്ണ് തുറന്നത്….. കണ്ണ് ഒന്നുടെ വലിച്ചു തുറന്ന് അടുത്ത് കിടക്കുന്നതിനെ ഞാനൊന്ന് നോക്കി…. കട്ടിലിനോളം വലിപ്പമുള്ള ഒരു വലിയ ടെഡി ബെയർ…. അത്രയും വലുത് ഞാൻ നേരിൽ കാണുന്ന പോലും ആദ്യമായ്യാണ്…. എനിക്ക് വല്ലാത്ത സന്തോഷം തോന്നി…എന്നോ ഞാൻ ഇതുപോലെ ഒന്നിനെ വേണോന്ന് അപ്പൂട്ടനോട് പറഞ്ഞിരുന്നു…. ഞാൻ എണീറ്റിരുന്നു അതിന്റെ ദേഹത്തേക്ക് കയറി ഇരുന്നു ഒന്ന് നോക്കി…. പിങ്ക് കളർ ആണ്… പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ നന്ദൂട്ടൻ ചെയറിൽ ഇരുന്ന് എന്നെ തന്നെ നോക്കുവാണ്…. ഞാൻ ഇറങ്ങി ചെന്ന് മടിയിൽ ഇരുന്ന് കഴുത്തിലൂടെ കയ്യിട്ട് ഇറുക്കിപ്പിടിച്ചു….കഴുത്തിലേക്ക് മുഖം ചേർത്ത് വെച്ച് ഇരുന്നു

“ഇഷ്ടായോ….”

മുഖം പൊക്കി അവനെ ഒന്ന് നോക്കി

“എവിടുന്നാ വാങ്ങിയേ….”

“അതോ…. ഞാനിങ്ങനെ വണ്ടിയിൽ പോകുമ്പോ ഒരു ടോയ് ഷോപ്പ് ഇങ്ങനെ കണ്ടു… അപ്പോഴാ
ഓർത്തെ ഇവിടൊരു കുഞ്ഞിപ്പെണ് പിണങ്ങി ഇരിക്കുവാണല്ലോ എന്ന്…. അപ്പൊ തന്നെ ഇറങ്ങി അവിടെ ചെന്നപ്പോ ഇത് കണ്ടു… പിന്നെ ഒന്നും നോക്കിയില്ല ഇതങ്ങു വാങ്ങി…. ഇതും വലിച്ചു ഇവിടെ വരെ വന്ന പാടെന്താണെന്ന് അറിയോ… ഇഷ്ടായോ എന്റെ കുഞ്ഞിപ്പെണ്ണിന്…. ”

അവൻ ചോദിച്ചപ്പോൾ ഞാനാ ചുണ്ടിൽ ഒരു കുഞ്ഞുമ്മ കൊടുത്തു…. പതിയെ ആ ചുംബനം അവന്റെ അധികാരത്തിൽ വരുകയും അതിന്റെ തീവ്രത കൂടുകയും ചെയ്തു…. വേദനിപ്പിക്കാതെ പതിയെ ആണ് അവൻ ആ ചുണ്ടുകളെ നുണയുന്നത്…. അത്ര ഇഷ്ടത്തോടെ…..ഇന്ന് വരെ വേദനിപ്പിച്ചിട്ടില്ല…. ചുംബനത്തിന്റെ തീവ്രതയിൽ ആണെങ്കിലും അറിയാതെ പോലും നോവിക്കില്ല…. അധരങ്ങളും ദന്തങ്ങളും കടന്ന് ചുംബനം നാവിലേക്ക് എത്തിയപ്പോഴേക്കും തളർന്നു പോകാൻ തുടങ്ങിയിരിക്കുന്നു…… പതിയെ അകന്ന് മാറി അവൻ ചുണ്ടുകൾ തുടച്ചു ഒപ്പം എന്റെയും…..

“ഞാൻ ചുമ്മാ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞേയല്ലേ… നീ അതെടുത്തു കൈ മുറിച്ചപ്പോഴല്ലേ എനിക്ക് ദേഷ്യം വന്നേ… സോറി പൊന്നാ…”

അവൻ പറഞ്ഞപ്പോൾ ഞാൻ ഒരു കള്ളചിരിയോടെ അവനെയും നോക്കി നെഞ്ചിലേക്ക് ചേർന്നിരുന്നു…. വല്ലാത്ത കൊതി തോന്നുന്നു അവനോട്… എന്റെ ചെക്കനോട്

എന്റെ കണ്ണുകളിൽ തെളിഞ്ഞു കണ്ട ഭാവം അവനല്ലാതെ വേറെ ആർക്കാണ് മനസ്സിലാവുക…. ഒരത്ഭുതത്തോടെ എന്നെ തന്നെ നോക്കിയിട്ട് പതിയെ എന്നെയും എടുത്തു ഫ്ലോർ ബെഡിലേക്ക് നടന്നു…. പരസ്പരം എല്ലാ അതിരുകളും കടന്ന് സ്നേഹം പങ്കിടുമ്പോഴും ഹൃദയം മുഴുവൻ നിറഞ്ഞു നിന്നത് അവൻ മാത്രമായിരുന്നു…..
ഒടുവിൽ അവനെ ചേർത്ത് പിടിച്ചു വീർപ്പിച്ചു കെട്ടിയ മുഖവുമായി ഇങ്ങനെ പറഞ്ഞു

“എന്റെയാ…..”

ഒരു ചിരിയോടെ അവനും കാതിൽ ചെറുതായി കടിച്ചു പറഞ്ഞു

“നിന്റെയാ…… നിന്റെ മാത്രം ❤”

അവസാനിച്ചു ?

5 Comments

  1. Simple, cute and romantic. Yet very much powerful. Superb!!!! Keep rocking. Othiri ishtamayi.

    Thanks.

  2. ❤???
    ചെറിയ തീം ആയിരുന്നെങ്കിലും, മനസ് നിറച്ചു.

  3. എങ്ങനെയാ ഇങ്ങനെ എഴുതുനെ കിറുക്കി ഒരേ പൊളി….. കൊറച്ചേ ഉള്ളോ എങ്കിലും വായിക്കാൻ തന്നെ എന്നാ ഫീലാ ♥️♥️♥️♥️

  4. Nice one ☺️
    Please take care of the paragraph n page breaks

  5. ❤❤❤❤❤❤??????

    സ്നേഹം ?❤

Comments are closed.