“അയ്യോ.. ചേട്ടാ ചാണാൻ ”
ബൈക്കിന് പുറകിൽ നിന്ന് ആ ലീസിന്റ നിലവിളി. റിവ്യൂ മിററിൽ മാത്രം ശ്രദ്ധിച്ചു ബൈക്ക് ഓടിച്ചിരുന്ന തൊമ്മി പെട്ടന്ന് മുൻപിലെ റോഡിലേക്ക് നോക്കി. അവിടെ റോഡിനു കിറു കൃത്യമായി ഒരു സെന്റർ ലൈൻ വരച്ചത് പോലെ ഏതോ ഒരു പശു വളരെ ഭംഗിയായി തന്റെ മനോഹരമായ ചാണകമിട്ട് വെച്ചിരിക്കുന്നു.. തൊമ്മിക്ക് ഒറ്റ ബ്രേക്ക് മതി ആയിരുന്നു ആ ചാണകത്തിന്റെ സുഗന്ധം തിരിച്ചറിയാൻ
“നല്ല അടിപൊളി ബ്രേക്ക് ” വീണിട്ട് ഉരുണ്ട് പോകുന്നതിനിടയിൽ വായിൽ കയറിയ ചാണകം കാരണം തൊമ്മിക്ക് അത് പറയാൻ ഒത്തില്ല.
ആ ചാണകത്തിലേക്ക് തലയും കുത്തി വീണ തൊമ്മിക്ക് ഇനി മുഖത്തു പറ്റിയ ചാണകം തുടച്ചു കളയണ്ടേ… വേണ്ടേ. എന്താ പ്രിയപ്പെട്ട എന്റെ വായന ക്കാരെ ഒന്നും മിണ്ടാത്തത് എന്തെങ്കിലും ഒന്ന് പറയ് ?
ശരി എന്നാൽ കേട്ടോളു മുഖം ക്ലീൻ ആക്കി വരാനായി ദൈവം അയാളെ അടുത്തുള്ള കുറച്ചു ഭാഗം സ്ലാബില്ലാത്ത വലിയ കാണായിലേക്ക് പറഞ്ഞയച്ചിരുന്നു ..
ദൈവം എത്ര വലിയവൻ കിറു കൃത്യമായി സ്ലാബ് ഇല്ലാത്ത ഭാഗം നോക്കി കാണായുടെ നീളവും വീതിയും പരിശോധിക്കാൻ ഇറങ്ങിയ തൊമ്മിച്ചൻ അപ്പോൾ ഓർത്തു കാണും.
പാവം ആലീസിനു മാത്രം എങ്ങും പോകാൻ കഴിഞ്ഞില്ല.. അതെങ്ങനെ ആലീസിന്റെ ഷോൾ ബൈക്കിന്റെ ബാക്കിലെ ചക്രത്തിൽ പാമ്പ് ചുറ്റുന്നപോലെ ചുറ്റി കിടക്കുകയല്ലേ.
“ഹലോ ചേട്ടാ എങ്ങനെ കുഴപ്പം ഒന്നും പറ്റിയില്ലല്ലോ..അവിടെ സുഖിച്ചു കിടക്കാതെ . ഇങ്ങു കേറി വാ..ചേട്ടാ ”
കാണായിൽ കിടന്നു മുകളിലേക്ക് നോക്കിയ തൊമ്മി കണ്ടു,അതാ തന്നെ ഈ ഭൂമിയിൽ നിന്ന് യാത്രയാക്കാൻ ദൈവം പറഞ്ഞയച്ച മദാമ്മ കാണയുടെ മുകളിൽ നിന്ന് മാടി മാടി വിളിക്കുന്നു
“എന്തിനാ എന്നെ കൊല്ലാൻ അല്ലെ.. എനിക്ക് അവസാനമായി ചിക്കൻ കറി തിന്നാൽ കൊള്ളാമെന്നുണ്ട് എന്റെ അന്ത്യ അഭിലാഷമായി കണ്ടു ദൈവം അതിന് എന്നെ അനുവദിക്കണം ”
തൊമ്മി കാണായിലെ ഒഴുകി പോകുന്ന വെള്ളത്തിൽ കിടന്നു മദാമ്മയെ നോക്കി തൊഴുതു. കാക്കത്തിയുടെ പ്രവചനം അയാളെ അത്ര മാത്രം കീഴ്പ്പെടുത്തിയിരുന്നു, ഭയപ്പെടുത്തിയിരുന്നു.
“അയ്യോ ചേട്ടാ എന്നെ മനസ്സിലായില്ലേ ഞാൻ കിഴക്കേലെ സുലോചനയാണ്.നമ്മുടെ റെസിഡൻസ് അസോസിയേഷന്റെ ഭാഗം ആയിട്ടുള്ള വിമൻസ് അസോസിയേഷന്റെ ഫാൻസി ഡ്രസ്സ് കോമ്പറ്റിഷൻ നടക്കുകയല്ലേ ഇന്നും ഇന്നലെയുമായി ഇന്നലെ അലീസും ഉണ്ടായിരുന്നുവല്ലോ കാക്കാത്തിയായി അടിപൊളി ആയിരുന്നു ചേട്ടൻ കാണാൻ വന്നില്ലയല്ലെ ഇവൾക്ക് സൗണ്ട് മാറ്റിവരെ സംസാരിക്കാൻ പറ്റുമെന്ന് ഇന്നലെയാണ് ഞാൻ മനസ്സിലാക്കിയത്. ഏതായാലും ഇന്ന് ആലീസ് വരാഞ്ഞത് കൊണ്ട് മദാമ്മയായി ഡ്രസ്സ് ചെയ്ത ഞാൻ ഫസ്റ്റ് ആയി ”
കാണായിൽ നിന്ന് വല്ല വിധേനയും കയറിപോരാൻ ആഞ്ഞ് ശ്രമിച്ചു കൊണ്ടിരുന്ന തൊമ്മി അത് കേട്ട് കൈ തെറ്റി കാണായിലേക്ക് തന്നെ വീണ്ടും വീണു.
ദൈവമെ ഇന്നലെ വൈകുന്നേരം രണ്ടെണ്ണം അടിച്ചു ഫിറ്റായി നിന്നിരുന്ന തന്റെ അടുത്തേക്ക് നടന്നു വന്ന കാക്കാത്തി തന്റെ ഭാര്യ ആലീസ് ആയിരുന്നുവോ.. ഇവൾ എന്ന് ആണ് ശബ്ദം മാറ്റി സംസാരിക്കാൻ പഠിച്ചത്.രണ്ടെണ്ണം അടിച്ചു തെക്കോട്ടും വടക്കോട്ടും നോക്കി നിന്ന തന്നെ കണ്ടു ദേഷ്യം കയറിയിട്ടാണ് ഒരു സ്ത്രീ യാൽ മരണം ഉണ്ടാകുമെന്ന് അവൾ പറഞ്ഞത്. ആലീസ് എന്ന കാക്കാത്തി പറഞ്ഞ ആ സ്ത്രീ ആലീസ് തന്നെ ആയിരുന്നുവെന്ന് ഇപ്പോൾ ഒരു വിധം കാണായിൽ നിന്ന് കയറി പോന്ന തൊമ്മിക്ക് വെളിവോദയം എന്ന ഉദയം ഉടനെ ഉണ്ടായി. മാത്രമല്ല ഫാൻസി ഡ്രസ്സ് കോമ്പറ്റിഷന് താൻ ചെല്ലാമെന്ന് വാക്ക് കൊടുത്തിട്ടും ചെല്ലാതിരുന്നത് കണ്ട് അവൾക്ക് ദേഷ്യം കൂടി കാണും.
ശോ…അതെങ്ങനെ ഇപ്പോൾ മാത്രമാണ് താൻ അതെപറ്റിയൊക്കെ ഓർക്കുന്നത് തന്നെ
“ആലീസ് എന്നാലും നിന്റെ കയ്യിലിരുന്ന നമ്മുടെ വീട്ടിലെ തത്ത…”
“മണ്ടൻ എന്ന് വിളിച്ചു ചേട്ടാ… വീട്ടിൽ ചെന്നിട്ട് ആണ് അവൾ വിളിച്ചതെന്ന് മാത്രം…”
“നല്ല വിവരമുള്ള തത്ത…”
തൊമ്മി അറിയാതെ പറഞ്ഞു പോയി
തൊമ്മി ശ്രദ്ധിക്കുന്നതിന് മുന്നേ ബൈക്കിൽ നിന്ന് ഷോൾ വിടുവിച്ചു എഴുന്നേറ്റ് വന്ന ആലീസ് അത് കേട്ട് പൊട്ടിചിരിച്ചു
തൊമ്മിയുടെ വീട്ടിലെ തത്ത തൊമ്മിയെ എപ്പോൾ കണ്ടാലും മണ്ടൻ എന്ന് വിളിക്കുന്നതാണ് അത് പോലും അവസരത്തിനൊത്തുയർന്നു മിണ്ടാതെയിരുന്നുവെന്ന് ഇപ്പോൾ തൊമ്മിക്ക് മനസ്സിലായി.
അത് ആര് ആണ് അതിനെ അങ്ങനെ തന്നെ വിളിപ്പിക്കാൻ പടിപ്പിച്ചതെന്ന് അറിയാൻ cbi ഡയറികുറിപ്പ് സിനിമ മൂന്നു നാല് പ്രാവശ്യം കണ്ട് നോക്കിയിട്ടും തൊമ്മിക്ക് ബുദ്ധി വികാസം സംഭവിച്ചില്ല
“അയ്യോ ചേട്ടാ.. മുഖത്തും ചുണ്ടിലും ഒക്കെ ചാണാൻ…”
ആലീസ് പറയുന്നത് കേട്ട് തൊമ്മി പതുക്കെ കർചീഫ് എടുത്തു മുഖം അമർത്തി തുടച്ചു.
കർചീഫിന് പകരം ഇപ്പോൾ പുറത്ത് വന്നത് രാത്രി വെള്ളമടിക്കാൻ മാറ്റി വെച്ചിരുന്ന രണ്ടായിരത്തിന്റെ ഒറ്റ നോട്ട് ആണെന്ന് തൊമ്മി പെട്ടന്ന് അറിഞ്ഞില്ല… അത് വെച്ച് മുഖം തുടച്ച തൊമ്മി അബദ്ധം പറ്റിയത് മനസ്സിലാക്കിയപ്പൊഴെക്കും ആ നോട്ട് ഉപയോഗിക്കാൻ പറ്റാത്ത വിധം നാശമായിരുന്നു. അത് കണ്ട് ആലീസ് വിഷമത്തോടെ പറഞ്ഞു
“ഇത് ആണ് ചേട്ടാ പറയുന്നത് പൊട്ടനെ കിട്ടൻ ചതിച്ചാൽ കിട്ടനെ ദൈവം ചതിക്കുമെന്ന് ”
“എടിയേ എന്നാലും നമ്മുടെ ചിക്കൻ കറി ”
“ചിക്കൻ കറി… മാങ്ങാത്തൊ ലി.. എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട… വാ വന്നു വണ്ടിയിൽ കയറ്…ചേട്ടന് ഇന്ന് ചാണാൻ തിന്നാനാണ് യോഗം ”
തൊമ്മി വണ്ടിയിൽ കയറുമ്പോൾ നമ്പർ പോലും കീറി ഉപയോഗ ശൂന്യമായ ആ നോട്ട് വേദനയോടെ തിരിച്ചും മറിച്ചും നോക്കി വീണ്ടും അയാൾ പോക്കറ്റിൽ ഇട്ടു. ഏതെങ്കിലും ബാങ്കിൽ എടുക്കുമായിരിക്കും ആശ്വാസത്തോടെ അയാൾ ആലോചിച്ചു.
ബൈക്ക് വീടിന്റെ മുന്നിൽ നിർത്തി വീട്ടിലേക്ക് കയറുമ്പോൾ തൊമ്മി കൂട്ടിൽ കിടക്കുന്ന തത്തയെ സൂക്ഷിച്ചു നോക്കി.
“മണ്ടൻ…. മരമണ്ടൻ ” തത്ത പറയുന്നത് കേട്ട് മുഖത്ത് അൽപ്പം ബാക്കി ചാണാനുമായി തത്തയെ നോക്കി പല്ലിറുമ്മി നിന്ന തൊമ്മിച്ചനെ കണ്ടു പൊട്ടിചിരിക്കാതെ ഇരിക്കാനായി ആലീസ് വാ പൊത്തി.
???????????
????????????????????????????????????
????????????