“ആലീസ് ഷോൾ….”
“ചേട്ടാ കുഴപ്പമില്ലന്നല്ലേ പറഞ്ഞത്.. ഹൊ ഇത് വലിയ കഷ്ടം ആയല്ലോ…”
“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ മിനിയാന്നല്ലേ ഒരാൾ നമ്മുടെ ബൈക്ക് നിർത്തിപ്പിച്ചിട്ട് തന്റെ ഷോൾ ചക്രത്തിൽ കുടുങ്ങും എന്ന് പറഞ്ഞത് താഴെ വീണാൽ ഞാനും ചാകും നീ മാത്രമല്ല അത് ആണ് പ്രശ്നം ” തൊമ്മിബൈക്കിൽ നിന്നിറങ്ങി
“അത് ശരി അപ്പൊ നിങ്ങൾക്ക് ഞാൻ ബൈക്കിൽ നിന്ന് വീണ് നടുവോടിഞ്ഞാൽ പ്രശ്നം ഒന്നും ഇല്ലല്ലേ അല്ലെങ്കിൽ തന്നെ ഈ പൊട്ട ബൈക്കിൽ ചിക്കൻ വാങ്ങാൻ പോകാൻ ഞാൻ ഇല്ല…”
“അയ്യോ അങ്ങനെ പറഞ്ഞാൽ എങ്ങനാ ആലീസെ നുമ്മക്ക് ഇന്ന് ചിക്കൻ കറി തിന്നണ്ടായോ നീ വണ്ടിയാലോട്ട് കയറ് ”
തൊമ്മി വെളുക്കെ ചിരിച്ചു
“അതെ ഈ ചിക്കൻ എന്ന് പറഞ്ഞ സാധനം വാങ്ങാൻ നുമ്മ രണ്ടു പേരും പോകണമെന്നില്ല നിങ്ങൾ ഒറ്റയ്ക്ക് ചെന്നാലും കിട്ടും…”
തൊമ്മി ഉടനെ പോക്കറ്റിൽ ഇരിക്കുന്ന പൈസ കുറച്ചു കൂടി തള്ളി ഉള്ളിൽ വെച്ചു. ഭാര്യ ആലീസിനെ അയാൾ വിളിച്ചു കൊണ്ട് പോകുന്നത് തന്നെ ചിക്കന്റെ പൈസ അവളെ കൊണ്ട് കൊടുപ്പിക്കാനാണ്. തൊമ്മിയുടെ കയ്യിൽ പൈസ ഉണ്ട് അത് വൈകുന്നേരം രണ്ടെണ്ണം വീശാൻ തല്ക്കാലം മാറ്റി വെച്ചിരിക്കുന്നതാണ്. അത് കൊടുക്കുമോ എന്നത് അപ്പോൾ കണ്ട് അറിയാനുള്ള കാര്യം.അതെടുത്തു ഇപ്പോൾ ചിലവാക്കിയാൽ പിന്നെ വൈകുന്നേരം എങ്ങനെ വീശും. എങ്ങനെ കൂട്ടുകാരുടെ മുന്നിൽ നടുവുയർത്തിനിൽക്കും.
തൊമ്മിയുടെ ഈ വീശൽ സ്വഭാവം കാരണമാണ് ആലീസ് തന്റെ ശമ്പളത്തിൽ നിന്ന് പത്തു പൈസ അവളുടെ സ്നേഹനിധിയായ തൊമ്മിച്ചനെ തൊടിക്കാത്തത്.
“ചേട്ടാ ഇവന്റെ ചിക്കൻ കൊള്ളൂല നമുക്ക് ജംഗ്ഷനിൽ ഉള്ള കൂതറ ബാബുവിന്റെ കടയിൽ നിന്ന് വാങ്ങാം ” വളരെ സൂക്ഷിച്ചു ഒരു വിധം ബൈക്ക് വീടിന്റെ തൊട്ട് അടുത്ത് ഉള്ള ചിക്കൻ ഷോപ്പിൽ നിർത്തി ബൈക്കിൽ നിന്ന് ഇറങ്ങി ആശ്വസിച്ച തൊമ്മി അത് കേട്ട് ഞെട്ടി.കാരണം ഇനിയും ബൈക്കിൽ കയറണം. അലീസിന്റെ ഷോൾ പരിശോധിക്കണം
“നീ ആദ്യം ബൈക്കിൽ കയറ് ”
“അതിനു തൊമ്മിച്ചൻ ബൈക്കിൽ കയറിയിട്ടല്ലേ ഞാൻ കയറുന്നത് ”
“നീ അങ്ങോട്ട് കയറ് ആലീസെ ”
ബൈക്ക് സ്റ്റാൻഡിൽ ചരിച്ചു വെച്ച് തൊമ്മി കഷ്ടപെട്ട് ഭാര്യ ആലീസിനെ ഉന്തി ബൈക്കിൽ കയറ്റി. ഒരു പത്തു മിനിറ്റ് ഷോൾ പരിശോധന തുടർന്നു. എന്നിട്ട് കഷ്ടപെട്ട് മുന്നിൽക്കൂടെ കാലെടുത്തു വെച്ചപ്പോൾ അതി പുരാതനമായ അയാളുടെ ഷഡ്ജം അലറി കരയുന്നത് കേട്ട് ഇപ്പ ചാകും എന്ന് പേടിച്ചു വിറച്ചു കൂട്ടിൽ നിന്നിരുന്ന കോഴികൾ വരെ അന്ധോം കുന്തോം വിട്ട് ചിരിച്ചു.
“കർത്താവെ ഈ പാപം ഒക്ക ആലീസ് ദേ.. ഇവളുടെ തലേലോട്ട് വെച്ചേക്കണേ ” കൂതറ ബാബു കോഴി യെ പിടിച്ചു കഴുത്തു വെട്ടാൻ റെഡിയായപ്പോൾ തൊമ്മി തൊട്ട് അടുത്ത് നിന്ന ഭാര്യ യെ ഒന്ന് നോക്കിയിട്ട് കണ്ണടച്ചു മന മുരുകി പ്രാർത്ഥിച്ചു. പെട്ടന്ന് നെറുകയിൽ ഒരു നനവ് പടരുന്നത് കണ്ടു തൊമ്മി സന്തോഷിച്ചു. കർത്താവ് അനുഗ്രഹിച്ചി രിക്കുന്നു. തന്റെ പ്രാർത്ഥനയുടെ ശക്തി ആലോചിച്ചു തൊമ്മിയുടെ ഹൃദയത്തിൽ കുളിരു കോരി. നെറുകയിൽ തപ്പിയ കൈ വിരലുകൾ മൂക്കിന്റെ അടുത്ത് കൂടി നീങ്ങിയപ്പോൾ ഒരു ചീഞ്ഞ നാറ്റം. തൊമ്മി മുകളിലേക്ക് നോക്കി.
കോഴിയുടെ അവശിഷ്ടം തിന്നാൻ റെഡി ആയി വന്ന കാക്ക തൊട്ട് അടുത്ത് വന്നിരുന്നു തൊമ്മിയെ നോക്കി കൊഞ്ഞനം കുത്തി
“കാക്കയ്ക്ക് വരെ കിറു കൃത്യമായി അറിയാം ശരിക്കും കക്കൂസ് എവിടെ ആണെന്ന് അല്ലെ ചേച്ചി…” ഒരു കയ്യിൽ കോഴി പാക്കറ്റ് പിടിച്ചു മറ്റേ കയ്യ് കൊണ്ട് തന്റെ വൃത്തികെട്ട തുട സ്ക്രാച്ച് ആൻഡ് വിൻ ചെയ്തു കൊണ്ട് കൂതറ ബാബുന്റെ കമന്റ്. ആ കമന്റ് തൊമ്മി സഹിക്കും പക്ഷെ അവന്റെ തന്റെ പ്രിയപ്പെട്ടവരിൽ പ്രിയപെട്ട ഭാര്യ യെ നോക്കി ആ ഒരു കണ്ണ് അടച്ചുള്ള ആ സൈറ്റടി തൊമ്മി യല്ല ആന വണ്ടിയുടെ മുന്നിൽ വെച്ചിരിക്കുന്ന ഇളകിയാടുന്ന നമ്പർ പ്ലേറ്റ് പോലെ യുള്ള കട്ടി മീശയുമായി നടക്കുന്ന ഏതൊരു ആണ് എങ്ങനെ സഹിക്കാൻ.
“കോഴിക്ക് എത്രയായ് ”
തൊമ്മിയുടെ ഘനത്തോടെയുള്ള ചോദ്യമുയർന്നു
“തൊമ്മി ചേട്ടന്റെ മുന്നൂറ്”
“എടാ ബാബു ഈയിടെയായി നിന്റെ തൂക്കം അത്ര ശരിയല്ല ”
“എന്താ ചെയ്യാൻ ചേട്ടാ സ്ലിം ആയാലേ ചില പെൺകുട്ടികൾക്ക് പിടിക്കൂ…”
പിന്നെയും ആ അലവലാതിയുടെ കണ്ണുകൾ ആലീസിനെ തേടി പോകുന്നത് കണ്ടപ്പോൾ,തൊമ്മി വേവലാതിയോടെ വേഗം തന്റെ പോക്കറ്റ് തപ്പി. അപ്പോൾ ആണ് വൈകുന്നേരത്തെ കാര്യപരി പാടിയെ പറ്റി തൊമ്മി വീണ്ടും ഓർത്തത്.
“അലിസ്… കാശ്…”തൊമ്മി പൈസ തപ്പൽ സടൻ ബ്രേക്കിട്ട് നിർത്തി ഭാര്യയെ നോക്കി തല ചൊറിഞ്ഞു.
“അയ്യോ… ഞാൻ കാർഡ് എടുത്തില്ല ചേട്ടന്റെ കയ്യിൽ ഇല്ലേ ”
“ഇല്ല… ഇനി ഇപ്പോൾ എന്നാ ചെയ്യും കോഴിയെ ആണെങ്കിൽ വെട്ടി നുറുക്കുകേം ചെയ്തു.”
“അത് ശരി കയ്യിൽ കാശില്ലാതെയാണോ രണ്ടു പേരും കൂടി എന്റെ കടയിലോട്ട് രാവിലെ ഓടി കയറിയത്.”
“അത് ഇപ്പോൾ ഞങ്ങൾ കാശ് കൊണ്ട് വന്നു തരാം എന്നിട്ട് മതി തന്റെ കോഴി…” കൂതറ തനി കൂതറയാകുന്നതിനു മുന്നേ ആലീസ് ഇടപെട്ടു.
“ബാ… ചേട്ടാ നമുക്ക് പോയി പൈസയുമായി വരാം…”
ആലീസ് വന്നു ബൈക്കിൽ കയറിയ ഉടനെ തൊമ്മി ബൈക്ക് വിട്ടു. കോഴിക്കറി ഫ്രീ ആയി തിന്നാനുള്ള ആക്രാന്താത്താലോ എന്തൊ ഈ പ്രാവശ്യം ആലീസിന്റെ ഷോളിന്റെ കാര്യം തൊമ്മി മറന്നു പോയി.. ബൈക്ക് നൂറേ നൂറിൽ പറക്കുകയാണ് പെട്ടന്നാ ണ് പുറകിൽ നിന്ന് നിർത്താതെയുള്ള ഏതോ ഒരു സ്കൂട്ടറിന്റെ ഹോണടി തൊമ്മി ശ്രദ്ധിച്ചത്.. റിവ്യൂ മിററിൽ കൂടി നോക്കിയ തൊമ്മിക്ക് മനസ്സിലായി കറുത്ത കണ്ണട വെച്ച് തല മൂടി കെട്ടിയ ഒരു മദാമ്മ തങ്ങളുടെ ബൈക്കിന് പുറകെ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ.. ദൈവമെ… ഒരു പക്ഷെ ഇത് ആയിരിക്കുമോ തന്റെ ജീവനെടുക്കുമെന്ന് ഇന്നലെ കാക്കാത്തി പറഞ്ഞവൾ. തൊമ്മി ബൈക്കിന് സ്പീഡ് കൂട്ടുന്ന പോലെ തന്നെ പുറകിൽ പറപ്പിച്ചു വരുന്ന മദാമ്മയുടെ ഹോണടിയുടെ ശബ്ദവും കൂടിക്കൂടി വന്നു