തോരാമഴ 29

” അല്ലടാ നീ ടെൻഷൻ ആവണ്ട, നീ ഒന്ന് വന്നാൽ മതി പെട്ടന്ന് വേണം..”, ശരത് കോൾ കട്ട്ചെയ്തു.

കമ്പനിയിൽ എമർജൻസി ലീവിൽ ആപ്ലൈ ചെയ്തിട്ട് പിറ്റേദിവസംതന്നെ നകുൽ ടിക്കറ്റ് ബുക്ക് ചെയ്തു.

” ശരത് ഞാൻ നാളെ രാവിലെ എത്തും. നീ എയർപോർട്ടിൽ വരണം “, നകുൽ ശരത്തിന് മെസ്സേജ് ചെയ്തു.

പിറ്റേ ദിവസം രാവിലെ തന്നെ നകുൽ നാട്ടിലെത്തി എയർപോർട്ടിൽ ശരത്ത് അവനെ കാത്തുനിൽപ്പുണ്ടായിരുന്നു.

” എടാ…, അമ്മ ഹോസ്പിറ്റലിൽ ആണോ അതോ വീട്ടിലോ..”, നകുൽ ടെൻഷനോടെ ചോദിച്ചു.

“അമ്മയുടെ അടുത്ത് പ്രിയ ഉണ്ടല്ലോ അതാ ഒരു ആശ്വാസം..”. നകുൽ സ്വയം സമാധാനപ്പെട്ടു.

” ലഗേജ് ഇത്തിരി ഉണ്ടല്ലോ “, ശരത് പറഞ്ഞു

” ആഹ്.. അത് പ്രിയക്ക് വാങ്ങിയതാ. ഒരു സാരി പിന്നെ കുറച്ചു സ്വർണം.. അവൾക്കൊരു സർപ്രൈസ് ആവട്ടെ…”,
ശരത് നകുലിനെ നോക്കി.

വണ്ടി നകുലിന്റെ വീട്ടിലേക്ക് അടുക്കാറായി. വീട്ടുമുറ്റത്ത് ഒരുപാട് ആളുകൾ കൂടി നിൽക്കുന്നത് അവൻ കണ്ടു.

” ശരത്തെ എന്താടാ ഇത് “, നകുൽ ഭയത്തോടെ ചോദിച്ചു.

ശരത്തിന്റെ നിറഞ്ഞ മിഴികൾ മാത്രമായിരുന്നു ആ ചോദ്യത്തിന്റെ ഉത്തരം.

കാറിൽ നിന്നും ഇറങ്ങിയ നകുലിനെ ആളുകൾ കണ്ണീരോടെയാണ് സ്വാഗതം ചെയ്തത്. ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ട ഒരു കൊച്ചുകുട്ടിയെപ്പോലെ ചുറ്റുമുള്ളവരെ നകുൽ ഭയത്തോടെ നോക്കി.

വീട്ടുമുറ്റത്തെ പടികൾ കയറുമ്പോൾ തന്റെ നെഞ്ചിടിപ്പിന്റെ താളം പെരുമ്പറ മുഴക്കുന്നത് നകുൽ തന്റെ ചെവികളിൽ കേട്ടു.

തന്റെ മുന്നിൽ കണ്ട കാഴ്ചയിൽ നകുൽ ഒരു നിമിഷം സ്തബ്ധനായി നിന്നു.
കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്കിന്റെ അടുത്തായ്‌ വെള്ളത്തുണിയിൽ ഉറങ്ങിക്കിടക്കുന്ന തന്റെ പ്രിയയെയാണ് നകുൽ കണ്ടത്. ഉള്ളിൽനിന്നും ആഞ്ഞടിച്ച ശബ്ദം നകുലിന്റെ തൊണ്ടയിൽ കുടുങ്ങി പോയിരുന്നു. തൊട്ടടുത്ത് മിഴിനീർ വാർക്കുന്ന തന്റെ അമ്മയെയും അവൻ കണ്ടു.

അടുത്ത നിമിഷം തന്നെ നകുൽ തിരിച്ച് മുറ്റത്തേക്ക് ഇറങ്ങി. ശരത്തിന്റെ കാറിനടുത്തേക്ക് അവൻ പാഞ്ഞു.

” നകുലേ നി ഇത് എവിടേക്കോ…”, ശരത് കരഞ്ഞുകൊണ്ട് നകുലിന്റെ പുറകെ ഓടി.

എന്നാൽ നകുൽ അതിനു മറുപടി കൊടുത്തില്ല.

1 Comment

  1. Heart touching!!!

Comments are closed.