പിടഞ്ഞ നിമിഷങ്ങള്‍. കുഞ്ചു പോയിക്കഴിഞ്ഞപ്പോഴാണ് അമ്മയുടെ നാവില്‍ നിന്നും കുഞ്ചുവിന്റെ ഉളളിലുണ്ടായിരുന്ന ഇഷ്ട്ടം താനറിഞ്ഞത്…
പോകും മുന്‍പ് അവള് നട്ടതാണ് കല്‍ക്കെട്ടിനോട് ചേര്‍ന്ന് നില്ക്കുന്ന ആ ഞാവല്‍. പൂത്ത് തളിര്‍ത്ത് കായിടുന്ന ഓരോ വസന്തത്തിലും കല്‍ക്കെട്ട് മൂടി ഞാവല്‍ പഴങ്ങള്‍ പൊഴിഞ്ഞ് കിടക്കും. ഇടയ്ക്കൊക്കെ കല്‍ക്കെട്ടില്‍ പോയിരിക്കുമ്പൊ മടിത്തട്ടിലേയ്ക്ക് ഞാവല്‍ പഴങ്ങള്‍ തെന്നല്‍ പൊഴിച്ചിടാറുണ്ട്. മടിത്തട്ടില്‍ വീഴുന്ന ഞാവല്‍ പഴങ്ങള്‍ നാവില്‍ കുഞ്ചുവിന്റെ പ്രണയത്തെ കരിനീല തിണര്‍പ്പില്‍ അടയാളപ്പെടുത്തി വെക്കാറുണ്ടപ്പോഴൊക്കെ കുറച്ച് നേരത്തേയ്ക്കെങ്കിലും. കുഞ്ഞുണ്ണിക്ക് പത്ത് വയസ്സുളളപ്പോഴാണ് കുഞ്ചു അവനെക്കൊണ്ടാദ്യമായി തനിക്ക് കത്തെഴുതിക്കുന്നത്. ഞാവല്‍ മരത്തിന്റെ വിശേഷങ്ങള്‍ ചോദിച്ചും ഇനി അമ്മയ്ക്കൊപ്പം വരുമ്പൊ ഞാവല്‍ പഴങ്ങള്‍ പറിച്ച് തരേണമൊന്നുമൊക്കെ പറഞ്ഞുളള ഒരു പത്ത് വയസ്സുകാരന്റെ കത്ത്. ജീവിതത്തിലിന്നോളം കത്തുകള്‍ക്ക് മറുപടി എഴുതിയിട്ടുണ്ടെങ്കില്‍ അത് കുഞ്ഞുണ്ണിയുടെ കത്തുകള്‍ക്കാണ്. കുഞ്ചുവിനോട് താനും തന്നോട് കുഞ്ചുവും അദൃശ്യമായി ആ കത്തുകളിലൂടെ സംസാരിച്ചു. ഇപ്പൊ അവന് 28 വയസ്സായി !
നീണ്ട 18 വര്‍ഷത്തെ കത്ത് വിശേഷങ്ങള്‍ ചെറുതൊന്നുമല്ലായിരുന്നു. ഇന്നത്തെ കുഞ്ഞുണ്ണിയുടെ കത്തോടെ അതവസാനിച്ചു. കുഞ്ചുവിന്റെ മരണ വാര്‍ത്ത അറിയിച്ച് കൊണ്ടുളള കത്തായിരുന്നു ഇന്ന് വന്നത്..
ചാരുകസേരയില്‍ നിന്നും എഴുന്നേറ്റ് മാഷ് വടക്കേ തൊടിയിലെ കല്ക്കെട്ടിനരികിലേയ്ക്ക് നടന്നു. കല്‍ക്കെട്ടില്‍ പൊഴിഞ്ഞ് കിടന്നിരുന്ന ഞാവല്‍ പഴങ്ങളില്‍ പാദ സ്പര്ശമേല്ക്കാതെ പടവുകളിറങ്ങി മാഷിരുന്നു. ഇളം തെന്നലില്‍ മടിത്തട്ടിലേയ്ക്ക് പൊഴിഞ്ഞ് വീഴുന്ന ഞാവല്‍ പഴങ്ങള്‍ക്കായി കാത്തിരുന്നു. ഞാവല്‍ കൊമ്പുകളില്‍ തന്റെ മടിത്തട്ടിലേയ്ക്ക് വീഴാന്‍ വിസമ്മതിച്ച് വീര്‍പ്പുമുട്ടി കിടക്കുന്ന ഞാവല്‍ പഴങ്ങള്‍ മാഷ് കണ്ടു. തനിക്ക് ചുറ്റും പൊഴിഞ്ഞ് കിടക്കുന്നതത്രയും കുഞ്ഞമ്മിണിയുടെ ഹൃദയമാണ്. തനിക്ക് വേണ്ടി വെച്ച് നീട്ടി ഒറ്റപ്പെട്ട് പോയാ ഹൃദയം. ”നിലത്ത് പൊഴിഞ്ഞ് കിടക്കുന്ന ഞാവല്‍ പഴങ്ങളില്‍ കണ്ണൂന്നി മാഷ് ചിന്തിച്ചു, എന്തായിരുന്നു തന്റെ പ്രണയത്തിന്റെ രാഷ്ട്രീയം?”
”താന്‍ നല്കിയ സ്നേഹം തട്ടിത്തെറിപ്പിച്ച് പോയവര്‍ക്ക് വേണ്ടി സ്വയം ഒറ്റപ്പെടുകയെന്നതോ, അതോ തനിക്ക് നേരെ സ്നേഹം വെച്ച് നീട്ടിയവരെ ഒറ്റപ്പെടുത്തുകയെന്നതോ…”!!!!