Author : ശരവണന്
ഉമ്മറത്തിനോട് ചേര്‍ന്നുളള നീളന്‍ വരാന്തയുടെ തെക്കേയറ്റത്തിട്ടിരിക്കുന്ന നൂലെഴിച്ച ചാരുകസേരയില്‍ നോക്കെത്താ ദൂരത്തോളം തിരിഞ്ഞ് മറിഞ്ഞ് കിടക്കുന്ന നാട്ടുവഴികളിലേയ്ക്ക് കണ്ണഴിച്ച് വിട്ട് രാഘവന് മാഷ് കിടന്നു. വരാന്തയിലെ പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന വെളിച്ചം തറയിലും ഭിത്തിയിലും വരയ്ക്കുന്ന നിഴല്‍ ചിത്രങ്ങളെ അയാള്‍ ശ്രദ്ധിച്ചില്ല. താഴേ തൊടിയില്‍ കൊണ്ടെക്കെട്ടിയ ക്ടാവിന്റെ കരച്ചില് പോലും കാതുകളിലൂടെ കയറിയിറങ്ങി പോകുന്നത് അയാളറിഞ്ഞില്ല. അപ്പോഴും വടക്കേ തൊടിയിലെ കല്‍ക്കെട്ടിനോട് ചേര്‍ന്ന് നില്ക്കുന്ന ഞാവലില്‍ നിന്നും പാകമെത്തിയ ഞാവല്‍ പഴങ്ങള്‍ പൊഴിഞ്ഞ് വീണുകൊണ്ടിരുന്നു. വായനയ്ക്ക് ശേഷം നെഞ്ചോട് ചേര്‍ത്ത് വെച്ച ഇന്‍ലെന്റിന്റെ ഇളംനീല മേനിയില്‍ പച്ച കുത്തിയ അക്ഷരങ്ങള്‍ കണ്ണില്‍ നിന്നും മായാതെ നില്ക്കുന്നതായി തോന്നി രാഘവന് മാഷിന്. മനസ്സ് ഓര്‍മ്മകളുടെ കോണിപ്പടിയേറി തുടങ്ങുന്നത് മാഷറിഞ്ഞു. വീണ്ടും വീണ്ടും വര്‍ഷങ്ങളോളം അ്ഷരങ്ങള് തടഞ്ഞ് മങ്ങിയ കണ്ണടയുടെ ചില്ലുകളിലൂടെ കുഞ്ഞുണ്ണിയെഴുതിയ വരികള്‍ മാഷ് തപ്പി തടഞ്ഞ് വായിച്ചെടുത്തു. ഇനിയും കുഞ്ഞുണ്ണിയുടെ കത്തുകള്‍ തന്നെ തേടി വരില്ല, കുഞ്ഞമ്മിണിയുടെ വിശേഷങ്ങള്‍ തന്നെ തേടി വരില്ല…..
‘കുഞ്ഞമ്മിണി’ അവള് തനിക്കെന്നും കുഞ്ചുവായിരുന്നു. ചെറുപ്പം മുതല്‍ ഒപ്പം കളിച്ച് വളര്ന്നവള്. പുഴയോരത്തും കളിത്തട്ടിലും തന്റെ അണിവിരല്‍ തൂങ്ങി നടന്നവള്‍. കണ്ണ് തുറക്കാത്ത കുന്നിക്കുരുവാണ് മഞ്ചാടിക്കുരുവെന്ന് പറഞ്ഞ് കുഞ്ചുവിനെ കളിപ്പിച്ച് തന്റെ കൈയ്യിലെ മഞ്ചാടി മണികള്‍ നല്കി അവളുടെ കൈയ്യിലെ കുന്നിക്കുരുക്കൂട്ടം പലപ്പോഴും താന്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസം കഴിയുമ്പൊ അവള് വരും. ”കുന്നിക്കുരുക്കുഞ്ഞ് ഇത് വരെ കണ്ണ് തുറന്നില്ല ചേട്ടൂ” എന്ന പരിഭവത്തോടെ. ചൂടേറ്റ് അതിന്റെ ജീവന് വെടിഞ്ഞിട്ടുണ്ടാവുമെന്ന് പറഞ്ഞ് താനാശ്വസിപ്പിക്കും അപ്പൊ. അങ്ങനെയെത്രയോ നിഷ്കളങ്കമായ നിമിഷങ്ങള്‍. കാല പ്രയാണത്തിന്റെ ഏതൊക്കെയോ കോണില്‍ അവളോടുളള ഇഷ്ട്ടം ചിലപ്പോഴൊക്കെ ഒരു ഗുല്‍മോഹറായി മനസ്സില്‍ ഉടലെടുത്തിട്ടുണ്ട്. അപ്പോഴൊക്കെ അത് താന്‍ തന്നെ നുളളിയെറിഞ്ഞിട്ടുമുണ്ട്….
കലാലയ ജീവിതത്തിന്റെ ഉള്‍ച്ചുഴികളില്‍ പെട്ട് വീടെത്തതിരുന്ന കാലങ്ങളിലാണ് തന്നിലെ സഖാവിനെ തേടി ‘നൈലാ ഹസ്സന്’ എന്ന ജൂനിയര്‍ പെണ്‍കുട്ടിയെത്തുന്നത്. കലാലയത്തിന്റെ പച്ചത്തളിര്‍പ്പില്‍ ദൃഢമായ സൗഹൃദം പ്രണയത്തിലേയ്ക്ക് വഴി മാറാന്‍