റസിയയോട് ഉപ്പ അന്വേഷിച്ച് വരില്ല എന്നൊക്കെ ഉറപ്പിച്ചു പറഞ്ഞെങ്കിലും ചെറിയൊരു പേടി അവനുണ്ടായിരുന്നു.
അതവൻ സുദീപിനോട് പറയുകയും ചെയ്തു. പക്ഷെ, അങ്ങനെ ഒന്നുമുണ്ടായില്ല. ഒരു മാസത്തിനു ശേഷം ഇജാസ് വീട്ടിലേക്ക് ഒന്നു ഫോൺ ചെയ്തു. ഒരു വെള്ളിയാഴ്ച ഉപ്പ പള്ളിയിൽ പോകുന്ന നേരം നോക്കിയാണ് അവൻ ഫോൺ ചെയ്തത്. ഉമ്മയോട് സംസാരിച്ചപ്പോൾ ഉമ്മ കുറെ കരഞ്ഞു. തിരിച്ചുവരാൻ പറഞ്ഞു. ഇജാസ് സമ്മതിച്ചില്ല. അന്ന് റസിയയാണ് വാതിൽ തുറന്നു തന്നത് എന്ന് ആരും അറിഞ്ഞിട്ടില്ല. ഉമ്മ പോലും. ഉമ്മ രാവിലെ നോക്കുമ്പോൾ അടുക്കള വാതിൽ തുറന്നു കിടക്കുന്നത് കണ്ടു പോലും. ഒരു പക്ഷെ, അവൾ വാതിലടക്കാതെ പോന്നിട്ടുണ്ടാവാം. അല്ലെങ്കിലും അതിരാവിലെ എഴുന്നേറ്റ് വാതിൽ തുറന്നിട്ട ശേഷം പോയി കിടന്നിട്ടുണ്ടാവാം.
ഇജാസ് മാസത്തിലൊരിക്കൽ ഉമ്മയെ വിളിക്കാറുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചനേരം നോക്കിയാണ് വിളിക്കാറുള്ളത്. ഒരു ദിവസം അല്പം വൈകിയിട്ടുണ്ടാവണം, ഉപ്പയാണ് ഫോണെടുത്തത്.
എനിക്ക് ഇങ്ങനെ ഒരു മകനില്ലെന്നും മരിച്ചാൽ പോലും നീ വരേണ്ടതില്ലെന്നും ഇനി വീട്ടിലേക്ക് വിളിച്ചാൽ ബാംഗ്ലൂർ വന്നു നിന്നെ തല്ലി കാലൊടിച്ചു വീട്ടിലേക്ക് കൊണ്ടുവരും എന്നും പറഞ്ഞു.
പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്നതാണ് ഉപ്പയുടെ ശീലം. അതുകൊണ്ടു അവൻ പിന്നീട് വീട്ടിലേക്ക് വിളിക്കാതെയായി. അവന്റെ കോളേജിലെ ചെലവുകളെല്ലാം എടുത്തിരുന്നത് സുദീപും ദീപ്തിയും കൂടിയായിരുന്നു. അവർ മൂന്നുപേരും എപ്പോഴും ഒരുമിച്ചായിരുന്നു. രാത്രി ദീപ്തിയെ ഹോസ്റ്റലിൽ കൊണ്ടുവിടുന്നത് വരെ. സുദീപും ഇജാസും ഒരു ഫ്ലാറ്റിൽ ഒരുമിച്ചായിരുന്നു താമസം. അങ്ങനെയിരിക്കെ ഒരു ദിവസം സുദീപും ദീപ്തിയും എന്തോ നിസാര കാരണത്തിന് തമ്മിൽ വഴക്കായി. ഇജാസ് ഇത് കാര്യമായി എടുത്തില്ല. പക്ഷെ, ദിവസങ്ങൾ കഴിഞ്ഞിട്ടും അവർ തമ്മിൽ മിണ്ടാതിരുന്നപ്പോൾ ഇജാസിന് അവരുടെ വഴക്ക് സീരിയസാണ് എന്ന് മനസ്സിലായി. അവൻ അതിൽ ഇടപെട്ടു. പക്ഷെ, അവന് എളുപ്പം തീർക്കാവുന്ന ഒന്നായിരുന്നില്ല.
(തുടരും …)
♥️♥️♥️♥️♥️♥️♥️
?