ഏഴാം കടലും കടന്ന്… ഭാഗം- 3 121

 

 

“പ്രീ ഡിഗ്രിക്ക് തവളയെ കീറിമുറിക്കാൻ പോലും പേടി തോന്നിയ ഞാൻ എങ്ങനെ എം ബി ബി എസ് പൂർത്തിയാക്കുമെന്ന് എനിക്കറിയില്ലായിരുന്നു. പരമ്പരാഗതമായി ബിസിനസ് രക്തത്തിലുള്ളതു കൊണ്ടായിരിക്കണം പത്താം ക്‌ളാസിൽ ആരോ പറഞ്ഞു കേട്ടത് മുതൽ എം ബി എ ആയിരുന്നു എന്റെ ആഗ്രഹവും സ്വപ്നവും. ”

 

“ഒന്നാം വർഷം അവസാനിക്കാറായിട്ടും എന്റെ പഠനത്തിൽ ഒരു മാറ്റവും ഇല്ലായിരുന്നു. വീട്ടിൽ നിന്ന് വിട്ടു നിൽക്കുന്നത് പുതിയതല്ലെങ്കിലും ഭാഷയും ഭക്ഷണവും പഠനവും ഇത് മൂന്നും

എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെ ഒരു ദിവസം ഒരു ടെസ്റ്റ് നടത്തിയതിന്റെ മാർക്ക് കണ്ടപ്പോൾ പ്രൊഫസർ നാഗേശ്വര റാവു എന്നെ അദ്ദേഹത്തിൻറെ കാബിനിലേക്ക് വിളിപ്പിച്ചു. ഇനിയും മിണ്ടാതിരുന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായതു കൊണ്ട് അദ്ദേഹം ചോദിച്ചപ്പോൾ എല്ലാം ഞാൻ പറഞ്ഞു. എനിക്ക് ഒരു നിലക്കും മെഡിസിൻ പഠനവുമായി മുന്നോട്ട് പോകാൻ സാധിക്കില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു. അത്  അദ്ദേഹത്തിന് ഉറപ്പായത് കൊണ്ട് പ്രൊഫെസ്സർ തന്നെ  നിർദേശിച്ചതാണ് ഇവിടെ ചേരാൻ. ഇവിടെ എൻട്രൻസ് ടെസ്റ്റ് എഴുതുന്നതിനു മുമ്പായി അക്കൗണ്ടൻസി കോച്ചിങ്ങിനു പോയിരുന്നു. കൂടാതെ കോളേജ് മാനേജ്മെന്റിൽ പെട്ട ഒന്നു രണ്ടു പേരെ പ്രൊഫെസ്സർ വിളിച്ചു പറയുകയും ചെയ്തിരുന്നു. രാമയ്യയിൽ കൂടെ ഉണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളാണ് ഇവിടെ ചേരാനുള്ള ചിലവുകളൊക്കെ എടുത്തത്.

 

 

“നിന്റെ വീട്ടിൽ അറിയാമോ നീ ഇവിടെ ചേർന്നത്.?”

 

 

“ഇല്ല, അറിഞ്ഞിരുന്നുവെങ്കിൽ എന്റെ തല കഴുത്തിൽ ഉണ്ടാവില്ലായിരുന്നു.”

 

 

 

അതുകേട്ട് ദീപ്തി ചിരിച്ചു. അപ്പോൾ അവിടേക്ക് വന്ന സുദീപിനോട് അവൾ കാര്യങ്ങളെല്ലാം പറഞ്ഞു. സുദീപിന്റെ കുടുംബവും സമ്പന്നരാണ്. രാജസ്ഥാനിലെ അറിയപ്പെടുന്ന വജ്രവ്യാപാരിയാണ് സുദീപിൻറെ പിതാവ് മോത്തിലാൽ ജെയിൻ. കാര്യങ്ങൾ അറിഞ്ഞപ്പോൾ എന്താവശ്യമുണ്ടെങ്കിലും തന്നെ സമീപിച്ചോളാൻ സുദീപ് പറഞ്ഞു. അതൊരു തുടക്കമായിരുന്നു. പതിറ്റാണ്ട് കഴിഞ്ഞിട്ടും കോട്ടം തട്ടാതെ നിൽക്കുന്ന ഒരു അഗാധ സൗഹൃദത്തിന്റെ തുടക്കം.

 

 

 

ആ വർഷത്തെ വിന്റർ വെക്കേഷന്  നാട്ടിൽ പോകുന്നില്ല എന്നായിരുന്നു ഇജാസും സുദീപും തീരുമാനിച്ചത്. പക്ഷെ, ഇതു പറയാൻ വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ നിർബന്ധമായും വരാനാണ് ഇജാസിനോട് പറഞ്ഞത്. എന്തോ അത്യാവശ്യമുണ്ടത്രെ. പക്ഷെ, വെക്കേഷന് പോയ  ഇജാസ്  പിറ്റേന്ന് തന്നെ തിരിച്ചു വന്നു. വെക്കേഷൻ കഴിഞ്ഞു ക്‌ളാസ് തുടങ്ങിയപ്പോഴും ഇജാസ് പഴയ പോലെ  ആരോടും മിണ്ടാതെയായി. എന്തുപറ്റിയെന്നു സുദീപ് എത്ര ചോദിച്ചിട്ടും അവൻ മറുപടി ഒന്നും പറഞ്ഞില്ല. വെക്കേഷന് നാട്ടിൽ പോയ ദീപ്തി മൂന്നു ദിവസം വൈകിയാണ് വന്നത്. ദീപ്തി വന്നു ചോദിച്ചപ്പോഴാണ് ഇജാസ് കാര്യം പറഞ്ഞത്. അവൻ തന്റെ ഷർട്ട് പൊക്കി കാണിച്ചു. വയറിലും പിന്നിലും നല്ല വലുപ്പത്തിൽ നീളത്തിൽ നീലിച്ചു കിടക്കുന്നു. നല്ല വീതിയുള്ള എന്തോ ഒന്നു കൊണ്ട് തല്ലു കിട്ടിയതാണ്.

 

 

“എന്താടാ എന്താ പറ്റിയത് ?” ആധിയോടെ ദീപ്തി ചോദിച്ചു.

 

 

“ഞാൻ എം ബി ബി എസ് നിർത്തിയത് വീട്ടിലറിഞ്ഞു. അത് ചോദിക്കാനാണ് എന്നെ നിർബന്ധിച്ചു വീട്ടിലേക്ക് വിളിപ്പിച്ചത്”  പൂർണമായ നിർവികാരതയോടെ ഇജാസ് പറഞ്ഞു.

2 Comments

  1. ♥️♥️♥️♥️♥️♥️♥️

  2. ? നിതീഷേട്ടൻ ?

    ?

Comments are closed.