Ezham Kadalum Kadannu | Author: Alchemist
പിറ്റേന്ന് മുതൽ ദീപ്തി ഇജാസിനോട് കൂടുതൽ അടുത്തിടപഴകാൻ തുടങ്ങി. പഠിപ്പിക്കുന്ന വിഷയങ്ങളിൽ പലതിലും അവന് സംശയങ്ങൾ ഉണ്ടായിരുന്നു. കൂടാതെ ഇംഗ്ലീഷ് അവന് അറിയാമായിരുന്നെങ്കിലും ചില അധ്യാപകരുടെ ഭാഷ ശൈലി അവന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അവൻറെ ഇത്തരം ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ദീപ്തി അവനെ ഹെൽപ്പ് ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ അകൽച്ച കാണിച്ചുവെങ്കിലും പിന്നീട്പ പതിയെ അവനും അവളോട് അടുക്കാനും സംസാരിക്കാനും തുടങ്ങി. അങ്ങനെ കുറച്ചു ദിവസങ്ങൾ കൊണ്ട് എന്ത് കാര്യങ്ങളും പ്രശ്നങ്ങളും സംസാരിക്കാവുന്ന ഒരു അടുത്ത സുഹൃത്തായി കഴിഞ്ഞിരുന്നു ഇജാസിന് ദീപ്തി.
അങ്ങനെ ഒരു ദിവസം ദീപ്തി അവനോട് അവന്റെ കാര്യങ്ങൾ ചോദിച്ചു. പക്ഷേ ദീപ്തി പ്രതീക്ഷിച്ച കാര്യങ്ങൾ ആയിരുന്നില്ല അവൻ പറഞ്ഞത്.
ഏഴാം കടലും കടന്ന്… ഭാഗം-3
ആൽക്കെമിസ്റ്റ്
കേരളത്തിലെ ഏതെങ്കിലും കുഗ്രാമത്തിൽ നിന്ന് കാര്യമായി സാമ്പത്തിക ശേഷിയില്ലാത്ത ഒരു കുടുംബത്തിൽ നിന്നായിരിക്കും അവൻ വരുന്നത് എന്നാണ് മറ്റെല്ലാവരെയും പോലെ ദീപ്തിയും കരുതിയിരുന്നത്. എന്നാൽ സത്യം അതായിരുന്നില്ല.
കേരളത്തിലെ ഒരു സമ്പന്നമായ പുരാതന തറവാട് ആണ് അവന്റെ കുടുംബം. ഭൂസ്വത്തുക്കളും കൃഷികളും കച്ചവടങ്ങളുമായി ഒരുപാട് സ്വത്തുക്കൾ. പുഴപ്പറമ്പിൽ അഹമ്മദ് ഹാജി എന്നു കേട്ടാൽ നാട്ടുകാർ ആദ്യം ഒന്നു വിറക്കും. അറുത്ത കൈക്ക് ഉപ്പു തേക്കാത്ത പിശുക്കനൊന്നുമല്ല, പക്ഷെ, മൂക്കിന് തുമ്പിലാണ് കോപം. ചെറിയ തെറ്റുകൾക്ക് പോലും കടുത്ത ശിക്ഷ. തന്റെ തീരുമാനം തെറ്റാണെന്നറിഞ്ഞാൽ പോലും പുനഃപരിശോധിക്കുന്ന പതിവില്ല. സുഗ്രീവാജ്ഞ എന്ന പദപ്രയോഗം അഹമ്മദ് ഹാജിയെകണ്ടു ഉണ്ടാക്കിയതാണോ എന്നു തോന്നിപ്പോകുന്ന തരത്തിലുള്ള പെരുമാറ്റം. പരമ്പരാഗതമായി കിട്ടിയ സ്വത്ത് മറ്റു നാലു സഹോദരങ്ങളും വിറ്റു തുലച്ചു കടം കയറി നശിച്ചപ്പോഴും അഹമ്മദ് ഹാജിക്ക് കിട്ടിയതിൽ തരിമ്പും കുറഞ്ഞില്ലെന്ന് മാത്രമല്ല, ഇരട്ടിലധികമാക്കാനും അഹമ്മദ് ഹാജിക്ക് കഴിഞ്ഞു. കൂടാതെ നാലു സഹോദരങ്ങളുടെ കടം വീട്ടാനും അഹമ്മദ് ഹാജി മാത്രമേ ഉണ്ടായുള്ളൂ. അതുകൊണ്ടു തന്നെ നാലു പേരും അഹമ്മദ് ഹാജിയെ കണ്ടാൽ സ്വന്തം ബാപ്പയെ പോലെ പേടിയോടെയാണ് കാണുന്നത്. സ്വന്തം സഹോദരങ്ങൾ പോലും ഭയത്തോടെയാണ് കാണുന്നത് എന്നു പറയുമ്പോൾ ഭാര്യയുടെയും മക്കളുടെയും കാര്യം പറയേണ്ടല്ലോ. സമയവും നേരവും നോക്കി മാത്രമേ ഭാര്യ ആമിന പോലും സംസാരിക്കാറുള്ളൂ. അഹ്‌മദ് ഹാജി ആകെ ചിരിച്ചും സന്തോഷത്തോടെയും പെരുമാറുന്നത് തന്റെ അടുത്ത കുറച്ചു സ്നേഹിതരോട് മാത്രമാണ്. അധികം പേരുമൊന്നുമില്ല. അയൽവക്കത്തുതന്നെ താമസിക്കുന്ന ഡോക്റ്റർ ശിവരാമകൃഷ്ണൻ, പഴയ സുഹൃത്തും മകൾ റസിയയുടെ ഭർത്താവിന്റെ ബാപ്പയുമായ അഷ്‌റഫ്, ബാല്യകാലം മുതലുള്ള കൂട്ടുകാരനായ അബ്ദുൽ കാദർ എന്നിങ്ങനെ മൂന്നു നാലു പേരേയുള്ളൂ. അഹ്‌മദ് ഹാജിക്ക് കുട്ടികൾ മൂന്നാണ്. മൂത്തവൻ ഇല്യാസ് പത്താം ക്‌ളാസ് തോറ്റതോടു കൂടി പഠിപ്പ് നിർത്തി വീട്ടിലെ കാര്യങ്ങളും കൃഷി കാര്യങ്ങളും മറ്റും നോക്കി പിതാവിന് പൂർണ വിധേയനായി കഴിയുന്നു. മകൾ റസിയ വിവാഹം കഴിഞ്ഞു ഭർത്താവിനോടൊപ്പം ഗൾഫിലാണ്. തന്റെ ഭർത്താവിന് വേണ്ട വിധം മാന്യത വീട്ടിൽ കിട്ടുന്നില്ല എന്ന തോന്നലുണ്ടായത് കൊണ്ട് റസിയ തന്നെയാണ് അവനെ നിർബന്ധിച്ചു ഗൾഫിലേക്ക് പറഞ്ഞയച്ചത്. ഏറ്റവും ഇളയവനാണ് ഇജാസ്. പത്താം ക്‌ളാസിൽ നല്ല മാർക്കുണ്ടായിരുന്നതുകൊണ്ടു അവനെ നന്നായി പഠിപ്പിക്കണം എന്ന് ഹാജി തീരുമാനിച്ചു. അവരുടെ നാട്ടിൽ ഏറ്റവും നല്ല വിദ്യാഭ്യാസം എന്ന് പറഞ്ഞാൽ അത് ഡോക്ടറും എൻജിനീയറും ആണ്. ഡോക്റ്റർ ശിവരാമകൃഷ്ണന്റെ ഉപദേശം കൂടിയായപ്പോൾ ഹാജിയാർ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. പുഴപ്പറമ്പിൽ തറവാട്ടിൽ നിന്ന് ഒരു ഡോക്റ്റർ എന്ന നിയോഗം തീരെ ഇഷ്ടമില്ലാതിരുന്നിട്ടും ഇജാസിന്റെ മേൽ കെട്ടിവെക്കപ്പെട്ടു. വീട്ടിൽ നിന്നാൽ ഉഴപ്പുമെന്ന കാരണം പറഞ്ഞു അവനെ ഹോസ്റ്റലിൽ നിർത്താൻ പറഞ്ഞതും ഡോക്റ്റർ തന്നെയാണ്. തീരെ ഇഷ്ടമില്ലാതിരുന്നിട്ടും പ്രീ ഡിഗ്രിക്ക് അവനു സെക്കൻഡ് ഗ്രൂപ്പ് എടുക്കേണ്ടി വന്നു. പക്ഷെ, പ്രീ-ഡിഗ്രിയുടെയും എന്ട്രന്സിന്റെയും റിസൾട്ട് വന്നപ്പോൾ കഥ മാറി. ബയോളജിയിലെ കുറഞ്ഞ മാർക്ക് മെഡിസിൻ പ്രവേശനം തടഞ്ഞപ്പോൾ ഇജാസ് സന്തോഷിച്ചതാണ്. പക്ഷെ, അവിടെയും ഡോക്റ്റർ ശിവരാമകൃഷ്ണൻ വന്ന് പരിഹാരം നിർദേശിച്ചതോടു കൂടി ഇജാസ് തളർന്നു. ബാംഗ്ലൂരിലെ രാമയ്യ മെഡിക്കൽ കോളേജിൽ തന്റെ പരിചയം കൊണ്ട് ഡൊണേഷൻ 50 ലക്ഷത്തിലൊതുക്കി സീറ്റ് വാങ്ങിക്കൊടുത്തു ഡോക്ടർ.
“അങ്ങനെയാണ് ഞാൻ ബാംഗ്ലൂരെത്തിയത്.”
ഇജാസ് പറഞ്ഞു നിർത്തി.
“രാമയ്യ കോളേജിൽ നിന്ന് പിന്നെ നീയെങ്ങനെ ഇവിടെയെത്തി.”
♥️♥️♥️♥️♥️♥️♥️
?