“ഒന്നൂല്ല പൊടിപിടിച്ചിരിക്കുന്നു മുറിയൊക്കെ. ശരി”
അത് പറഞ്ഞു അകത്ത് കയറി മുറിയിൽ എന്റെയും അവളുടെ ഫോട്ടോകളൊക്കെ പൊടിപിടിച്ചിരിക്കുന്നു. പുസ്തകങ്ങളൊക്കെ അടുക്കി വെച്ചു.ബാലരമ വാങ്ങിക്കാറുണ്ടായിരുന്നു അന്ന്. ഞാനും അവളും വായിക്കും. ഒരു വലിയ പെട്ടി ഉണ്ട് അതിലാണു അവളുടെ സമ്പാദ്യം മുഴുവൻ ഉള്ളത്. ഞാൻ അത് തുറന്നു. എത്രയോ കാലമായി പെട്ടി തുറന്നിട്ട്. മുകളിൽ തന്നെ അവളുടെ ഒരു സോഡാ കുപ്പി കണ്ണട. ആ കണ്ണടയിൽ ഒരു കഥയുണ്ട്.
ഒരു ദിവസം ഞാൻ വൈകിട്ട് വീട്ടിൽ വന്നപ്പോൾ അവൾ അകത്ത് ഇരുന്നു എന്തോ കാര്യമായിട്ട് എഴുതുന്നു.പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഒരു വലിയ കണ്ണടയൊക്കെ വെച്ചിട്ട്.
” എന്തോന്നാടി ഇത് ?” ഞാൻ ചോദിച്ചു.
” എങ്ങനെയുണ്ട് കൊള്ളാമോ?”
” ആ റൂട്ടിലോടുന്ന സിന്ധു ബസ്സിന്റെ മുൻ വശം പോലുണ്ട്. എന്തിനാ ഈ വലിയ കണ്ണടയൊക്കെ?”
” എല്ലാരും പറയുന്നു എനിക്ക് മെച്ചൂരിറ്റി ഇല്ല.20 വയസ്സായിട്ടും കൊച്ചു കുട്ടികളെ പോലെ തുള്ളിച്ചാടി നടക്കുന്നു എന്നൊക്കെ.ഇതിട്ടാൽ ഒരു മാധവിക്കുട്ടിയെ പോലെ ഇല്ലേ?”
ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും ചിരിയാണു മെച്ചൂരിറ്റി തോന്നിക്കാൻ വാങ്ങിച്ച കണ്ണട., പിന്നെ ഫാൻസി വളകൾ ,കമ്മൽ, കുപ്പിവളപ്പൊട്ടുകൾ, മഞ്ചാടിക്കുരു.പിന്നെ ഞാൻ വാങ്ങിച്ചു കൊടുത്ത ആദ്യത്തെ വാച്ച്, മയിൽപ്പീലി, ചോക്ലേറ്റ് കവർ തുടങ്ങിയവ.
കുപ്പിവളയൊക്കെ ഞാൻ വാങ്ങിച്ചു കൊടുത്തതാണ് വലിയ ഇഷ്ടമായിരുന്നു അതൊക്കെ, ഓരോ ഡ്രസ്സിനും ഓരോ കളർ.എല്ലാം ചിലപ്പോൾ രണ്ടാളും തല്ലുകൂടി പൊട്ടിക്കും. പൊട്ടിയതൊക്കെ അവൾ പെട്ടിയിലിടും. വീണ്ടും ഞാൻ വാങ്ങിച്ചു കൊണ്ടുവരും നമ്മൾ തല്ലുകൂടി പൊട്ടിക്കും.മഞ്ചാടിക്കുരു എടുത്തപ്പോൾ ഞാൻ ഓർത്തു.
****************
“എടാ 1438 മഞ്ചാടിക്കുരു ഉണ്ട് .എത്ര 1438. ഒരെണ്ണം കളയാതെ സൂക്ഷിക്കണം കേട്ടോ.”
അവൾ പറഞ്ഞത് ഓർത്തു ഞാൻ.
രേഷ്മേച്ചിയും രെഖിലേച്ചിയും വിവാഹം കഴിഞ്ഞു ഒരു ദിവസം വീട്ടിൽ ഉണ്ടായിരുന്നു. അച്ഛൻ, അമ്മ രേഷ്മ, രെഖില, റിൻഷ, പിന്നെ ഏറ്റവും ഇളയത് വർഷയും. എന്തോ വഴക്ക് കേട്ടത് പോലെ വീട്ടിലേയ്ക്ക് കയറി ചെല്ലുമ്പോൾ ഞാൻ കേട്ടു.
Touching