എന്റെ മഞ്ചാടി 6

Ente Manjadi by റെനീഷ് ലിയോ ചാത്തോത്ത്

തുണിയും വെള്ളവും ചൂലുമൊക്കെയായി മുകളിലേക്കുള്ള കോണിപ്പടി കയറുമ്പോൾ പെട്ടെന്ന് അമ്മ പുറകിൽ വന്നു ചോദിച്ചു.

“ഇതെങ്ങോട്ടേക്കാ, ചൂലുമൊക്കെയായിട്ട് ”

“മുകളിലത്തെ മുറിയൊക്കെ ഒന്നു വൃത്തിയാക്കണം അമ്മേ, കുറെ സാധനങ്ങൾ ഉണ്ട്, എന്റെ കുറച്ചു പുസ്തകങ്ങൾ ഉണ്ട് എല്ലാം ഒന്നു അടുക്കി വെയ്ക്കണം”

അതും പറഞ്ഞ് ഞാൻ മുകളിലേക്ക് കയറി. ചുറ്റുമൊന്നു കണ്ണോടിച്ചു. ഒരു മുറി മാത്രം വൃത്തിയായി സൂക്ഷിച്ചു വെച്ചിട്ടുണ്ട് അത് ചേച്ചിയൊക്കെ വന്നാൽ ഞാൻ അല്ലെങ്കിൽ അച്ഛൻ, ആരെങ്കിലും അവിടെ കിടക്കും ഇല്ലെങ്കിൽ അടച്ചിടും.പിന്നെ ഒരു മുറി അമ്മ എന്തൊക്കെയോ സാധനങ്ങൾ വെച്ചിരിക്കുന്ന മുറിയാണ്. വടക്ക് ഭാഗത്ത് ഒരു വലിയ മുറിയുണ്ട്, ഞാൻ അവിടേക്ക് നടന്നു. അതിനു മുന്നിൽ നിന്ന് അകലേക്ക് നോക്കിയാൽ റോഡും വയലും കാണാം, അത് കഴിഞ്ഞു നിശ്ചലമായി ഒഴുകുന്ന പുഴ കാണാം.

ഞാൻ വാതിൽ തുറന്നു. ഇപ്പോൾ ഏറെ നാളായി ആരെങ്കിലും കയറിയിട്ട്.ഞാൻ നാട്ടിൽ വന്നാൽ തുറക്കാറുണ്ട് എന്നും. മാറാല കെട്ടി പൊടിപിടിച്ചിരിക്കുന്നു തൂത്തു തുടച്ചു വൃത്തിയാക്കിയിട്ട് കുറെ നാളായിരിക്കുന്നു. ഒന്നു രണ്ടു തവണ തുമ്മിയപ്പോൾ ഞാൻ ചുവരിൽ നോക്കി. അവളുടെ ഫോട്ടോ കണ്ടു റിൻഷയുടെ. ഞങ്ങളെ വിട്ട് എവിടേയ്ക്കോ പറന്നു പോയ എന്റെ ഇരട്ട സഹോദരി. ആ മുഖത്തേക്ക് ഞാൻ നോക്കി അവളുടെ മുഖത്തെ പൊടി തുടച്ചു. ആ നുണക്കുഴിയും, പുഞ്ചിരിയും, കുറുമ്പുമൊക്കെയുള്ള അവളുടെ മുഖത്തെ ശോഭയ്ക്ക് അഞ്ച് വർഷം കഴിഞ്ഞിട്ടും ഒരു പോറലു പോലും ഏറ്റിട്ടില്ല. ഇന്നും 21 വയസ്സിൽ സുന്ദരിയായി നില്ക്കുന്നു അവൾ.

”എടാ., നിന്നോടാരാ ഇതൊക്കെ ചെയ്യാൻ പറഞ്ഞേ, അല്ലെങ്കിൽ തന്നെ അവനു പൊടി അലർജിയാ, നീ തുമ്മാതെ മുറിയിൽ നിന്നു ഇറങ്ങി പോയേ ഇതൊക്കെ ഞാൻ ചെയ്തോളാം.” കണ്ണ് തിരുമ്മിയപ്പോൾ അവൾ അങ്ങനെ പറയുന്നതായിട്ട് എനിക്ക് തോന്നി.

പെട്ടെന്ന് അമ്മ വിളിച്ചു ഉമ്മറത്ത് മുറ്റത്ത് നിന്നാണ് കൂടെ അയൽപക്കത്തെ ശാരദേച്ചിയുടെ മകൾ പ്രിൻസിയും ഉണ്ടായിരുന്നു. ഞാൻ മുറിക്ക് പുറത്ത് കടന്നു മുകളിൽ നിന്ന് താഴെ നോക്കി..

“മോനേ ഞാൻ ദേവകിയേടത്തിയുടെ വീട്ടിൽ പോയിട്ട് വരാം ”

” ശരി, അമ്മേ.കുടയെടുത്തിട്ട് പോക്കോളു അമ്മ…, നല്ല മഴക്കോളുണ്ട്. ”

” കുട എന്റെ കൈയ്യിൽ ഉണ്ട് റെനീഷേട്ടാ, അതെയ് എന്താ മുകളിൽ പരിപാടി ” പ്രിൻസി ചോദിച്ചു.

1 Comment

Comments are closed.