അവള് വല്ലാത്തൊരു ജിജ്ഞാസയോടെ ചോദിച്ചു.” അത് നമ്മടെ ചെത്തുകാരന് രാരുക്കുട്ടി അവന് ഇന്നലെ പൊന്തി ”നെറ്റിയില് ഭസ്മക്കുറി വരച്ചുകൊണ്ട് അച്ഛമ്മ പറഞ്ഞു.ഒരിടിവെട്ടേറ്റ പോലെ അവള് മൂറ്റത്തുനിന്നു. ഒരു പ്രതികാരത്തിനുപോലും ഇടകൊടുക്കാതെ ഇരപിടിയന്മാരെ രക്ഷിച്ചെടുക്കുന്ന ദൈവങ്ങള്.പാടത്തെ ചെറ്റപ്പുര സുഖണ്ടോ തമ്പ്രാട്ടികുട്ട്യേ എന്നുറക്കെ വിളിച്ചു കളിയാക്കി.മനസ്സിന് കനം ക്കുന്നു.വൈകരുത് അവള് മന്ത്രിച്ചു.എണ്ണ മൂക്കാലും വറ്റിയ ഒരല്പ്പം മാത്രം ജീവന് ശേഷിക്കുന്ന ഒരു റാന്തല് ആ ചെറ്റപ്പുരക്കകത്ത് തൂക്കിയിട്ടിരുന്നു.ഒരു മുള്ളങ്കട്ടിലില് മേലാകെ മൂടി പുതപ്പിച്ച് രാരുക്കുട്ടിയെ കിടത്തിയിരിക്കുന്നു.
ഒരു ചിരട്ടയില് അല്പ്പം വെള്ളം ഒരോലക്കീറിലൂടെ കുറച്ചു മാത്രകളുടെ ഇടവേളകളില് അയാളുടെ വായിലേക്ക് ഇറ്റുവീഴാന് പാകത്തില് ക്രമികരിച്ചിരുന്നു.പക്ഷെ ചിരട്ടയിലെ വെള്ളം വറ്റിയിരുന്നു.വരണ്ട ചുണ്ടുകള് വെള്ളത്തിനു കേണു.അമ്മുക്കുട്ടി കട്ടിലിനരികില് നിന്നു. പിന്നില് മറച്ചു പിടിച്ച കഠാരയില് പിടിമുറുക്കിക്കൊണ്ട് അയാളുടെ ഈച്ചയാര്ക്കുന്ന ശരീരത്തെ അവള് അപാദചൂഡം വീക്ഷിച്ചു.പുതപ്പ് വലിച്ചുമാറ്റിയപ്പോള് അയാള് ദയനീയമായി ഞരങ്ങി.പേശികള് തുടിച്ചു നിന്നിരുന്ന അയാളുടെ ഉറച്ച ശരീരം ഉടഞ്ഞു കോടി ഒരു വിറകുകഷ്ണം പോലെ ദുര്ബലമായി തീര്ന്നിരുന്നു.ശരീരം മുഴുവന് പവിഴമണികള് വിതറിയിട്ടപോലെ,രക്തവും ചലവുമൊലിച്ച് ഭഗവതി കളിയാടിയ ദേഹം കിടന്നു.അയാള് വെള്ളം വെള്ളം എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു.കഠാര നെഞ്ചിന്കൂടിന് മുകളില് പിടിച്ചപ്പോള് രാരു കണ്ണുതുറന്നു.
അമ്മുക്കുട്ടിയെ കണ്ട് അയാള് ചിരിച്ചു.ദുര്ബലമായിരുന്നെങ്കിലും ആ ചിരിയില് പഴയ പൈശാചികത നിഴലിച്ചിരുന്നോ ??ജയിച്ചവന്റെ കണ്ണുകള്.അയാളുടെ കണ്ണുകളില് വിജയലഹരി വന്നു നിറയുന്നു.അമ്മുക്കുട്ടി കഠാര വലിച്ചെറിഞ്ഞു.അയാളുടെ കട്ടിലിനരികിലെ ചിരട്ട കയ്യിലെടുത്ത് അതിലവശേഷിച്ച ജലം അയാളുടെ വരണ്ട ബീഡിക്കറപിടിച്ച ചുണ്ടുകളിലേക്ക് പകര്ന്നു കൊടുത്തു.അവള് ചിരിച്ചു.പിന്നെ പതുക്കെ അയാളുടെ ചെവിയില് ചുണ്ടു ചേര്ത്തു വച്ചു.”സുഖം തോന്നുന്നുണ്ടോ രാരു…??” അതു കേട്ട മാത്രയില് അയാളുടെ ശരീരം പ്രാണവേദനയില് പിടഞ്ഞു.