ഇളയമ്മയുടെ വീട്ടുപടിക്കല് അമ്മുക്കുട്ടി തളര്ന്നിരുന്നു.കൈകലുകളിലെ ചോരകക്കിയപാടുകള് നീറി വായാകെ കയ്ക്കുന്നു.കണ്ണില് ഇരുട്ട് കയറി.മുഖത്ത് തണുത്ത വെള്ളം ശക്തിയില് വീണപ്പോഴാണ് അമ്മുക്കുട്ടി കണ്ണുതുറന്നത് ”എന്തുപറ്റി ന്റെ കുട്ടിക്ക് ഏളേമ്മയെ വിളിക്കയിരുന്നില്ലേ മോളേ…”അവരുടെ കൈകളില് കിടന്ന് അവളൊന്ന് പുഞ്ചിരിക്കാന് ശ്രമിച്ചുസാരല്ല്യ കുട്ട്യേ ഇത് നമ്മുടെ തലേലെഴുത്താണ് തേച്ചാലും മായ്ച്ചാലും പോവില്ല ഈ സമയത്ത് ഇങ്ങനെ തലചുറ്റി വീഴുന്നതൊക്കെ സാധാരണയാണ് മോളു വാ വന്ന് കുളിക്ക്.അമ്മുക്കുട്ടി തലയില് വീണ്ടും വീണ്ടും വെള്ളം കോരിയൊഴിച്ചു.അവളുടെ കണ്ണുകള് നിറഞ്ഞൊഴുകി എത്ര കുളിച്ചാലും പോവാത്ത തെങ്ങിന്കൊതുമ്പിന്റെ ചൂര്.വിശുദ്ധിയുടെ ഒരു പാടലം നഷ്ട്ടപ്പെട്ടു പോയിരിക്കുന്നു.അതോ എന്നെ തന്നെയോ നഷ്ട്ടപ്പെട്ടത് .ഇളയമ്മ വിളമ്പിയ കഞ്ഞി ചങ്കില് കെട്ടി കിടന്നു.വായില് അയാളുടെ ബീഡിക്കറപിടിച്ച ചുണ്ടുകളുടെ കയ്പ്പ്.എത്ര കാര്ക്കിച്ചു തുപ്പിയിട്ടും പോവാതെ അ ചവര്പ്പ് വീണ്ടും വീണ്ടും വായില് വന്ന് നിറയുന്നു.മനുഷ്യന്റെ ആര്ത്തിയേക്കാള് ദൈവങ്ങളുടെ നിസ്സംഗതയാണവളെ തളര്ത്തിയത്.
ദൈവം മുറിവേല്പ്പിച്ച ശരീരത്തെ പുരുഷന് ചവിട്ടിയരക്കുന്നു.പെണ്ണിനെ മാത്രം തേടിവരുന്ന കൂച്ചുവിലങ്ങുകള്.ഇരപിടിയന്മാരുടേത് മാത്രമായ ദൈവങ്ങള്.ഞാനൊരു ബലിശിഷ്ട്ടമാണോ ???ഏഴുപകലും രാത്രിയും പ്രതികാരത്തിന്റെ കനലുകള് ഊതിക്കാച്ചുകയായിരുന്നു.സുഖണ്ടോ തമ്പ്രാട്ടികുട്ട്യേ എന്ന സ്വരം കാതില് പുഴുക്കളെപ്പോലെ നുരഞ്ഞു.മാറ് വേദനയില് വിങ്ങി. തഴമ്പുകെട്ടിയ നെഞ്ചിലൊരു കത്തി താഴ്ത്തുന്ന രംഗം മനസ്സില് പലവുരു വരച്ചു നോക്കി.അടുത്ത 27 പകലുകള്ക്കിടയില് ഒരു ദിവസം കുറിക്കണം മനസ്സ് പ്രതിവചിച്ചു.കാവിലെ ഉല്സവത്തിന് കൊടിയേറ്റ് കഴിഞ്ഞു.
തറവാട്ടിലെല്ലാവരും തിരക്കിലാണ് .അമ്മുക്കുട്ടിക്ക് വന്ന മാറ്റമൊന്നും ആരുടെയും കണ്ണിലുടക്കിയില്ല .അച്ഛമ്മ മാത്രം ഇടക്ക് എന്തുപറ്റി കുട്ട്യേ എന്നു ചോദിക്കയുണ്ടായി മറുപടിക്ക് കള്ളങ്ങള് തിരയും മുമ്പേ അവര് പോവുകയും ചെയ്തു.ഉല്സവത്തിന് ഒരാഴ്ച്ച മാത്രമുള്ളപ്പോഴാണ് ദേശത്ത് വസൂരി പടര്ന്നു പിടിച്ചത് മനുഷ്യര് കൂട്ടത്തോടെ ചത്തുവീഴാന് തുടങ്ങി.ഭഗവതി വിളയാടിയാതാണെന്ന് പറഞ്ഞ് കാരണവന്മാര് നെഞ്ചുഴിഞ്ഞു.
അനുഗ്രഹത്തിന്റെ കുന്നിക്കുരുമണികള് വാരിയെറിഞ്ഞ് ഭഗവതി പരിവാരസമേതം നാടുചുറ്റി .പാടത്തും പറമ്പിലും ഒലക്കീറുകള് കുത്തിമറിച്ചുണ്ടാക്കിയ കൂരകള് പൊന്തി .വസൂരി പിടിപെട്ടവരെ മരിക്കാനായി അതിനുള്ളില് കൊണ്ടിട്ടു.കുരിപ്പു പൊന്തി പണ്ടാരമടങ്ങിയ ശവങ്ങളെ പറയന്മാര് പഴംമ്പായില് പൊതിഞ്ഞ് കെട്ടി കൊണ്ടുപോയി കുഴിച്ചിട്ടു.കുറുക്കന്മാര് പാതി ചീഞ്ഞ ശവങ്ങള് മാന്തി പുറത്തെടുത്ത് തിന്നുവിശപ്പടക്കി.വസൂരി വന്നു മരിച്ചവര് പരലോകത്തേക്കു പോവാതെ ശിവന്റെ ഭൂതഗണങ്ങളായി മാറി മോക്ഷം പ്രാപിക്കുകയാണ് ചെയ്യുകയെന്ന് അച്ഛമ്മ പറഞ്ഞു.മുറ്റത്ത് നിന്ന് വെറുതേ പാടത്തേക്കൊന്ന് കണ്ണോടിച്ചപ്പോഴാണ് പാടവക്കത്ത് പുതിയൊരു ഒലപ്പുര പൊന്തിയിരിക്കുന്നത് അമ്മുക്കുട്ടി കണ്ടത്.”ആരാണതിനകത്ത് ?”