ഋതുമതി 50

ഋതുമതി

തച്ചാടന്

നേരം പാതിരാത്രി ആയിരിക്കുണു .അശ്രീകരം പിടിക്കാനായിട്ട് നിനക്കിത് നേരത്തെ അറിയാമായിരുന്നില്ലേ പെണ്ണേ…രണ്ടീസം മുമ്പേ കല്ല്യാണീടെ അവടെ പോയി നിക്കാരുന്നില്ല്യേ ?” കെട്ടഴിഞ്ഞ് അലങ്കോലമായ മുടി ഉച്ചിയില് വാരിക്കെട്ടി അച്ഛമ്മ പിറുപിറുത്തു.”ഇനിയിപ്പൊ അവിടേം ഇവിടേമൊക്കെ കൂട്ടിത്തൊട്ട് അശുദ്ധാക്കണ്ട.ചായിപ്പിലെ തട്ടിന്റെ മോളീന്നൊരു ചൂട്ടെടുത്തോ ഞാന് വെളക്കു കത്തിക്കാം”അമ്മുക്കുട്ടിക്ക് കരച്ചില് വന്നു.ഇന്നലെവരെ കാച്ചിയ എണ്ണ തേപ്പിച്ച് കുളിപ്പിച്ച് മുടി മാടിക്കെട്ടി തന്നിരുന്ന അച്ഛമ്മയാണ് ഇന്നിപ്പൊ പടിക്കലെ ചെറുമികളോടെന്നോണം പെരുമാറുന്നത്.ചൂട്ടുമെടുത്ത് ഉമ്മറത്തെത്തിയപ്പോഴേക്കും അച്ഛമ്മ വിളക്ക് കൊളുത്തി ഉമ്മറപ്പടിയില് വച്ചിരുന്നു.

അച്ഛമ്മ രണ്ടടി മാറിയാണ് നില്ക്കുന്നത് തീണ്ടണ്ടാ എന്നു കരുതിയാവും.” ഇനിയിപ്പൊ അച്ഛനെ ഒണര്ത്താനൊന്നും നിക്കണ്ട ഈ തണുപ്പത്തിനി അവന് കുളിക്ക്യാന്നൊക്കെ വെച്ചാ ബുദ്ധിമുട്ടാവും ഇവിടെ അുത്തല്ലെ നീയാ ചൂട്ടുകത്തിച്ച് നടന്നോ .. ഇടവഴി കേറുമ്പോ സൂക്ഷിച്ചോളു എഴജന്തുക്കളുണ്ടാവും ”അമ്മുക്കുട്ടി ദയനീയമായി അച്ഛമ്മയെ നോക്കി അവരപ്പോഴേക്കും വാതിലടച്ചിരുന്നു.അടിവയറ്റിലാകെ പടരുന്ന വേദന.എവിടെയെങ്കിലും കിടന്നാല് മതിയെന്നായിരിക്കുന്നു.ഈ കൂറ്റാകൂറ്റിരുട്ടത്ത് ഇളയമ്മയുടെ വീട്ടിലേക്ക് ഒറ്റക്ക് നടന്നു പോവുന്ന കാര്യമോര്ത്തപ്പോള് ഭയവും വേദനയും ഇടകലര്ന്ന് അവള് കൂടുതല് വിവശയായി.കാവുമ്പാട്ടെ പെണ്ണുങ്ങളുടെ വിധിയാണിതെന്ന് അച്ഛമ്മ പറയും.രജസ്വലയാവുന്ന പെണ്ണുങ്ങളെ രായ്ക്കുരാമാനം ഇല്ലം കടത്തുന്ന വിചിത്രമായ വിശ്വാസത്തെ ഉള്ക്കൊള്ളാന് അമ്മുക്കുട്ടിക്ക് ഒരിക്കലും സാധിച്ചിരുന്നില്ല.തറവാടിനോട് ചേര്ന്ന കാവ് അശുദ്ധമാവാതിരിക്കാന് തറവാട്ടിലെ സ്ത്രികള് ദിവസമെത്തുന്നതിന് മുമ്പേ ബന്ധുവീടുകളില് പോയി പാര്ത്തു പോന്നു.

ദൈവത്തിനെന്താണ് പെണ്ണുങ്ങളെ കണ്ടുകൂടാത്തതെന്ന് ചെറുപ്പത്തിലെപ്പോഴോ അമ്മുക്കുട്ടി അച്ഛമ്മയോട് ചോദിച്ചിരുന്നു.ദൈവദോഷം പറയാണ്ട് അടങ്ങിയിരുന്നോ പെണ്ണേ എന്നായിരുന്നു അച്ഛമ്മയുടെ മറുപടി.കാവിലെ നാഗങ്ങളും ഭഗവതിയും ക്ഷിപ്രപ്രസാദികളും അതുപോലെ തന്നെ ക്ഷിപ്രകോപികളുമാണെന്നാണ് കേട്ടുകേള്വി. വിശ്വാസപ്രമാണങ്ങളില് നിന്ന് കടുകിട വ്യതിചലിക്കാന് കാരണവന്മാര് ഒരുക്കമായിരുന്നില്ല. നാഗശാപമാണ് തറവാട് ക്ഷയിച്ച് അന്യം നിന്നുപോവും.അശുദ്ധി കല്പ്പിച്ച് അകറ്റിനിര്ത്തപെടുമെങ്കിലും തറവാട്ടിലെ സ്ത്രികള് കാവിലെ ഭഗവതിയേയും നാഗങ്ങളേയും പരദേവതകളായി കണ്ട് ആരാധിച്ചുപോന്നു.പരിഭവങ്ങളേതുമില്ലാതെ അവര് കാവില് നിത്യവും വിളക്കു വച്ചു.

Updated: May 16, 2018 — 11:15 pm