ഇങ്ങനെയും ഒരച്ഛൻ 43

Enganem Oru Achan by ശാലിനി വിജയൻ

‘ഇങ്ങനെ ഒരു മൊരഡൻ അച്ഛനെ അമ്മ എങ്ങിനെയാ ഇത്രേം കാലം സഹിച്ചത്…?

“മുൻപേ ഇട്ടേച്ച് പോകാമായിരുന്നില്ലേ”
അതു പറഞ്ഞതും മുഖമടച്ച് അമ്മയുടെ കൈയിൽ നിന്നും ഒരെണ്ണം കിട്ടിയതും ഒരുമിച്ചായിരുന്നു…

“എനിക്ക് വയ്യാ അച്ഛന്റെ കോപ്രായങ്ങൾക്കനുസരിച്ച് ജീവിക്കാൻ. ”

“എന്റെ ജീവിതം എങ്ങനെയൊക്കെ വേണമെന്ന് ഞാൻ തീരുമാനിക്കും….

“എപ്പോഴാ നിനക്ക് നിന്റെ ജീവിതം എന്നൊക്കെ തോന്നാൻ തുടങ്ങിയത് ..?

“നീ പെണ്ണാണ് അത് മറക്കണ്ട..

“പെണ്ണിന് ആഗ്രഹങ്ങളില്ലേ.. ആവശ്യങ്ങളില്ലേ..

“തർക്കുത്തരം പറയുന്നോടീ അസത്തെ…

“ചൂലാണ് കൈയിലുള്ളത്.. കേട്ടോ..

അന്നു ഞാൻ ഒരു പാട് കരഞ്ഞു തീർത്തു .എന്റെ സങ്കടങ്ങളൊക്കെ അന്ന് പെയ്ത മഴയിൽ നനഞ്ഞില്ലാതായി തീർന്നു…

ഞാൻ കാണാൻ തുടങ്ങിയതു മുതൽ അമ്മയുടെ നെറ്റിയിൽ സിന്ധൂരമോ കഴുത്തിൽ താലിയോ ഒന്നുമില്ല…

ആ ഒഴിഞ്ഞ കഴുത്തും സിന്ധൂരം ചാർത്താത്ത നെറ്റിയും എനിക്കെന്നും അത്ഭുതം തന്നെയായിരുന്നു..

പലവട്ടം ഞാനമ്മയെ ചോദ്യം ചെയ്തിട്ടുണ്ട്.. ഒന്നിനും ഉത്തരം കിട്ടിയിട്ടില്ല..

പി ജിക്കുള്ള അഡ്മിഷൻ കിട്ടിയപ്പോഴും എനിക്ക് പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ ജോയിൻ ചെയ്യണമെന്ന് വാശി പിടിച്ചു..
അത് മറ്റൊന്നും കൊണ്ടായിരുന്നില്ല..
നന്നായി അണിഞ്ഞൊരുങ്ങി കോളേജ് ലൈഫൊന്ന് ആസ്വദിക്കാൻ തന്നെയായിരുന്നു.

ഡിഗ്രിക്ക് നാട്ടിലെ കോളേജിൽ ചേർന്നപ്പോഴും വില കുറഞ്ഞ ചുരിഡാർ മെറ്റീരിയലും ഹോൾസെയിൽ കടയിലും ഷോപ്പിലും കിട്ടുന്ന ബുക്കും ബാഗും ചെരുപ്പും ഒക്കെ അച്ഛൻ തന്നെയാണ് വാങ്ങിത്തരാറ്..
അനിഷ്ടത്തോടെ അതേറ്റു വാങ്ങുമ്പോൾ അച്ഛനോടുള്ള വെറുപ്പ് കൂടി കൂടി വരികയായിരുന്നു…