പക്ഷെ കഴിഞ്ഞ രണ്ടാഴ്ചകളായി ഞാൻ അമ്മൂമ്മയെ അധികം പുറത്തേക്കു കണ്ടതേയില്ല. ഒലിവുചെടിയുടെ ചുവട്ടിലും ബോഗൺവില്ലയുടെ അരികിലും മരവേലിയുടെ മുകളിലും ഞാൻ ഓസ്കറിനെ ഇടക്കിടെ കാണാറുണ്ട്. അതുകൊണ്ട് അവർ മറ്റെങ്ങും പോയിട്ടില്ലെന്ന് എനിക്കുറപ്പായിരുന്നു. മാത്രമല്ല, രാത്രികാലങ്ങളിൽ ഞാനവരുടെ ഉൾമുറികളിൽ നിന്നും വെളിച്ചം കാണാറുമുണ്ടായിരുന്നു. പക്ഷെ എന്തോ പതിവിനു വിപരീതമായ ഒരു വ്യത്യാസം ഉള്ളിൽ വെറുതെ തോന്നി. ഒരുപക്ഷെ അവർ പുറത്തിറങ്ങുന്ന സമയങ്ങളിൽ ഞാൻ കാണാത്തതു കൊണ്ടാകാം എന്ന് സ്വയം ഉത്തരവും ഞാനതിന് കണ്ടെത്തി. അവരുടെ ഫോൺ നമ്പർ കുറിച്ചുതന്ന പേപ്പറും എവിടെയാണ് വെച്ചതെന്നറിയാതെ നഷ്ടപ്പെട്ടതു കൊണ്ട് അവരെ വിളിക്കുവാനും കഴിഞ്ഞില്ല. എന്തായാലും അമ്മൂമ്മയെ സന്ദർശിക്കുവാൻ തന്നെ ഞാൻ തീരുമാനിച്ചു.
ഒരു ചെറിയ ബോക്സ് ചോക്ലേറ്റും വാങ്ങി അടുത്ത ദിവസം നടക്കാനിറങ്ങിയ വഴി അവരുടെ പടിവാതിൽ ഞാൻ വീണ്ടും കടന്നു. ഡോർബെല്ലിൽ വിരലമർത്തി കാത്തുനിൽക്കുന്പോൾ മേൽപ്പാളി അല്പം മാത്രം തുറന്നിട്ടിരിക്കുന്ന ജാലകത്തിലൂടെ അരിച്ചുവരുന്ന ഫിൽറ്റർ കാപ്പിയുടെ ഉന്മേഷമുളവാക്കുന്ന മണം മൂക്കിൽ പതിഞ്ഞു. വാതിൽ തുറന്ന അമ്മൂമ്മയോട് ഞാൻ കുശലം ചോദിച്ചു. അവരുടെ മുഖത്തെ ക്ഷീണവും മ്ലാനതയും ഞാൻ ആദ്യമേ ശ്രദ്ധിച്ചു കഴിഞ്ഞിരുന്നു. കൈയിലിരിക്കുന്ന ബോക്സ് നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു, “കുറച്ച് ചോക്ലേറ്റാണ്. നടക്കാനിറങ്ങിയപ്പോൾ തന്നിട്ട് പോകാമെന്ന് കരുതി.” വിറക്കുന്ന കരങ്ങളോടെ അവർ ചോക്ലേറ്റ് വാങ്ങി. ഇടർച്ച വീണ അവരുടെ നന്ദിവാക്കുകൾക്ക് വർധക്യം നൽകിയതിനേക്കാൾ പതർച്ചയേറെ ഉണ്ടായിരുന്നു. ഒരു തേങ്ങലിന്റെ ധ്വനി പോലെയാണ് ആ വാക്കുകൾ എന്റെ കാതുകളിൽ പതിഞ്ഞത്. മിഴികളിൽ നിന്നും കവിളിലേക്ക് കിനിഞ്ഞിറങ്ങാൻ തുടങ്ങിയ നീർമുത്തുകളെ വലംകൈയുടെ ചൂണ്ടുവിരൽ കൊണ്ട് തുടച്ചുനീക്കി അവർ ആലിംഗനത്തിനായി എന്റെ നേരെ കരങ്ങൾ വിടർത്തിനീട്ടി. അമ്മൂമ്മയുടെ ദുർബലമായ ആ കരവലയത്തിൽ ഒതുങ്ങിനിന്നുകൊണ്ട് ഞാനവരെ എന്നോട് കൂടുതൽ ചേർത്തുപിടിച്ച് പുറത്ത് മൃദുവായി തട്ടിക്കൊണ്ടിരുന്നു. ഓസ്‌കാറിന്റെ പതുപതുത്ത രോമങ്ങൾ എന്റെ കാലുകളിൽ ചൂടു പകരുന്പോൾ ഞാൻ മന്ത്രിക്കുന്ന സ്വരത്തിൽ അവരോടു ചോദിച്ചു, “എന്താണ്? എന്തെങ്കിലും കുഴപ്പം?”
അവർ എന്നിൽനിന്നും സ്വയം അടർന്നുമാറി ആദ്യം ഞാൻ നൽകിയ ചോക്ലേറ്റിലേക്കു നോക്കി, പിന്നെ എന്നെയും. നെടുവീർപ്പോടെയുള്ള ഒരു ദീർഘനിശ്വാസം അവരുടെയുള്ളിൽ നിന്നും പുറത്തുചാടി. “ഇന്നെന്റെ പിറന്നാളാണ്. എന്റെ മകൻ പീറ്റർ മാത്രമാണ് എല്ലാ ജന്മദിനത്തിലും എനിക്ക് ചോക്ലേറ്റ് സമ്മാനമായി നല്കാറ്. എനിക്കേറ്റവുമിഷ്ടപ്പെട്ട ‘റോസ്’ ചോക്ലേറ്റ്. എത്ര തിരക്കുണ്ടെങ്കിലും ഈ ദിവസം മെൽബണിൽ നിന്നും അവനിവിടെയെത്തും. ഇത്തവണ പക്ഷെ…” ഒരു തേങ്ങൽ അമ്മൂമ്മയുടെ തൊണ്ടയിൽ കുരുങ്ങി. “അവൻ വന്നില്ല, ഇനിയൊരിക്കലും വരികയുമില്ല.” ഇടറുന്ന വാക്കുകളുടെ ഒഴുക്ക് നിലച്ചു. അറിവില്ലാത്ത കുട്ടിയെപ്പോലെ ഞാൻ ചോദിച്ചു, “എന്തുപറ്റി? എന്താണ് വരാഞ്ഞത്?”
വളരെ unique ആയി തോന്നി കഥ. ചുരുങ്ങിയ വാക്കുകളിലൂടെ തന്നെ കഥ ആഴത്തിൽ തന്നെ മനസ്സിൽ പതിഞ്ഞു. പറയാൻ പലത് ഉണ്ടെൻഗിലും വാക്കുകൾ കിട്ടുന്നില്ല. വളരെ അധികം ഇഷ്ടപ്പെട്ടു.
വായിക്കാൻ വൈകിപോയത്തിനു ക്ഷമ…മറ്റൊന്നും പറയാനില്ല..ഒന്നാന്തരം കഥ , ഒന്നാന്തരം എഴുത്ത്..താങ്കൾ ഏതെങ്കിലും വിധത്തിൽ ഇത് കാണുകയാണെങ്കിൽ തുടർന്നും താങ്കളിൽ നിന്നും കഥകൾ പ്രതീക്ഷിക്കുന്നു മാത്രം പറയുന്നു❤️
നല്ലൊരു കഥ.. വളരെ വളരെ ഇഷ്ടമായി..
തീമും, പറഞ്ഞ രീതിയും, കഥയുടെ വേഗതയും എല്ലാം…
അവസാന നിമിഷം വരെ ഇനിയെന്ത് ഇനിയെന്ത് എന്ന ചോദ്യമായിരുന്നു…
വായിക്കാൻ വൈകി പോയെന്നെ ഉള്ളൂ..
പക്ഷെ ഇപ്പോഴെങ്കിലും വായിക്കാൻ സാധിച്ചല്ലോ …