ആ സ്പന്ദനങ്ങൾ എന്റേതു കൂടിയാണ് 15

അമ്മൂമ്മക്കധികം സന്ദർശകരുള്ളതായി കണ്ടിട്ടില്ല. സദാസമയവും ഗാരേജിനു പുറത്തു പാർക്ക് ചെയ്തിട്ടിരിക്കുന്ന നീല കാറിൽ അവർ ഇടയ്ക്കിടെ ഷോപ്പിംഗിനായി പുറത്തേക്കു പോകുന്നതും വരുന്നതും കാണാറുണ്ട്.  മുകളിലത്തെ നിലയിലെ എന്റെ കിടപ്പുമുറിയുടെ ദർശനം വാസ്തവത്തിൽ അവരുടെ മുൻവശത്തെ ഓരോ ചലനങ്ങളെയും വേലിയുടെ മറനീക്കി എനിക്ക് കാണിച്ചു തരുന്നുണ്ടായിരുന്നു. ചെടികൾക്കിടയിൽ നിന്ന് കള നീക്കുകയും, അവയുടെ ചുവട്ടിൽ കംപോസ്റ് നിക്ഷേപിക്കുകയും വെള്ളമൊഴിക്കുകയും ചെയ്യുമ്പോഴൊക്കെ നിഴൽ പോലെ ചേർന്നുനടക്കുന്ന തടിയൻ കറുമ്പൻ പൂച്ചയാണ് പക്ഷെ എന്റെ ശ്രദ്ധയെ കൂടുതൽ ആകർഷിച്ചത്.

ഒരിക്കൽ അമ്മൂമ്മ അവനെ വഴക്കുപറയുന്നതും കണ്ടു. ചെടികളുടെ ഇടയിലെ കള നീക്കുന്നതിനിടയിൽ പൊക്കം കുറഞ്ഞ ഒലിവുചെടിയുടെ ചില്ലയിൽ വന്നിരുന്ന കുരുവിയുടെ അടുക്കലേക്കു അവൻ പതുങ്ങി നീങ്ങുമ്പോഴായിരുന്നു അത്. തുറന്നിട്ട ജനലിന്റെ സുതാര്യമായ ഷീർ കർട്ടനിലൂടെ എനിക്കവരെ കാണുക മാത്രമല്ല ചെറുതായി കേൾക്കുകയും ചെയ്യാമായിരുന്നു.

“ഓസ്ക്കാർ, പക്ഷികളെ ഉപദ്രവിക്കരുതെന്നു ഞാൻ  നിന്നോട് എത്രവട്ടം പറഞ്ഞിരിക്കണൂ” അമ്മൂമ്മയുടെ ശകാരത്തിന്റെ ശബ്ദത്തിൽ ഭയപ്പെട്ട് പറന്നുപോകുന്ന കുരുവിയെയും അനുസരണയോടെ തിരികെവന്ന് അവരുടെ ദേഹത്തുരുമ്മി പിണക്കം തീർക്കുന്ന കറുമ്പനെയും (ഓസ്‌കാർ എന്നാണവന്റെ പേരെന്ന് അന്നാദ്യമായി മനസ്സിലായെങ്കിലും, എനിക്കിപ്പോഴും അവൻ കറുമ്പനാണ്) കണ്ടപ്പോൾ  ഞാനറിയാതെ ചിരിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു. ‘സൂത്രക്കാരൻ!’

വാസ്തവത്തിൽ അമ്മൂമ്മയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചക്ക് കാരണക്കാരനായതും ഓസ്കാർ എന്ന പേരുകാരൻ കറുന്പൻ പൂച്ച തന്നെയാണ്. എഴുത്തുപെട്ടിയിൽ പതിപ്പിച്ചിരുന്ന  ‘no junk mail’ സ്റ്റിക്കർ പറിഞ്ഞുപോയതിനു ശേഷം പെട്ടിയിൽ കമ്പനികളുടെയും ഷോപ്പുകളുടെയും പരസ്യങ്ങളടങ്ങുന്ന മെയിലുകളുടെ പ്രളയമായിരുന്നു. ആയിടക്ക് ആഴ്ചയിലൊരിക്കൽ കളക്ഷന് വയ്ക്കുന്ന റീസൈക്കിൾ ബിന്നിൽ ഭൂരിഭാഗവും ഈ പരസ്യക്കടലാസുകൾ മാത്രമായിരുന്നു. മാസത്തിലൊരിക്കൽ വരുന്ന ബാങ്ക് ട്രാൻസാക്ഷൻ സ്റ്റേറ്റ്മെന്റോ, കറന്റ് ബില്ലോ അല്ലെങ്കിൽ ഹോസ്പിറ്റൽ അപ്പോയിന്റ്‌മെന്റ് സംബന്ധിച്ചുള്ള ഒരു അറിയിപ്പോ മാത്രമേ തനിക്കായി സാധാരണ മെയിലിൽ വരാറുള്ളൂ. ഇവയിലേതെങ്കിലും ഒന്ന് വന്നിട്ടുണ്ടോയെന്ന് നോക്കണമെങ്കിൽ സകല പാഴ് ക്കടലാസുകളും മെയിൽ ബോക്സിൽ നിന്നും പുറത്തെടുക്കേണ്ടി വരും. ഇത്തരമൊരു തിരച്ചിലിനിടയിൽ പൂച്ചകൾക്കുള്ള തീറ്റിയുണ്ടാക്കുന്ന ഒരു കമ്പനിയുടെ പരസ്യക്കടലാസിനൊപ്പം ഒരു സാംപിൾ പാക്കറ്റ് പൂച്ചത്തീറ്റയും കണ്ടുകിട്ടി. അത് കണ്ടപ്പോൾ ഓസ്കാറിനെയാണ് ഓർമവന്നത്, കളയുവാൻ തോന്നിയില്ല. ആ പൂച്ചത്തീറ്റയുമായാണ് ഞാൻ അമ്മൂമ്മയുടെ വീട് ആദ്യമായി സന്ദർശിക്കുന്നത്.

Updated: June 13, 2018 — 9:25 pm

3 Comments

  1. വളരെ unique ആയി തോന്നി കഥ. ചുരുങ്ങിയ വാക്കുകളിലൂടെ തന്നെ കഥ ആഴത്തിൽ തന്നെ മനസ്സിൽ പതിഞ്ഞു. പറയാൻ പലത് ഉണ്ടെൻഗിലും വാക്കുകൾ കിട്ടുന്നില്ല. വളരെ അധികം ഇഷ്ടപ്പെട്ടു.

  2. വായിക്കാൻ വൈകിപോയത്തിനു ക്ഷമ…മറ്റൊന്നും പറയാനില്ല..ഒന്നാന്തരം കഥ , ഒന്നാന്തരം എഴുത്ത്..താങ്കൾ ഏതെങ്കിലും വിധത്തിൽ ഇത് കാണുകയാണെങ്കിൽ തുടർന്നും താങ്കളിൽ നിന്നും കഥകൾ പ്രതീക്ഷിക്കുന്നു മാത്രം പറയുന്നു❤️

  3. നല്ലൊരു കഥ.. വളരെ വളരെ ഇഷ്ടമായി..
    തീമും, പറഞ്ഞ രീതിയും, കഥയുടെ വേഗതയും എല്ലാം…
    അവസാന നിമിഷം വരെ ഇനിയെന്ത് ഇനിയെന്ത് എന്ന ചോദ്യമായിരുന്നു…
    വായിക്കാൻ വൈകി പോയെന്നെ ഉള്ളൂ..
    പക്ഷെ ഇപ്പോഴെങ്കിലും വായിക്കാൻ സാധിച്ചല്ലോ …

Comments are closed.