ആ സ്പന്ദനങ്ങൾ എന്റേതു കൂടിയാണ് 15

എന്റെ അയൽവാസി  അമ്മൂമ്മയുടെ കറുന്പൻ പൂച്ചക്ക് നന്ദി! തോറ്റു പിൻവാങ്ങാത്ത, നേരിട്ടുകണ്ട അവന്റെ പരിശ്രമമാണ് നെപ്പോളിയന്റെ കഥയേക്കാൾ എനിക്ക് ശരിക്കും പ്രചോദനമായത്.

തെരുവിന്റെ ഇരുവശങ്ങളിലുമായി നേർക്കുനേർ നോക്കിനിൽക്കുന്ന മാതിരിയാണ് ഞങ്ങളുടെ വീടുകൾ. എന്റേത് രണ്ടു നിലകളിലായുള്ള മൂന്നുമുറികളുള്ള ഒറ്റവീടാണെങ്കിൽ അവരുടേത് ഒരു വലിയ വീടിന്റെ പാതിവരുന്ന യൂണിറ്റാണ്. എന്നെപ്പോലെ തന്നെ അമ്മൂമ്മയും തനിയെയാണ് താമസം. ഏക വ്യത്യാസം, കറുപ്പ് നിറമുള്ള ഒരു തടിയൻപൂച്ച അവർക്കു കൂട്ടിനുണ്ട് എന്നതാണ്. അവരുടെ വീടിന്റെ അതിര് തിരിക്കുന്ന,  മരവേലിയിലേക്കു പടർത്തി വളർത്തിയിരുന്ന ചുവന്ന പൂക്കളുണ്ടാകുന്ന ബൊഗെൻ വില്ലയുടെയരികിൽ ചില്ലകളിൽ നിന്നും ചില്ലകളിലേക്കു പറന്നുനടക്കുന്ന കുരുവികളെ നോക്കി കുത്തിയിരിക്കുന്ന ആ മാർജാരനെ ഞാൻ മുകളിലത്തെ മുറിയിൽ നിന്നും ഇടക്കൊക്കെ കാണാറുണ്ട്. ചിലപ്പോൾ  ആകാംക്ഷയോടെ ഞാനും ആ കാത്തിരിപ്പിൽ പങ്കാളിയാകും. ഏറ്റവും അടുത്ത ചില്ലയിലേക്കു പറന്നിരിക്കുന്ന കുരുവിയെ പിടിക്കുവാൻ വായുവിലേക്കുയർന്നു ചാടുന്ന അവന്റെ പ്രയത്നം പക്ഷെ പലപ്പോഴും വിജയത്തിലെത്താതെ പോകുന്പോൾ ഞാനറിയാതെ ഒരു ചിരി എന്റെ ചുണ്ടിൽ വിടരും. പക്ഷെ ഒന്നും സംഭവിക്കാത്ത മട്ടിൽ കറുന്പൻ തന്റെ കാത്തിരിപ്പ് തുടരും. ആ ക്ഷമയാണ് എനിക്കേറെയിഷ്ടം. ശാന്തമായ ഒരിക്കലും മടുക്കാത്ത കാത്തിരുപ്പ്.

നിതാന്തപരിശ്രമിയുടെ വിജയം ഒരിക്കലും കയ്യെത്തുന്ന ദൂരത്തു നിന്നും അകലത്തിലല്ലെന്ന് ആ മാർജാരനിൽ നിന്നുമാണ് ഞാൻ യഥാർത്ഥത്തിൽ പഠിച്ചെടുത്തത്. വായിൽ കടിച്ചുപിടിച്ച പക്ഷിയുമായി പറമ്പിന്റെ മറവുള്ള മൂലയിലേക്ക് പാഞ്ഞുപോകുന്ന അവനെ ഞാൻ ഒരു ദിവസം എന്റെ ജനാലവാതിലിലൂടെ കണ്ടു.

ദക്ഷിണധ്രുവത്തോട് ചേർന്നുകിടക്കുന്ന പസഫിക്കിലെ ഈ കൊച്ചു രാജ്യത്ത് വേനൽക്കാലത്തെ പകലുകൾക്ക് ദൈർഘ്യം കൂടുതലായതിനാൽ ഇരുട്ടാകുവാൻ ഒൻപതുമണി കഴിയണം. ജോലി കഴിഞ്ഞു വീട്ടിൽ വന്നശേഷം ആറര മണിയോടെയാണ് ഞാൻ നടക്കാനിറങ്ങുന്നത്. എന്റെ അയൽവാസി അമ്മൂമ്മ മുൻവശത്തെ ചെടികൾക്ക് വെള്ളമൊഴിക്കുന്നതും ഏകദേശം ആ സമയത്തു തന്നെയാണ്. സ്പ്രിങ്ക്ലറിൽ നിന്നും തൂകിപ്പരക്കുന്ന ജലകണങ്ങൾ ഇലകളിലും തണ്ടുകളിലും കുളിർമയുടെ സുഖം പകർന്നു കൊണ്ട് ഒഴുകി മണ്ണിലേക്കൂർന്നു വലിയുമ്പോൾ ദേഹത്ത് വെള്ളത്തുള്ളികൾ വീഴാത്ത അകലത്തിൽ അവർക്കു കാവലിരിക്കുന്ന കറുമ്പനെ ഞാനെന്നും തന്നെ കാണാറുണ്ട്.

ഒരു വർഷം മുൻപ് ക്രിസ്തുമസിന് തലേന്ന്  ഈ വീട്ടിലേക്കു താമസം മാറിയതിനു ശേഷം അമ്മൂമ്മയെ പലപ്പോഴും മുറ്റത്തു കണ്ടിട്ടുണ്ടെങ്കിലും മനഃപൂർവ്വമായ ഒരു പരിചയപ്പെടലിനോ പരിചയപ്പെടുത്തലിനോ ഞാൻ തുനിഞ്ഞിരുന്നില്ല. ഒരുപക്ഷ കുറച്ച് വിചിത്രമായിരിക്കാം എന്റെ ചിന്ത. സ്വയം മുൻകൈയെടുത്തുള്ള പരിചയപ്പെടലുകൾ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാതെയുള്ള കടന്നുകയറ്റമാണെന്നാണ് എന്റെ തത്വശാസ്ത്രം. എങ്കിലും റോഡിന്റെ ഇരുപുറങ്ങളിലുമായി വീടുകളുടെ വേലികൾക്കുള്ളിൽ നിന്നും ഇടക്കെങ്ങാനും കാണേണ്ടിവരുന്ന സന്ദർഭങ്ങളിൽ പരസ്പരം പുഞ്ചിരിച്ചുകൊണ്ട് കൈയുയർത്തി ഹാലോ പറഞ്ഞ് ഞങ്ങൾ ആ തെരുവിലെ ഞങ്ങളുടെ അസ്തിത്വവും പരിചയവും പുതുക്കിപ്പോന്നു.

Updated: June 13, 2018 — 9:25 pm

3 Comments

  1. വളരെ unique ആയി തോന്നി കഥ. ചുരുങ്ങിയ വാക്കുകളിലൂടെ തന്നെ കഥ ആഴത്തിൽ തന്നെ മനസ്സിൽ പതിഞ്ഞു. പറയാൻ പലത് ഉണ്ടെൻഗിലും വാക്കുകൾ കിട്ടുന്നില്ല. വളരെ അധികം ഇഷ്ടപ്പെട്ടു.

  2. വായിക്കാൻ വൈകിപോയത്തിനു ക്ഷമ…മറ്റൊന്നും പറയാനില്ല..ഒന്നാന്തരം കഥ , ഒന്നാന്തരം എഴുത്ത്..താങ്കൾ ഏതെങ്കിലും വിധത്തിൽ ഇത് കാണുകയാണെങ്കിൽ തുടർന്നും താങ്കളിൽ നിന്നും കഥകൾ പ്രതീക്ഷിക്കുന്നു മാത്രം പറയുന്നു❤️

  3. നല്ലൊരു കഥ.. വളരെ വളരെ ഇഷ്ടമായി..
    തീമും, പറഞ്ഞ രീതിയും, കഥയുടെ വേഗതയും എല്ലാം…
    അവസാന നിമിഷം വരെ ഇനിയെന്ത് ഇനിയെന്ത് എന്ന ചോദ്യമായിരുന്നു…
    വായിക്കാൻ വൈകി പോയെന്നെ ഉള്ളൂ..
    പക്ഷെ ഇപ്പോഴെങ്കിലും വായിക്കാൻ സാധിച്ചല്ലോ …

Comments are closed.