അറിയാതെപോയത് [Ammu] 124

നിന്നോട് ഇന്ന് പെണ്ണ് കാണാൻ പോകണമെന്ന് പറഞ്ഞതല്ലേടാ .വേഗം പോയി റെഡിയാവ്.
ശരിയാണ് പെണ്ണ് കാണാൻ പോകണമെന്ന് അമ്മ പറഞ്ഞതാണ് കഴിഞ്ഞ ഒരാഴ്ച്ചയായി  ജോലി തിരക്കുകൾക്കിടയിൽ ഞാനത് മറന്നു.
ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഞാൻ മുറിയിലേക്ക് കുളിക്കാൻ പോന്നു.
ശരിക്കും ഇത് എത്രാമത്തേ പെണ്ണുകാണൽ എന്ന് ഒരു നിശ്ചയവും ഇല്ല. ഈ പെണ്ണുകാണാൻ പോകുന്നത് തന്നെ ഇവരുടെ സമാധാനത്തിന് വേണ്ടി മാത്രമാണ്. പക്ഷേ അവർക്കറിയില്ലല്ലോ ഇതും നടക്കാൻ പോണില്ലാന്ന്.
പഴയ സംഭവങ്ങൾ ഓരോന്നും ഓർമ്മയിൽ വന്നപ്പോഴേക്കും ഏട്ടാ ഒന്ന് വേഗം വാന്നേ ന് കത്തി കൊണ്ട് പ്രിയ ഒച്ചയെടുത്തു.
വേഗം തന്നെ റെഡിയായി പുറത്ത് വന്നു.
അമ്മ അപ്പോഴേക്കും പൂജാമുറിയിൽ നിന്ന് ചന്ദനം എടുത്ത് കുറ്റിയിട്ട് തന്നു. ഇറങ്ങാൻ നേരം ചുമരിൽ തൂക്കിയ അച്ഛൻ്റെ ഫോട്ടോയിൽ നോക്കി ഇതെങ്കിലും ശരിയാക്കി തരണൂട്ടോന്ന് പറയുന്നത് കേട്ടപ്പോൾ മനസിനൊരു വിങ്ങൽ.
പക്ഷേ സത്യമൊന്നും ഇവരെ ഒരിക്കലും അറിയിക്കാൻ കഴിയില്ലല്ലോ. എത്രനാൾ ഇങ്ങനെ എല്ലാവരെയും വിഡ്ഢി വേഷം കെട്ടിയ്ക്കുമെന്ന് ഒരു നിശ്ചയവും ഇല്ല.
ചേട്ടാ ദേ സ്ഥലം എത്തി.
പുറത്തിറങ്ങിയതും പ്രായമായ ഒരാൾ വന്ന് അകത്തേക്ക് ക്ഷണിച്ചു. അവരുടെ സംഭാഷണത്തിൽ നിന്നും പെണ്ണിൻ്റെ അമ്മാവൻ ആണെന്ന് മനസിലായി.
പെണ്ണിനെ വിളിക്കാൻ പറഞ്ഞ് കുറച്ച് നേരം കഴിഞ്ഞതും കൊലുസിൻ്റെ ശബ്ദമാണ് ദേവൻ്റെ കാതിലേക്ക് വന്നത്, കുറച്ച് കഴിഞ്ഞതും കുപ്പിവളയിട്ട രണ്ട് കൈകൾ തൻ്റെ നേരെ  ചായയുമായി നീണ്ടു വന്നു.
ചായ അതിൽ നിന്നും എടുത്ത് കുടിച്ചു കുടിച്ചില്ലാന്ന് പറഞ്ഞ് കാത്തിരുന്നു എപ്പോഴത്തെയും പോലെ ആ ഒരു വാക്ക് കേഴ്ക്കാൻ.
ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം, പക്ഷേ പതിവിനു വിപരീതമായി അതാരും പറഞ്ഞില്ല. പകരം മറ്റൊന്ന് കേട്ടു.
ഞങ്ങൾക്ക് കുട്ടിയെ ഇഷ്ടമായി, ജാതകവും നല്ല ചേർച്ചയുണ്ട്. നിങ്ങൾക്കും ഇഷ്ടമായെന്ന് പറഞ്ഞ സ്ഥിതിക്ക് അടുത്ത മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്താം.
ഇതെല്ലാം പെട്ടെന്ന് കേട്ടതിൻ്റെ ഞെട്ടലിൽ നിന്നും മുക്തനാക്കും മുൻപേ അളിയൻ എന്നെയും കൊണ്ട് പുറത്തേക്ക് വന്നു.
തിരിച്ച് വീട്ടിലെത്തിയ എന്നോട് അമ്മ ഒന്നേ പറഞ്ഞുള്ളൂ.
അച്ഛനും അമ്മയും ഇല്ലാത്ത പാവം കുട്ടിയാടാ,
അവളെക്കുറിച്ച് നന്നായി അന്വേഷിച്ചിട്ടാണ് അമ്മ ഈ വിവാഹം ഒറപ്പിച്ചേ, എൻ്റെ മോനെ പൊന്നു പോലെയവൾ നോക്കും.
വിവാഹത്തിൻ്റെ ഒരുക്കങ്ങൾ ഓരോന്ന് നടക്കുമ്പോഴും എൻ്റെ മനസ് ആകെ വിങ്ങുകയായിരുന്നു. എൻ്റെ കൈയ്യിൽ നിന്നെല്ലാം പോയെന്ന് മനസിലായി. ആരോടെങ്കിലും മനസ് തുറക്കണമെന്നുണ്ടെങ്കിലും അതിനും കഴിയണില്ല.
അങ്ങനെ ആ ദിവസം വന്നെത്തി ഞാൻ ജിവിതത്തിൽ ഒരിക്കലും നടക്കരുതെന്ന് ആഗ്രഹിച്ച ദിവസം.
താലി അവളുടെ കഴുത്തിൽ കെട്ടുമ്പോൾ പോലും അവളുടെ മുഖം ഞാൻ കണ്ടില്ലാ എന്നുള്ളതാണ് സത്യം . ആദ്യമായാരിക്കും ഒരാൾ പെണ്ണിൻ്റെ മുഖം പോലും കാണാതെ കല്യാണം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ ശേഷം അവളുടെ കൈ പിടിച്ച് എൻ്റെ കൈയ്യിൽ ഏൽപ്പിക്കുമ്പോൾ ആ കൈയുടെ വിറയൽ അനുഭവിച്ചതിനാലാണ് ആ മുഖത്തേക്ക് ആദ്യമായി നോക്കിയത്.
ആദ്യം ശ്രദ്ധ പോയത് കണ്ണുകളിലേക്കാണ് നിറഞ്ഞ് തുള്ളുമ്പുന്നുണ്ടായിന്നു ആ വാലിട്ടെഴുതിയ കണ്ണുകൾ.
ഇനി ഈ കണ്ണുനീർ ഒരിക്കലും തോരില്ലല്ലോ പെണ്ണെ നിൻ്റെയെന്നാണ് എൻ്റെ മനസിൽ തോന്നിയത്.
ചടങ്ങുകൾ എല്ലാം കഴിഞ്ഞു. വലതുകാൽ വെച്ചവൾ എൻ്റെ വീട്ടിലേക്ക് വന്നു കയറി. ഒരിക്കലും എൻ്റെ ജീവിതത്തിലേക്ക് കയറാൻ പറ്റില്ലെന്നറിയാതെ.
വിരുന്നുകാരുടെ ബഹളമെല്ലാം തീരത്ത് ഭക്ഷണം കഴിച്ച് മുറിയിൽ ചെന്ന് കിടന്നു കുറച്ച് കഴിഞ്ഞപ്പോഴേക്കും അവളുടെ കൊലുസിൻ്റെ ശബ്ദം  എന്നെ തേടിയെത്തി.