മൗനത്തിന്റെ മുഖമൂടി [കഥാനായകൻ] 49

“ടാ നി പോരുന്നുണ്ടോ ഈ മഴ ഇപ്പോൾ ഒന്നും തീരുമെന്ന് തോന്നുന്നില്ല.”

നല്ല മഴയത്ത് സ്റ്റാൻഡിൽ നിന്നും വീട്ടിലേക്ക് മടങ്ങാൻ നിന്ന അവൾ എന്നോട് അവളുടെ കുടകീഴിലേക്ക് ക്ഷണിച്ചപ്പോൾ. എനിക്ക് ഉത്തരമില്ലാതെ പോയി കാരണം പണ്ട് ഞാൻ ഒരുപാട് ആഗ്രഹിച്ച കാര്യമാണ് ഇങ്ങനെ ഒരു യാത്ര പക്ഷെ ഇന്ന് ഞാൻ അവളോട് ഒപ്പം ആ കുടകീഴിൽ യാത്ര ചെയ്താൽ എന്റെയുള്ളിൽ ഉണ്ടായിരുന്ന പലതും അവൾ തിരിച്ചറിയോ എന്നൊരു ഭയം എന്നെ മൂടി.

പക്ഷെ ഏറ്റവും അടുത്ത കൂട്ടുകാർ എന്നുള്ള നിലയിൽ ആ ക്ഷണം എനിക്ക് നിരസിക്കാനും ആയില്ല. അങ്ങനെ അവളുടെ കൂടേ ആ കുടകീഴിൽ നടക്കുമ്പോൾ അവൾ എന്നോട് ഒരുപാട് സംസാരിക്കുന്നുണ്ടെങ്കിലും എന്റെ മനസ്സ് പണ്ട് കണ്ട പല സ്വപ്നങ്ങളിലും ആയിരുന്നു എന്ന് മാത്രം.

“എടാ മണ്ടാ ഞാൻ പറയുന്നത് നി കേൾക്കുന്നുണ്ടോ.”

അവളുടെ സ്ഥിരം കുറുമ്പ് നിറഞ്ഞ സ്വരമാണ് എന്നെ സ്വബോധത്തിൽ കൊണ്ട് വന്നത്. ഞാൻ നോക്കിയപ്പോൾ സ്ഥിരമായി ദേഷ്യം വരുമ്പോൾ മുഖത്ത് കാണാറുള്ള ഉണ്ട കണ്ണ് ഉരുട്ടി പേടിപ്പിക്കാൻ നോക്കുകയാണ് അവൾ പക്ഷെ അവളുടെ ആ ഭാവം എന്ന് കണ്ടാലും എനിക്ക് ചിരി വരും അത് തന്നെ ഇപ്പോഴും സംഭവിച്ചു.

“എന്തിനാടാ പൊട്ടാ വെറുതെ ചിരിക്കുന്നത്?”

അവളുടെ സ്ഥിരം ദേഷ്യം വരുമ്പോൾ ഉള്ള ചോദ്യങ്ങൾ ആവർത്തിച്ചുവെങ്കിലും അതിന്റെതായ സ്ഥിരം മറുപടി ഞാൻ നൽകി കൊണ്ടിരുന്നു പിന്നെ അവൾ പറയുന്നത് കേൾക്കാൻ ശ്രമിച്ചു അല്ലെങ്കിൽ പിന്നെ എന്റെ കാര്യം പോക്കാ. അവളുടെ സംസാരം കേട്ടു ആ വഴിയിൽ കൂടേ നടക്കാൻ എന്നും സാധിക്കുമോയെന്ന് എന്റെ മനസ്സിൽ വീണ്ടുമൊരു ചോദ്യം ഉയർന്നപ്പോൾ നല്ല വേദനയോടെയുള്ള മൗനമായിരുന്നു മറുപടി.

ഈ മൗനമാണ് എന്നെ ഈ നിലയിൽ എത്തിച്ചത് എന്ന് തന്നെ പറയാം അല്ലെങ്കിൽ എന്റെയുള്ളിൽ ഉള്ള എന്തോ ഒന്നാണ് അതിൽ നിന്നും എന്നെ പിൻവലിക്കുന്നത്. എന്റെ ചിന്തകൾ ഞാൻ മറക്കാൻ ശ്രമിക്കുന്ന വേദനകളിലേക്ക് തിരിയുന്നു എന്ന് തോന്നിയപ്പോൾ ഞാൻ അതിൽ നിന്നും തിരിച്ചു വന്നു. അപ്പോഴാണ് അവളുടെ അടുത്ത പണി ആ വഴി തിരിഞ്ഞപ്പോൾ ഉള്ള ചായകടയിൽ കയറാമെന്ന് അന്നും ഇന്നും എനിക്ക് അവളോട് എതിർത്തു പറയാൻ സാധിക്കാത്തത് കൊണ്ട് അവളുടെ കൂടേ ഞാൻ ആ കടയിൽ കയറി.

ഒരു ചായ കുടിക്കാൻ കടയിൽ കയറിയ പെണ്ണ് അവളുടെ സ്ഥിരം സ്വഭാവം എടുത്തു അവിടെ കഴിക്കാനുള്ള മിക്കതും വരുത്തി കഴിക്കാൻ തുടങ്ങി. അവളുടെ സ്വഭാവം അറിയുന്നത് കൊണ്ട് അവളെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ വെറുതെ ഒരു ചായയും കുടിച്ചു അവളുടെ കഴിച്ചു കൊണ്ടുള്ള സംസാരം കേട്ടിരുന്നു.

അവൾക്ക് സംസാരിക്കാൻ അങ്ങനെ വലിയ കാര്യങ്ങൾ ഒന്നും വേണ്ട. ഇങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കും അത് കേൾക്കാതെ ഇരുന്നാൽ പിന്നെ പെണ്ണ് കൈയിലെ ഇതുവരെ വെട്ടാത്ത ആ നഖങ്ങൾ വച്ചു എന്റെ കൈയിൽ പുതിയ രേഖ വരക്കും. കുരിപ്പിന്റെ ഈ സ്വഭാവം കാരണം കൈയിൽ ഒരുപാട് രേഖകൾ അല്ലാതെ തന്നെയുണ്ട്.

2 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. Super 💖

Leave a Reply

Your email address will not be published. Required fields are marked *