തൊഴിലുറപ്പിച്ച ബംബര്‍ [സുരേഷ് നീറാട്‌] 67

തൊഴിലുറപ്പിച്ച ബംബര്‍

ഓണം ബംബറെടുക്കുമ്പോള്‍ ആധി ഒറ്റക്കാര്യത്തിലായിരുന്നു. 25 കോടി അടിച്ചാല്‍ ആരുമറിയാതെ എങ്ങനെ കൈക്കലാക്കും. നിക്ഷേപിച്ച കാശ് തിരിച്ചെടുക്കാന്‍ പോലും ടോക്കണെടുത്ത് വരിനിര്‍ത്തുന്ന ബാങ്കുകാര്‍ വീടിന്റെ മുന്നില്‍ വന്ന് വരിനില്‍ക്കുന്നത് ഞാന്‍ കണ്ടു. ഉറപ്പായും ഇവന്‍മാര്‍ നാട്ടുകാരോട് പറയും. വലിയ ഡെപോസിറ്റുള്ളവരൊക്കെ അവരുടെ സുഹൃത്തുക്കളാണല്ലോ. അതുകൊണ്ട് രഹസ്യമായി അവരത് പരസ്യപ്പെടുത്തും. അങ്ങനെ ലോട്ടറിക്കാര്യം നാട്ടിലാകെ പാട്ടാവും. പിന്നെ, സ്‌നേഹവും വാല്‍സലവും വളര്‍ന്ന നാട്ടുകാരെ കാണും.

ലോട്ടറിയടിക്കുന്നത് ആളുകളറിയുന്നത് എനിക്കെന്തോ അത്ര സുഖകരമായി തോന്നിയില്ല. അതിലെന്തോ, ഒരു നാണക്കേടുണ്ട്. ഒരു മോശം കാര്യം ചെയ്യുന്ന ഫീല്‍. അദ്ധ്വാനിച്ചുണ്ടാക്കിയതാണെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇതിപ്പോള്‍ ഒരു ഔദാര്യ ചിന്ത. ഏതു പണത്തിനും കുഴപ്പമൊന്നുമില്ല. അതിന് പകരവുമില്ല. എങ്ങനെയുണ്ടാക്കിയ പണമാണെങ്കിലും ഫലം ഒന്നുതന്നെയാണ്. പുറത്തറിയുന്നതിലാണ് പ്രശ്‌നം. അതുകൊണ്ട് വേറൊരു ബാങ്കില്‍, വേറൊരു ബ്രാഞ്ചില്‍ എക്കൗണ്ട് തുടങ്ങാം. സംഗതി സീക്രട്ടാക്കാം. എങ്ങാനും പരസ്യപ്പെട്ടാല്‍ പണം പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്താം, ഞാനൊരു പെണ്ണല്ലേ. വിചാരിച്ചാല്‍ നടക്കാത്തതായി എന്താണുള്ളത്.

അത്യാവശ്യമായി വീടു നിര്‍മ്മിക്കേണ്ട രണ്ടു കുടുംബങ്ങളുണ്ട് നാട്ടില്‍. അവര്‍ വാടകക്ക് താമസിക്കുന്നവരാണ്. വാടക വൈകുമ്പോഴേക്കും വീട്ടുടമ മുഷിയുന്നത് കണ്ടിട്ടുണ്ട്. അയാളെ കുറ്റംപറയാനാവില്ല. മക്കള്‍ തിരിഞ്ഞുനോക്കുന്നില്ല. പെന്‍ഷനുമില്ല. അങ്ങേര്‍ക്കും ഭാര്യക്കും മറ്റ് വരുമാനമില്ല. രണ്ടാണ്‍മക്കളായതുകൊണ്ട് റേഷന്‍ കാര്‍ഡ് വെളുപ്പാണ്. ജീവിതം ഇരുട്ടിലാണെന്ന് അങ്ങേര്‍ക്കല്ലേ അറിയൂ. സുഹൃത്ത് ശ്രീലക്ഷ്മിയുടെ അമ്മയ്ക്കും അച്ഛനും അതുതന്നെയാണവസ്ഥ. അമ്പലവാസികളാണ്. അമ്പലത്തില്‍ മാല കെട്ടിയാല്‍ എന്തുകിട്ടാന്‍? അന്നന്നത്തേക്കുള്ളതിന് വേറെ വഴികാണണം. ദൈവം വീടുനിര്‍മ്മിച്ചുനല്‍കില്ല. മനസ്സുനിറയെ മോഹമുണ്ടെങ്കിലും അവരുടെ കാര്യത്തില്‍ ആകര്‍ഷണ നിയമവും ഫലിക്കുന്നില്ല. ഒന്നു താങ്ങിക്കൊടുത്താല്‍ ശ്രീലക്ഷ്മിക്ക് പൊക്കാനാവും. അവള്‍ക്കുണ്ട്, അതിനുള്ള ചങ്കൂറ്റം. പോരാടാനുള്ള കരുത്തുണ്ട്. ശുക്രന്‍ തെളിയുന്നില്ല. സുമയ്യയ്ക്ക് ദാരിദ്ര്യമാണ് കൂട്ട്. റുഖ്‌നു സാറിന്റെ കൂടെ ചേര്‍ന്ന് സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിച്ചിട്ടുണ്ട്. അത്യാവശ്യം പഠിപ്പിക്കാനുമറിയാം. സാറിന്റെ സഹായിയാണ് സുമയ്യ. സ്വന്തമായി സ്‌പോക്കണ്‍ ഇംഗ്ലീഷ് തുടങ്ങാനും വരുമാനമുണ്ടാക്കാനും മോഹമുണ്ട്. സാഹചര്യം ഉരുത്തിരിയുന്നില്ല. ‘നിനക്കതിനുള്ള കഴിവുണ്ട്, നല്ലോണം ശ്രമിക്കൂ’. പ്രോല്‍സാഹിപ്പിച്ച് മൂപ്പിച്ച് നോക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പരസ്യവും ചെയ്തു. രണ്ടാള്‍ വിളിച്ചു. 3000 രൂപ ഫീസെന്ന് കേട്ട് ഫോണ്‍ വെച്ചു. പിന്നെയാരും വിളിച്ചുമില്ല. പണമില്ലാത്തവരുടെ പരസ്യത്തിനും വിലയില്ലാതായെന്ന് അവള്‍ നിരാശപ്പെട്ടു. ഉല്‍സവപ്പറമ്പുകളില്‍ മാലയും വളയും വിറ്റുകിട്ടുന്ന കാശിനാണ് ജീവിതം. അതിന് ഉല്‍സവങ്ങള്‍ വേണം. കടംപെരുകി മൂക്കോളമെത്തി. മുന്നിലൊരു ഇരുട്ടാണ്. സ്വപ്‌നങ്ങള്‍ വറ്റിത്തുടങ്ങിയിട്ടുണ്ട്. രണ്ടുപെണ്‍കുട്ടികളാണ്. അവരെ നന്നായി വളര്‍ത്താനുള്ള പ്രാര്‍ത്ഥനകളും പരിശ്രമങ്ങളുമാണെപ്പോഴും. പിടിച്ചുനില്‍ക്കാന്‍ വയ്യാത്ത സ്ഥിതിയുണ്ട്. അവള്‍ക്കും വീടുവേണം. ഞാന്‍ നന്നാവുമ്പോള്‍ കൂടെയുള്ളവരും കൂടി അങ്ങനെയാവണമല്ലോ.

എന്റെ വീടൊന്നു പെയിന്റടിക്കണം. എട്ടുവര്‍ഷംമുമ്പ് ആഭരണങ്ങള്‍ പണയത്തിലാക്കി പണി കഴിപ്പിച്ച വീടാണ്. അതിപ്പോഴും ബാങ്കിലാണ്. കൊല്ലംകൊല്ലം പലിശകൊടുത്ത് മടുത്തു. ഇനി അതിങ്ങെടുക്കണം. താമസിച്ചിരുന്ന വീട് അകാലത്തില്‍ പൊളിഞ്ഞു. അപ്പോള്‍ പാതി പൂര്‍ത്തിയായ ഈ വീട്ടിലേക്ക് പോന്നു. അതിനൊപ്പം മൂപ്പരും നാട്ടിലെത്തി. കല്യാണം കഴിഞ്ഞനാള്‍ മുതല്‍ കറക്കമായിരുന്നു ഭര്‍ത്താവിന്റെ ജോലി. അതെന്റെ ദുര്യോഗം. വീട്ടിലും നാട്ടിലും ഉപകാരത്തിന് കിട്ടിയില്ല. വിരുന്നിനുപോലും വന്നില്ല. അത്യാവശ്യങ്ങള്‍ക്കെല്ലാം ഒറ്റയ്ക്കായി. വീട്ടിലെ ദുരിതങ്ങളൊന്നും കണ്ടറിഞ്ഞതുമില്ല. ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച് രണ്ടാംനാളാണ് വിരുന്നുകാരനെ പോലെ വരവ്. അന്നുതന്നെ തിരിച്ചുപോയി. പിന്നെ കണ്ടത് ചോറൂണിനാണ്. മകള്‍ പത്തിലെത്തി. പാന്റും ഷര്‍ട്ടുമിട്ട് രാവിലത്തെ ഇറക്കമല്ലാതെ കാശിന്റെ വരവൊന്നുമില്ല. തൊഴിലുറപ്പുള്ളതുകൊണ്ട് കഷ്ടിച്ച് പോവുന്നു. ‘അങ്ങേരെ കയ്യില്‍ നല്ല കാശുണ്ട്. നിനക്കിതിന്റെയൊന്നും ആവശ്യമില്ലെ’ന്ന് കൂടെയുള്ളവര്‍ പുകഴ്ത്തും. അവരോടൊന്നും മറുപടി പറയാറില്ല. എന്തുപറഞ്ഞാലും ദോഷമാണ്. മിണ്ടാതെ പണിയെടുക്കും. കുറ്റങ്ങളൊക്കെ എനിക്കാണെങ്കിലും കണ്ണും കയ്യും കാണിച്ച് എന്നെയാണ് വളച്ചത്. അന്ന് അങ്ങേരെ കാണാനും കൊള്ളാമായിരുന്നു. നാട്ടിലെ സല്‍സ്വഭാവി. അതിന്റെ സര്‍ട്ടിഫിക്കറ്റുണ്ട്. കല്യാണം കഴിഞ്ഞപ്പോഴാണ് അത് വ്യാജമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. വ്യാജ സര്‍ട്ടിഫിക്കറ്റു വെച്ച് പിഎസ് സി വഴി നിയമനം നേടുന്ന കാലമാണല്ലോ. അതുപോലെ വ്യാജ സ്വഭാവസര്‍ട്ടിഫിക്കറ്റുവെച്ച് എന്നെ നേടി. സര്‍ട്ടിഫിക്കറ്റെഴുതിയ നാട്ടുകാര്‍ക്കെന്ത് ചേതം. ഒന്നുമല്ലാതായത് ഞാനല്ലേ. ഒറ്റയ്ക്കായിപ്പോയത് ഞാനല്ലേ. കല്യാണമേ വേണ്ടായിരുന്നു. ഓര്‍ക്കുമ്പോള്‍ ആന്തലാണ്. മറ്റെവിടെയോ ആരുടെയോ കുഞ്ഞിനെ പ്രസവിക്കേണ്ട ഞാന്‍ കല്യാണ്യേടത്തിയും നാരായണന്‍കുട്ടിയും തുടങ്ങി വാര്‍ഡിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്കൊപ്പം കുഴിവെട്ടുന്നു, കല്ലെടുക്കുന്നു, കള കീറുന്നു. കൈകള്‍ രണ്ടും കറുത്തിരുണ്ടത് കാണുമ്പോള്‍ സങ്കടംതോന്നും. പാടത്തെ വരുമ്പുമാതിരി ഞരമ്പും പൊന്തി നില്‍ക്കുന്നു.

മുറ്റം നന്നാക്കാനുണ്ട്. മതിലു കെട്ടാനുണ്ട്. ഗേറ്റ് വെയ്ക്കണം. കിണറിന് വട്ടമിടണം. അതിനെല്ലാം കൂടി ഒരു 10 ലക്ഷം മതിയാവും. കുടുംബത്തില്‍ കഷ്ടപ്പാടുള്ള ചിലരുണ്ട്. അവരെ സഹായിക്കണം. എല്ലാവരും നല്ല രീതിയില്‍ ജീവിക്കട്ടെ. ഒരുപാട് പണം ബാങ്കിലിട്ടിട്ട് കാര്യമില്ല. പണം റോളു ചെയ്യാനുള്ളതാണ്. അത് പോയി ഇരട്ടിയായി വരട്ടെ. കുറച്ച് സ്ഥലം വാങ്ങണം. കുറെ സ്ഥലങ്ങള്‍ ടൂറുപോവാനുണ്ട്. 16 വര്‍ഷമായി വല്ലപ്പോഴുമൊരു തിയറ്ററിനപ്പുറം പോയിട്ടേയില്ല. സുനിതയ്ക്ക് പാസ്‌പോര്‍ട്ടുണ്ട്. ഭര്‍ത്താവിനൊപ്പം സിങ്കപ്പൂരില്‍ പോവുമെന്ന് ഇടയ്ക്കിടെ പറയാറുണ്ട്. പാസ്‌പോര്‍ട്ടെടുക്കണം. അവര്‍ക്കൊപ്പം ഞങ്ങള്‍ക്കും പോവണം. കാറിനെക്കുറിച്ചൊരു ധാരണയുമില്ല. അത് മൂപ്പരുടെ തീരുമാനത്തിന് വിട്ടു. പത്രാസുകാട്ടാന്‍ മിടുക്കനാണല്ലോ. ഏതുവാങ്ങിയാലും മുന്നില്‍ ഇടത്തേ സീറ്റില്‍ എനിക്കിരിക്കണം. അത്രതന്നെ.
‘നമുക്കൊരു ലോട്ടറിയെടുക്കണ്ടേ?’. പതിവില്ലാത്ത ചോദ്യം. കാശുചോദിക്കാനുള്ള വട്ടംകൂട്ടലാണ്. ഒരു ലോട്ടറിയെടുക്കാന്‍ പോലും കയ്യില്‍ കാശില്ല. ഓണം ബംബറിന് 500 ആണ്. തൊഴിലുറപ്പില്‍ മിച്ചംവെച്ചാണ് ഒരെണ്ണം ഒപ്പിച്ചത്. പോരാത്തതിന് ജാനകിചേച്ചിയും കല്യാണ്യേടത്തിയും ശങ്കരന്‍മാമനും നാരാണേട്ടനും ചേര്‍ന്ന് ഒരെണ്ണവുമെടുത്തു. പരപ്പനങ്ങാടിയില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് ലോട്ടറി അടിച്ചത് പത്രത്തില്‍ കണ്ടിരുന്നു. മാത്രമല്ല, പലരും ചേര്‍ന്ന് ബംബറെടുക്കുന്നതായി വിവരവും കിട്ടി. അങ്ങനെ ആകെ 600 രൂപ ചെലവാണ്. ഇനി മൂപ്പര്‍ക്ക് ലോട്ടറിക്ക് 500 കൂടി നല്‍കാന്‍ വകയില്ല. ഈ കഷ്ടപ്പാടെല്ലാം തീരും. ദൈവം സഹായിക്കും. ഓണം ബംബറടിക്കും.

Updated: October 18, 2023 — 10:11 pm

1 Comment

Add a Comment
  1. ❤❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *