ഗുരുവായൂർ അമ്പല നടയിൽ [Ghost] 210

ഗുരുവായൂർ അമ്പല നടയിൽ..

ഇവിടെ നിന്നായിരുന്നു അവ്യക്തമായ ഒരു പ്രണയത്തിൽ നിന്ന് ഞാൻ ഭാവനകളാൽ നിറഞ്ഞ ഒരു സ്വപ്നം പടുത്തുയർത്തിയത്.
ഒട്ടു മിക്ക യുവാക്കളെയും പോലെ പഠിത്തം കഴിഞ്ഞ് ജോലിയൊന്നും ഇല്ലാതെ ഒറ്റപ്പെടൽ കൂടെ തുടർന്നപ്പോൾ അന്നൊക്കെ ഞാനും കരുതിയിരുന്നു ആരെങ്കിലുമൊക്കെ ആ ഒറ്റപ്പെടലിൽ പങ്ക് ചേരാൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന്. പൊതുവെ ഉൾവലിഞ്ഞ സ്വഭാവക്കാരനായിരുന്ന എനിക്കന്നത് വെറുമൊരു ആഗ്രഹം മാത്രമായിരുന്നു. ആ ആഗ്രഹം ചെന്നെത്തിയത് അവളിലേക്കും. നേരിട്ട് അന്നേവരെ കണ്ടിട്ടില്ലായിരുന്നെങ്കിലും എൻ്റെ ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ഒരു വ്യക്തിയായി അവൾ അപ്പോഴേക്കും മാറിയിരുന്നു. അവളൊരു പാട്ടുകാരിയും നർത്തകിയുമായിരുന്നു ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ ഒക്കെ പാടിയിട്ടുണ്ടത്രെ. അവളോട് എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കാം, ഇടക്കൊക്കെ പാട്ടും കേൾക്കാം എന്നല്ലാതെ ഒരു സൗഹൃദത്തിനപ്പുറം ഞാൻ ഒന്നും തന്നെ മോഹിച്ചിരുന്നില്ല. എന്നിട്ടും എവിടെയൊക്കെയോ വെച്ച് ഞാൻ പോലും അറിയാതെ അവളിലേക്ക് ഞാൻ അടുത്തു കൊണ്ടിരുന്നു. പ്രണയം അപ്പോഴേക്കും എന്നെ ഉയർത്തെഴുന്നേൽക്കാനാവാത്ത വിധം കീഴ്പ്പെടുത്തിയിരുന്നു.
അവളെ അറിഞ്ഞത് മുതൽ മനസ്സിൽ നുരഞ്ഞു പൊങ്ങിയ ഒരു ആഗ്രഹമായിരുന്നു ഒരിക്കൽ അവളുടെ സംഗീത കചേരിയും നൃത്തവും നേരിട്ട് ഗുരുവായൂർ വെച്ച് കാണണമെന്ന്. പക്ഷെ അവളെൻ്റെ ആഗ്രഹം അറിഞ്ഞാൽ തീർച്ചയായും നിരസിക്കും എന്നെനിക്കു പൂർണ ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ തമാശ രൂപേണ ഞാൻ കാര്യം അവധരിപ്പിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചപോലെ നിരാശ തന്നെയായിരുന്നു ഫലം. വരണ്ട എന്നവൾ തീർത്തു പറഞ്ഞു. അന്ന് ഞാൻ കൊയമ്പത്തൂർ ജോലി ചെയ്യുകയായിരുന്നു പിറ്റെ ദിവസം ആയിരുന്നു അവളുടെ സംഗീത കച്ചേരി വരാൻ നിക്കണ്ട എനിക്ക് കാണേം വേണ്ട എന്നവൾ എന്നോട് മുഖത്തടിച്ചു പോലെ പറഞ്ഞിരുന്നെങ്കിലും എൻ്റെ മനസ്സിലെ പ്രണയത്തിന് ഒരു മനോഹരമായ പ്രണയ നിമിഷം അനുഭവിക്കാൻ വെമ്പൽ ഏറെയായിരുന്നു അതുകൊണ്ട് ഞാൻ ഉണ്ടോ കേക്കുന്നു. അന്ന് രാത്രി 11:30 ൻ്റെ ട്രെയിനിൽ തന്നെ കയറി. വിച്ചാരിച്ചപോലെ തന്നെ ട്രെയിനിൽ നല്ല തിരക്കായിരുന്നു ജനറൽ കമ്പാർട്ട്മെൻ്റിൽ ഇന്നേവരെ എനിക്കൊന്നു സമാധാനമായി യാത്ര ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നാണാവോ ആ ഭാഗ്യം ഉണ്ടാവുക. ജോലി കഴിഞ്ഞ് ഒന്ന് വിശ്രമിക്ക പോലും ചെയ്യാതെ കേറി പോന്നത് കൊണ്ടാകാം ഉറക്കം എന്നെ പിടിച്ചു വലിച്ചുകൊണ്ടിരുന്നു. അടുത്ത് നിന്ന ഹിന്ദിക്കാരൻ്റെ തൃശൂർ ഇറങ്ങാൻ ഉള്ള തത്രപ്പാടിൽ ആണ് ഞാൻ ഉറക്കം വെടിഞ്ഞ് സ്വബോധത്തിലേക്ക് വന്നത്. സമയം വെളുപ്പിനു 3 മണി ആയിരുന്നു. തൃശൂർ ബസ്സ് സ്റ്റാൻഡിൽ നിന്ന് ഏകദേശം 20 k.m ഉണ്ടാകും ഗുരുവായൂർക്ക്. ആദ്യ ബസ്സിൽ തന്നെ ചാടി കേറി ഞാൻ അപ്പോഴേക്കും വിൻഡോ സീറ്റ് കിട്ടിയതിൻ്റെ സന്തോഷത്തിൽ ആയിരുന്നു. ആനവണ്ടിടെ സൈഡ് സീറ്റിൽ ഇരുന്നു തണുത്ത കാറ്റും ജോൺസൺ മാഷിൻ്റെ അനുരാഗിണി എന്ന സംഗീതവും കേട്ടാൽ ഏതു പ്രണയിക്കാത്തവനും പ്രണയിച്ചു പോകും. എന്തൊരു വരികളാണിത്, കേട്ട് മറന്ന വാക്കുകളും ഇന്നേവരെ കേക്കാത്ത വാക്കുകളും എല്ലാം അതിൻ്റെ പുതുമയെ എന്നും അതേപോലെ തന്നെ നിലനിർത്തുന്നു. തുളച്ചു കയറുന്ന തണുപ്പിലും അതൊന്നും വക വെക്കാതെ എൻ്റെ മനസ്സ് പ്രണയത്തിൻ്റെ മാറ്റ് കൂട്ടികൊണ്ടെയിരുന്നു. 3:30 യോട് കൂടി ഞാൻ ഗുരുവായൂർ എത്തി ഇനിയും 3 മണിക്കൂർ കൂടി കാത്തിരിക്കണം. 6 മണി ആവുമ്പോഴേക്കും അവൾ എത്തും..കണ്ണിൽ പെടാതെ മറഞ്ഞു നിക്കണം അല്ലെങ്കിലും ഇത്രയും ആൾകൂട്ടത്തിൽ ഈ എന്നെ അവൾ എങ്ങനെ തിരിച്ചറിയാനാ. സമയം 6 മണി ആയി പരുപാടി ഉടനെ ഉണ്ടാകും. ഞാൻ അവൾക്കു മെസ്സേജ് അയച്ചു, എന്തായി കച്ചേരി തുടങ്ങിയോ? ഇല്ലാ അവൾ മറുപടി പറഞ്ഞു. ഞാൻ ഗുരുവായൂർ ഉണ്ടെങ്കിലോ നീ എന്താ ചെയ്യാ അറിയാനുള്ള ജിജ്ഞാസയിൽ ഞാൻ ചോദിച്ചു. ലേശം വൈകിയാണ് അതിൻ്റെ ഉത്തരം വന്നത് പ്രതീക്ഷിച്ച പോലെ തന്നെ അവൾ പറഞ്ഞു ഇവിടെ വെച്ച് കണ്ടാൽ ഞാൻ ഇനി ഒരിക്കലും മിണ്ടില്ല എന്ന് അതിൽ എന്തോ ദേഷ്യം ഉള്ളതുപോലെ തോന്നിയെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല. കാരണം ഈ പ്രണയം അതെൻ്റേത് മാത്രമാണ് അതിൻ്റെ ഓരോ നിമിഷങ്ങളും എനിക്കനുഭവിക്കണമായിരുന്നു പ്രണയത്തിൻ്റെ മൂർധന്യം എന്താണെന്ന് എനിക്കറിയണമായിരുന്നു. ഞാൻ വന്നിട്ടില്ല എന്ന് കളവ് പറഞ്ഞു ഒഴിഞ്ഞു മാറി. പരുപാടി ആരംഭിച്ചു, മൂന്നാമതായിരുന്നു അവളുടെ ഊഴം. വെള്ള സെറ്റ് സാരിയും നീല ബ്ലൗസും ആയിരുന്നു അവളുടെ വേഷം എന്നും അതേപോലെ തന്നെ എൻ്റെ മനസ്സിൽ നിലനിൽക്കാൻ പോകുന്ന നിമിഷം ഞാൻ എന്നെ തന്നെ മറന്ന നിമിഷം. ഒരിക്കലും തീരരുതെ എന്ന് പ്രാർത്ഥിച്ചിരുന്നു എങ്കിലും ഭഗവാൻ കൃഷ്ണൻ അത് കേട്ട ഭാവം നടിച്ചില്ല, ഗുരുവായൂർ വരെ വന്നിട്ട് പുള്ളിക്കാരനെ ഒന്ന് തൊഴുകാത്തതിൻ്റെ നീരസം കാണും ഞാനും അത് മറന്നിരിക്കണു. കച്ചേരി കഴിഞ്ഞ് പോകാൻ നേരം അടുത്തേക്ക് ഓടി ചെല്ലണമെന്നും കെട്ടിപിടിച്ച് അഭിനന്ദനങ്ങൾ അറിയിക്കണമെന്നും ഉണ്ടായിരുന്നു. ദൂരെ നിന്ന് നോക്കി കാണാനും ഒന്ന് തിരിഞ്ഞ് നോക്കി നടന്നകലാനും മാത്രമേ അന്നെനിക്കായുള്ളു.
തിരിച്ച് നടന്നപ്പോഴേക്കും അശ്വിൻ എൻ്റെ സുഹൃത്ത് എറണാകുളത്ത് നിന്നെത്തിയിരുന്നു എന്നെ കൊണ്ടുപോകാൻ വന്നതാ ഇത്രേടം വരെ. ആൻ്റണിയെ പോലെ തന്നെ എൻ്റെ ഈ പ്രണയത്തിൽ വളരെ അധികം സ്വാധീനം അവനും ചെലുത്തിയിരുന്നു, എൻ്റെ സന്ദ്ധത സഹചാരി.
ഉറക്ക ക്ഷീണം എൻ്റെ ശരീരത്തെ വല്ലാതെ ബാധിച്ചിരുന്നു. എങ്ങനെയൊക്കെയോ അവൻ എന്നെ വീടെത്തിച്ചത് മാത്രം ഓർമ്മയുണ്ട്. അവളുടെ മെസ്സേജ് വന്നിരുന്നു അപ്പോഴേക്കും ,പാട്ട് കൊള്ളാമായിരുന്നു എന്ന് പറയുന്നതിനിടെ ഏതോ ഒരു സന്ദർഭത്തിൽ ഞാൻ അവിടെ വന്നിരുന്നു എന്നെനിക്ക് പറയേണ്ടി വന്നു. അവസാനിച്ചു എല്ലാം അവസനിച്ചു പ്രണയം അനുഭവിച്ച ദിവസം തന്നെ അതിൻ്റെ കയ്പും അനുഭവിക്കേണ്ടി വരുമെന്ന ആശങ്ക എൻ്റെ ഹൃദയത്തിൽ ഒരു കൊള്ളിയാൻ പോലെ പാഞ്ഞുകയറി. പക്ഷേ എന്തോ അതുണ്ടായില്ല പകരം എന്താ വിളിക്കാഞ്ഞെ എന്നൊരു പരിഭവം ആണ് എൻ്റെ കാതുകൾ കേട്ടത്. ഒന്ന് കണ്ടിട്ട് പോകാമായിരുന്നില്ലെ എന്ന അവളുടെ ആ ചോദ്യത്തിന് ഇന്നെൻ്റെ പ്രണയത്തിൻ്റെ വിലയുണ്ട്. ഞാൻ കണ്ടില്ലല്ലോ എന്ന അവളുടെ വാക്കിൽ നിരാശയും പ്രണയവും ഒരുപോലെ പ്രതിഫലിച്ചിരുന്നു. എന്നിട്ടും, എങ്കിലും എങ്ങിനെയാണ് ഞാനീ പ്രണയത്തിൽ തീർത്തും പരാജയനായിത്തീർന്നത്.ഒരു പക്ഷെ അവൾ എന്നിലെ പ്രണയം അനുഭവിക്കുകയും ആസ്വാദിക്കുകയും ചെയ്തിരുന്നിരിക്കാം എങ്കിലും അതെത്രതോളം വലുതാണെന്ന് ഒരിക്കൽ പോലും അവൾ അറിഞ്ഞിട്ടുണ്ടായിരിക്കില്ല, അറിഞ്ഞിരുന്നെങ്കിൽ ഈ പ്രണയത്തിൽ ഞാൻ പരാജിതനാകില്ലായിരുന്നു ദുഖം ഇരുട്ടെന്നപോൽ എന്നെ വരിഞ്ഞു മുറുക്കില്ലായിരുന്നു. എല്ലാം ഞാൻ വിധിക്ക് വിട്ടുകൊടുതിരിക്കുന്നു എന്നിട്ടും aa പ്രണയം എന്നിൽ മരിക്കാതെ തുടരുന്നു ഓർമകൾ അതിൻ്റെ തനത് നിലനിർത്തുന്നു സങ്കൽപ്പങ്ങൾ അതിനെ മോടി പിടിപ്പിക്കുന്നു, സ്വപ്നങ്ങൾ അതിൻ്റെ ജീവൻ നിലനിർത്തുന്നു.ഒരിക്കൽ ഇതെല്ലാം അവസാനിച്ചേക്കാം ഒരുപക്ഷെ അതെന്നോടൊപ്പം ആണെങ്കിലോ?അറിയില്ല…അന്നാ കാണികൾക്കിടയിൽ വെറുമൊരു പ്രേഷകനായി ഞാൻ നിന്നെ ആസ്വദിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ലല്ലോ ഇനി ഒരിക്കലും തിരിച്ച് കരകയറാൻ കഴിയാത്തത്ര ആഴങ്ങളിലേക്കാണ് ഞാൻ വീണുകൊണ്ടിരിക്കുന്നതെന്ന്.

1 Comment

Add a Comment
  1. നിധീഷ്

    ♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *