ഗൗരി പിന്നിലേക്ക് തിരിഞ്ഞ് പിടക്കുന്ന തന്റെ മാൻമിഴികളാൽ അയാളെ തിരഞ്ഞു.
ജാലകത്തിനരികിൽ കണ്ണുകളടച്ച് ഏതോ ചിന്തകളിലാണ്ടിരിക്കുകയായിരുന്നു അപ്പോൾ അയാൾ.
ജാലകത്തിലൂടെ അകത്തേക്കാഞ്ഞടിച്ച കാറ്റിൽ അയാളുടെ മുടിയിഴകൾ മുഖത്തേക്ക് പരന്നുകിടന്നു.
വലതുകൈകൊണ്ട് പരന്നുകിടക്കുന്ന മുടിയിഴകളെ അയാൾ ഒതുക്കിവച്ചു.
ട്രെയിന്റെ വേഗത കുറയുന്നത് ഗൗരി അറിയുന്നുണ്ടായിരുന്നു.
ഇരുണ്ടുകൂടിയ കാർമേഘത്തിൽനിന്നും മഴ തുള്ളിത്തുള്ളിയായി പെയ്തിറങ്ങാൻ തുടങ്ങി.
ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് കടന്നു.
ഇറങ്ങാനുള്ളവർ ഓരോരുത്തരായി സീറ്റിൽനിന്നും എഴുന്നേറ്റു.
പക്ഷെ അയാൾമാത്രം എഴുന്നേൽക്കാതെയിരിക്കുന്നതുകണ്ട ഗൗരി അല്പമൊന്ന് ശങ്കിച്ചു.
“ഇവിടെ ഇറങ്ങുന്നാണല്ലോ പറഞ്ഞേ, പിന്നെയെന്താ ഇറങ്ങാത്തെ.”
അവൾ തന്റെ ബാഗും മറ്റുമെടുത്ത് ഇറങ്ങാൻ തയ്യാറായി.
ട്രൈൻ പതിയെ പ്ലാറ്ഫോമിലേക്ക് വന്നുനിന്നു
വീണ്ടും ഗൗരി പിന്നിലിരിക്കുന്ന അയാളെതന്നെ നോക്കി.
പക്ഷെ അവിടെ ശൂന്യമായിരുന്നു.
“ദേവീ… ഒരു നിമിഷംകൊണ്ട് ആ ഏട്ടൻ എങ്ങോട്ടുപോയി.?”
ഗൗരി വേഗം തന്റെ ബാഗും മറ്റുമെടുത്ത് അയാളിരുന്ന സീറ്റിന്റെ അരികിലേക്ക് ചെന്നുനോക്കി.
“ഒരു യാത്രപോലും പറയാതെ പോയോ..”
നിരാശയോടെ അവൾ തിരിഞ്ഞുനടന്നു.
മഴ കനത്തുപെയ്യാൻ തുടങ്ങി. ഡോറിനരികിലേക്കുചെന്ന ഗൗരിയെ മഴ ചീതലടിച്ചുകൊണ്ട് സ്വാഗതംചെയ്തു.