യക്ഷയാമം (ഹൊറർ) – 4 48

“ഹാ…. വെറുതെയല്ല തലചുറ്റിവീണത്, വിശന്നിട്ടാണ് ലേ…
അല്ല.. എങ്ങോട്ടാ പോകുന്നേ..?”

“ഷോർണൂർക്ക്.”

“മ്… ഞാനും അങ്ങോട്ടാ…
എവിടന്നാ വരുന്നേ ദൂരെന്നാണോ…?”

“ബാംഗ്ളൂർ..” ചുരിദാറിന്റെ ഷാളെടുത്ത് മുഖം തുടച്ചുകൊണ്ട് ഗൗരി പറഞ്ഞു.

“എന്റെ സീറ്റ് അപ്പുറത്താ, അപ്പൊ ശരി..”
അയാൾ സീറ്റിൽനിന്നും എഴുന്നേറ്റയുടനെ ഗൗരിപറഞ്ഞു.

“ഏട്ടാ…സോറി ട്ടോ..”

“താനിപ്പോഴും അതുവിട്ടില്ലേ ഹഹഹ… സോറി സ്വീകരിച്ചു. ഓകെ.”

ചെറുപുഞ്ചിരി സമ്മാനിച്ച് അയാൾ തിരിഞ്ഞുനടന്നു.

നേരത്തെവാങ്ങിവച്ച ബ്രെഡ്ഡ് കൈയ്യിലുള്ള ജാമുംകൂട്ടി ഗൗരി വിശപ്പകറ്റി.

ട്രെയിൻ മുന്നോട്ടുപോകുംതോറും പ്രകൃതി കൂടുതൽ മനോഹരമായിരിക്കുന്നത് ഗൗരി ജാലകത്തിലൂടെ നോക്കിയിരുന്നു.

വിണ്ണിൽ മഴമേഘങ്ങൾകൊണ്ടൊരുക്കിയ മാളിക അവളിൽ കൗതുകം നിറച്ചു.
ഒഴിഞ്ഞുകിടക്കുന്ന പാടങ്ങൾ, അവക്ക് അരികിൽ ഒറ്റപ്പെട്ടുനിൽക്കുന്ന കരിമ്പനകൾ.
അങ്ങനെ മനസിനെ കുളിരണിയിക്കുന്ന ഒരുപാട് കാഴ്ചകൾ ഗൗരി ഒപ്പിയെടുത്തു.

“ഹോ… ഇതാണ് കേരളം. പ്രകൃതിസുന്ദരമായ ഈ നിമിഷങ്ങൾ യൂട്യൂബിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.”

അവൾ തന്റെ ഫോണെടുത്ത് ഓരോകാഴ്ചകളും ഒപ്പിയെടുത്തു.

“മോളെ അടുത്ത സ്റ്റേഷനാണ് ഷൊർണൂർ.”
വീക്കിലി വായിച്ചുകൊണ്ടിരുന്ന ചേച്ചി പറഞ്ഞു.