ഛർദ്ദിക്കാൻ വന്ന ഗൗരി തന്റെ വായ പൊത്തികൊണ്ട് ബാത്റൂമിലേക്ക് കയറാൻ നിന്നതും,പൊത്തിപ്പിടിച്ച കൈകളെ മറികടന്ന് ഇന്നലെ കഴിച്ച ഭക്ഷണംതേട്ടി അടുത്ത് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നയാളുടെ വെള്ളമുണ്ടിലേക്ക് ഛർദ്ദിച്ചു.
“ഹൈ…. എന്താ ഈ കാണിച്ചേ…”
പിന്നിലേക്ക് രണ്ടടിവച്ചുകൊണ്ട് അയാൾ പറഞ്ഞു.
“സോറി സാർ… ആക്ച്വലി, ഐ കൂഡ്നോട്ട്….”
പറഞ്ഞു മുഴുവനാക്കാതെ ഗൗരി കുഴഞ്ഞുവീണു.
നിലത്തുവീണുകിടക്കുന്ന ഗൗരിയെ അയാൾ തട്ടി വിളിച്ചു.
കണ്ണുതുറക്കാതായപ്പോൾ അടുത്തുള്ള ഒരു സ്‌ത്രീയെ അയാൾ വിളിച്ചുകൊണ്ടുവന്നു.
അവർ രണ്ടുപേരുംകൂടെ ഗൗരിയെ താങ്ങിപ്പിടിച്ചുകൊണ്ട് സീറ്റിലേക്ക് കിടത്തി.
കുപ്പിയിൽകരുതിയ കുടിവെള്ളം ആ സ്ത്രീ ഗൗരിയുടെ മുഖത്തേക്ക് തെളിച്ചു.
“എന്താ കുട്ടീ…എന്താ പറ്റിയെ..”
പതിയെ മിഴിതുറന്ന ഗൗരി സ്ഥാനംതെറ്റികിടക്കുന്ന ഷാളെടുത്ത് മാറിനെ മറച്ചു.
“ഏയ് ഒന്നുല്ല്യേച്ചി… പെട്ടന്ന് തലകറങ്ങീതാ…”
പതിയെ ഗൗരി അടുത്തുനിൽക്കുന്ന ചെറുപ്പക്കാരനെ നോക്കി.
“സോറി സാർ….”
ഗൗരി പതിയെ എഴുന്നേറ്റു.
“സാരല്ല്യ, ബുദ്ധിമുട്ടാണെങ്കിൽ കിടന്നോളൂ..”
ഗൗരിയുടെ നേരെ മുൻപിലുള്ള സീറ്റിലേക്ക് അയാളിരുന്നു.
“വല്ലതും കഴിച്ചായിരുന്നോ..?”
“ഇല്ല്യാ വാങ്ങിവച്ചിട്ടുണ്ട്. കഴിക്കണം.”
ബാഗിലേക്ക് നോക്കിക്കൊണ്ട് ഗൗരി പറഞ്ഞു.