ശങ്കരൻതിരുമേനി ഉമ്മറത്തെ ചാരുകസേരയിൽ വന്നിരുന്നപ്പോൾ അടുത്തേക്ക് ഗൗരിവന്നിരുന്നു.
“മുത്തശ്ശാ,…”
തിരുമേനിയുടെ കൈയ്യിൽ പിടിച്ചുകൊണ്ട് അവൾ വിളിച്ചു.
“ന്താ മോളേ, പേടിച്ചുപോയോ ന്റെ കുട്ടി.
എല്ലാം ശുഭമാകും പോയികിടന്നുറങ്ങൂ..”
രാത്രിയുടെ നിശബ്ദത ചുറ്റിലും പരന്നു.
ചീവീടിന്റെയും ചെറുപ്രാണികളുടെയും ശബ്ദം രാത്രിയെ ഏറെ സുന്ദരമാക്കി.
ഉദയകിരണങ്ങൾ പതിവിലും നേരത്തെ പ്രകൃതിയെ ആലിംഗനം ചെയ്തു.
തീർത്ഥക്കുളത്തിൽ സ്നാനം കഴിഞ്ഞ് പൂജചെയ്യാനെത്തിയവർ തയ്യാറായി നിന്നു.
മൂന്നാംഘട്ട പൂജക്ക് തുടക്കം കുറിച്ചു.
വിഘ്‌നനിവാരണത്തിനായ് ഗണപതിഹോമത്തിന് തുടക്കംക്കുറിച്ച് ഹോമാകുണ്ഡത്തിലേക്ക് അഗ്നി ചൊരിഞ്ഞു.
ഉച്ചയോടെ അവസാനിച്ച ഗണപതിഹോമത്തിനു ശേഷം രാത്രിയിൽ ആരംഭിക്കാനുള്ള മഹാസുദർശനഹോമത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി.
സന്ധ്യയോടടുത്തെത്തി നിൽക്കുന്ന നേരത്താണ് അനിയോട് കുളികഴിഞ്ഞ് ഈറനോടെ അവിടേക്ക് വരാൻ കല്പിച്ചത്.
രാമൻ പത്തായപ്പുര തുറന്ന് അനിയെ വിളിച്ചു.
പക്ഷെ പത്തായപ്പുരയിൽ കാവൽനിൽക്കുന്ന ആളുടെ നിശ്ചലമായി കിടക്കുന്നശരീരം മാത്രമേ ഉണ്ടായിരുന്നോളൂ.
അനി അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു.
വിവരം അറീച്ച രാമനെ ശങ്കരൻതിരുമേനി കണക്കിന് ശകാരിച്ചു.
“ഒരുകണ്ണെപ്പോഴും വേണം ന്ന് പറഞ്ഞിരുന്നില്ലേ. ന്നിട്ടിപ്പ വന്നുനിൽക്കാ.. അവളുടെ കണ്ണിൽപെടുന്നതിനെക്കാൾ മുൻപേ പോയി അവനെ കൂട്ടികൊണ്ടുവരൂ”
ഉടനെ രാമനും സഹായികളും അനിയെ അന്വേഷിച്ചിറങ്ങി.
അതേസമയം അനി തെക്കേടത്തെകുളപ്പുരയിൽ ഒളിഞ്ഞിരിക്കുകയായിരുന്നു.
കുറച്ചുനേരം ആരുടെയും കണ്ണിൽപെടാതെ അയാൾ അവിടെത്തന്നെ ഇരുന്നു.