യക്ഷയാമം (ഹൊറർ) – 23 30

കൃഷ്ണമൂർത്തിയദ്ദേഹം തോളിൽ ധരിച്ച മേൽമുണ്ടിനെ ഇടതുകൈകൊണ്ട് ചേർത്തു പിടിച്ചു.

“സീത..’
അനിയുടെ അനിയത്തിയായി രൂപമാറ്റം ചെയ്തുവന്ന അവളെ ശങ്കരൻ തിരുമേനി തിരിച്ചറിഞ്ഞു.

ചുറ്റിവന്ന ചുഴലിക്കാറ്റ് അവളെയും എടുത്ത് വിണ്ണിലേക്ക് ഉയർന്നു.

കാർമേഘം പടർന്നുപന്തലിച്ച ആകാശത്തിൽ നിന്നുകൊണ്ട് അവൾ ആർത്തുചിരിച്ചു.

“ഓം ശംഭൂർനയനസംഭൂതായേ നമഃ
ഓം ശിവാത്മാന്ദകാരിണ്ണ്യേ നമഃ
ഓം കാളീ കരാളവദാനയേ നമഃ”

ഉണ്ണിയുടെ കൈയ്യിലെ തളികയിൽ ശേഷിച്ച പുഷ്പ്പങ്ങളെടുത്ത് മാറോടുചേർത്തുപിടിച്ചുകൊണ്ട് കൃഷ്ണമൂർത്തിതിരുമേനി പടിപ്പുരക്ക് അപ്പുറത്തേക്ക് അർപ്പിച്ചു.

നിമിഷനേരം കൊണ്ട് ആഞ്ഞുവീശിയ കാറ്റ് നിശ്ചലമായി.
ഉലഞ്ഞാടിയ കേരവൃക്ഷങ്ങൾ പതിയെ പൂർവ്വസ്ഥിതിയിലായി.

“ശങ്കരാ വൈകിക്കേണ്ട തുടങ്ങിക്കോളൂ..”

“ഉവ്വ് തിരുമേനി.”

സന്ധ്യയോടെ രണ്ടാംഘട്ട പൂജകൾ തുടങ്ങി.

ശങ്കരൻതിരുമേനി നവഗ്രഹപൂജക്ക് മുൻകൈയെടുത്തു.
ഹോമാഗ്നിയിൽ 9 ഗ്രഹങ്ങളുടെയും മന്ത്രം കൊണ്ട് ഹോമിച്ച്, ഹോമകുണ്ഡത്തിൻറെ കിഴക്കുവശത്ത് നവഗ്രഹപത്മം തയ്യാറാക്കി പൂജിച്ചു.

രണ്ടാംഘട്ടം അവസാനിക്കുമ്പോൾ കൃഷ്ണമൂർത്തിയദ്ദേഹത്തിന്റെ മുഖത്ത് പതിവില്ലാത്ത ഒരു മൗനം ശങ്കരൻ തിരുമേനി ദർശിച്ചു.
കാരണം തിരക്കിയ തിരുമേനിയോടു പറഞ്ഞു.

“അവൾ, സീത. പൂർവ്വാധികം ശക്തിപ്രാപിച്ചിട്ടുണ്ട്.”

“മ്, ദേവി കൈവിടില്ല്യാ’

“അറിയാം, എങ്കിലും ഒന്നൂടെ ശ്രദ്ധിക്കണം.
നാളെ മഹായാമം തുടങ്ങുന്നതിനു മുൻപ് അവളെ ആവാഹിച്ച് ഇവിടെ എത്തിക്കണം.”

“മ്, അങ്ങു വിശ്രമിക്കൂ, ബാക്കി നാളെ തീരുമാനിക്കാം.”