യക്ഷയാമം (ഹൊറർ) – 23 30

“ആരാ പറഞ്ഞേ കുട്ട്യോട് ഏട്ടൻ ഇവിടെ ണ്ടെന്ന് ?”

“അത്… അത്… ”
അവൾ നിന്നുപരുങ്ങി.

“മ് വര്യാ, പത്തായപ്പുരയിലുണ്ട്.”
കൃഷ്ണമൂർത്തിതിരുമേനി പറഞ്ഞു.

“ഞാൻ.. ഏട്ടനോട് ഇങ്ങട് വരാൻ പറയൂ..”

“നിനക്ക് അകത്തേക്ക് വരാം..”
ശങ്കരൻ തിരുമേനി പറഞ്ഞു.

“ഇല്ലാ, പൂജനടക്കുന്നസ്ഥലല്ലേ.”

“അതുകുഴപ്പല്ല്യാ, വന്നോളൂ”
അവൾക്കുവേണ്ടി തിരുമേനി വഴിയൊരുക്കി.

“ഞാൻ… ഞാൻ ഋതുമതിയാണ്, ”
മുഖം താഴ്ത്തികൊണ്ട് അവൾ പറഞ്ഞു.

ഉടനെ കൃഷ്ണമൂർത്തിതിരുമേനി പുഞ്ചിരി പൊഴിച്ചുകൊണ്ട് തന്റെ നരബാധിച്ച താടിയെ തലോടി.

“ഓം ഭദ്രകാള്യ നമഃ
ഓം രുദ്രസുതായേ നമഃ”

വലതുകൈ നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ശ്രീ ദുർഗ്ഗാദേവിയെ മനസിൽ ധ്യാനിച്ചതും
ഉടനെ ശക്തമായ കാറ്റ് ഒഴുകിയെത്തി.
കാറ്റിൽ ഉണ്ണിയുടെ കൈയ്യിലെ തളികയിൽ ഉണ്ടായിരുന്ന പുഷ്പങ്ങളെല്ലാം വായുവിൽ പാറിനടന്നു.

കാർമേഘം സൂര്യനെമറച്ചുപിടിച്ചു.
പൊടിപടലങ്ങൾ ചുറ്റിലും പരന്നു.
ശക്തമായ കാറ്റിൽ രാമൻ അടിതെറ്റി വീണു.
പിടിച്ചെഴുനേൽപ്പിക്കാൻ ശ്രമിച്ച ശങ്കരൻതിരുമേനിയും കാറ്റിന്റെ ഗതിക്കനുസരിച്ചു തെന്നി നീങ്ങി.