യക്ഷയാമം (ഹൊറർ) – 23 30

“ഹും, നിന്റെ ഈ മുഖം കണ്ട് പേടിക്കുന്നവരുണ്ടാകും. പക്ഷെ മൂർത്തി.”

“നാവടക്കൂ… കുറെ നേരമായി സ്വയം പുകഴ്ത്തുന്നു.”
ഇടയിൽകയറി പരിഹാസത്തോടെ സീത പറഞ്ഞു.

“സീതേ, ഒരുകാര്യം നീ മനസിലാക്കുക. സുദർശനം എന്നുപറയുന്നത് ഭഗവാൻ വിഷ്ണുവിന്റെ വലതുകൈയ്യിൽ എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുന്ന ആയുധമാണ്.
അറിയാമായിരിക്കും അല്ലേ?
നിന്റെ ദൃഷ്ടികൾ സ്വാധീനിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ സുദർശനമൂർത്തിയുടെ ആയിരം പല്ലുകളുള്ള (ആരങ്ങളുള്ള) ചക്രംകൊണ്ട് നിന്നെ അറുത്തുനീക്കി ഈശ്വരന്റെ ശുഭദർശനം ലഭ്യമാക്കുക എന്നതാണ് എന്റെ ലക്ഷ്യം.”

“ഹഹഹ… എന്റെ മരണസമയത്ത് ഞാൻ കണ്ടില്ലല്ലോ ഈ ഭഗവാനെ? ”

“വിധിയെ തടയാൻ ഒരു ശക്തിക്കും സാധിക്കില്ല. മഹാദേവന്റെ പ്രിയപത്നി സതിദേവിയുടെ വേർപാടിൽ പോലും വിധിയെ പഴിച്ചവനാണ് സാക്ഷാൽ പരമശിവൻ.”

“പുരാണകഥകൾക്ക് പ്രസക്‌തിയില്ല തിരുമേനി.”

അത്രയും പറഞ്ഞ് തിരുമേനിയുടെ ദൃഷ്ട്ടിയിൽ നിന്നും അവൾ അപ്രത്യക്ഷയായി.

പൂജാമുറിയിൽ ഇരിക്കുകയായിരുന്ന കൃഷ്ണമൂർത്തിയദ്ദേഹത്തെ ശങ്കരൻ തിരുമേനി വന്നുവിളിച്ചു.

“അനിയുടെ പെങ്ങളുട്ടി വന്നിരിക്കിണു, അവന്റെ അമ്മക്ക് സുഖല്ല്യാ ന്ന്, ഒന്നുകാണാണത്രേ.”

“ഞാൻ വരാം ശങ്കരൻ നടന്നോളൂ.”
ദുർഗ്ഗാദേവിയുടെ അനുഗ്രഹം വാങ്ങി തിരുമേനി എഴുന്നേറ്റു.

പടിപ്പുരയിൽ കാത്തുനിൽക്കുന്ന അനിയുടെ അനിയത്തിയെ കാണാൻ കൃഷ്ണമൂർത്തിയദ്ദേഹവും രാമനും, ശങ്കരൻ തിരുമേനിയുംകൂടെ സഹായി ഉണ്ണി ഒരു തളികയിൽ പുഷ്പങ്ങളെടുത്ത് ചെന്നു.

“രാമാ…”

“അതേ തിരുമേനി, ഇത് അനിയുടെ അനിയത്തിതന്നെ ഞാൻ കണ്ടിട്ടുണ്ട്. അമ്പലത്തിൽച്ച്.”
രാമൻ സ്വകാര്യമായി പറഞ്ഞു.

“നിക്ക് ഏട്ടനെ കാണണം, അമ്മക്ക് സുഖല്ല്യാ,”
തേങ്ങികൊണ്ട് അവൾ പറഞ്ഞു.