“ഉവ്വ്,”
“നാളെ രാത്രി ചെമ്പകമരത്തിൽ ബന്ധിച്ച സച്ചിദാനന്ദനെ കളത്തിലേക്ക് കൊണ്ടുവരണം. അയാളുടെ ആത്മാവിന്റെ സാനിധ്യം ഉണ്ടെന്നറിഞ്ഞാൽ ഇരയെത്തും.
പിന്നെ കാര്യങ്ങൾ എളുപ്പമാണ്.”
കൃഷ്ണമൂർത്തിയദ്ദേഹത്തിന്റെ വാക്കുകൾ വളരെ ശ്രദ്ധയോടുകൂടെ ശങ്കരൻതിരുമേനി കേട്ടുനിന്നു.
ശേഷം പൂജാമുറിയിലേക്ക് കയറി കൃഷ്ണമൂർത്തിയദ്ദേഹം ചമ്രം പടിഞ്ഞിരുന്ന്
തളികയിൽ വച്ച ചുവന്ന തെച്ചിപ്പൂവുകൊണ്ട് ദുർഗ്ഗാദേവിക്ക് അർച്ചന നടത്തി.
മിഴികളടച്ചുകൊണ്ട് മൂർത്തിയദ്ദേഹം വീണ്ടും സീതയെ സങ്കൽപ്പിച്ചു.
ഇത്തവണ അവളുടെ ആർത്തട്ടഹസിക്കുന്ന മുഖമായിരുന്നു മനസിൽ തെളിഞ്ഞത്.
“ഹാ, നടക്കില്ല തിരുമേനി. എന്റെ ലക്ഷ്യം ഞാൻ നിറവേറ്റുകതന്നെ ചെയ്യും.
അനി, അവന്റെ രക്തത്തിൽ എനിക്ക് നീരാടണം.”
അട്ടഹസിച്ചു കൊണ്ട് സീത പറഞ്ഞു.
“അവൻ ഇവിടെ, എന്റെയടുത്തുള്ളടത്തോളം നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല സീതേ,
നിന്നെ ഞാൻ ബന്ധിച്ചുകഴിഞ്ഞല്ലാതെ അനി പുറത്തേക്ക് പോകില്ല.
അത്രക്ക് മിടുക്കുണ്ടെങ്കിൽ നീ ശ്രമിക്ക്
ഞാനൊന്ന് കാണട്ടെ ”
പൂജാമുറിയിലിരുന്നുകൊണ്ട് തിരുമേനി പറഞ്ഞു.
“നാളെ മഹായാമത്തിന് മുൻപ് അവൻ കീഴ്ശ്ശേരിമനയിൽ നിന്ന് പുറത്ത് കടക്കും.”
സീതയുടെ ഉറച്ച വാക്കുകൾ കേട്ട തിരുമേനി പുഞ്ചിരിപൊഴിച്ചു.
“ഈ മനയുടെ പടിപ്പുരയിൽ നിന്ന് അകത്തേക്കുപോലും കടക്കാൻ കഴിയാത്ത നീ..ഹഹഹ…”
ചുവന്നുതുടുത്ത സീതയുടെ മുഖം വിണ്ടുകീറാൻ തുടങ്ങി.
കവിളിലും, നെറ്റിയിലും, മുറിവുകൾ രൂപപ്പെട്ട് രക്തം പൊടിഞ്ഞു.
അടിച്ചുണ്ടിനെ പിന്നിലാക്കി അവളുടെ ദ്രംഷ്ഠകൾ വളർന്നു.