“ശരി, തിരുമേനി പറഞ്ഞപോലെ.”
കൃഷ്ണമൂർത്തിയദ്ദേഹത്തിനുള്ള വിശ്രമമുറിയിലേക്ക് വഴികാണിച്ചുകൊണ്ട് ശങ്കരൻ തിരുമേനി മുൻപേ നടന്നു.
അന്ന് കൂടിയവർക്കുള്ള ഭക്ഷണം മനക്കലിൽതന്നെയായിരുന്നു പാകം ചെയ്തത്.
ആദ്യദിനം പിന്നിട്ടപ്പോൾ യാതൊരുവിധ തടസ്സങ്ങളും അവർ നേരിട്ടില്ല.
മഹാസുദർശനഹോമം രണ്ടാം ദിവസം.
രാവിലത്തെ ഗണപതിഹോമം കഴിഞ്ഞ് പ്രസാദം എല്ലാവരിലും എത്തിക്കുന്ന സമയത്താണ് പുറത്ത് ഒരു ഭിക്ഷാടനം ചെയ്യുന്ന ഒരാൾ വന്നുനിൽക്കുന്നത് ശങ്കരൻതിരുമേനിയുടെ സഹായി ഉണ്ണി ശ്രദ്ധിച്ചത്.
അയാൾ കീഴ്ശ്ശേരിമനയെ അടിമുടി വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
“മ്, ന്താ വിടെ?
ഉണ്ണി അടുത്തേക്ക് വന്നു ചോദിച്ചു.
“ഒന്നുല്ല്യാ…”
ജഡകുത്തിയ തലമുടി ചൊറിഞ്ഞുകൊണ്ട് അയാൾ പറഞ്ഞു.
“ഇവിടെ വര്യാ..”
ഉണ്ണി കല്പിച്ചതും അയാൾ തിരിഞ്ഞുനടന്നു.
പടിപ്പുര കടന്ന് ഉണ്ണി പുറത്തേക്കുകടന്നതും ഭിക്ഷക്കാരൻ അവിടെ നിന്നു.
“ദാ, ഈ പ്രസാദം കഴിച്ചിട്ട് പൊയ്ക്കോളൂ”
തിരിഞ്ഞുനിന്ന് അയാൾ ഉണ്ണിയെ നോക്കി.
അട്ടഹസിച്ചുകൊണ്ട് ഉണ്ണിയുടെ അടുത്തേക്കുവരുന്നത് കണ്ടയുടനെ ഉണ്ണി കൈയ്യിലുള്ള തീർത്ഥം ഭിക്ഷക്കാരന്റെ ശരീരത്തിലേക്ക് കുടഞ്ഞു.
തീർത്ഥജലം തട്ടിയതും ഉടനെ അയാൾ ഒരു വവ്വാലായി പറന്നുയർന്നു.
അല്പം ഭയന്ന ഉണ്ണി വേഗം കൃഷ്ണമൂർത്തിയദ്ദേഹത്തോടു ചെന്ന് കാര്യങ്ങൾ പറഞ്ഞു.
“ഞാൻ പറഞ്ഞില്ലേ ശങ്കരാ അവളേതുവിധേനേയും അനിയെ പുറത്തുകൊണ്ടുവരാൻ ശ്രമിക്കും.
അമ്മേ ദേവീ,..”
“രാമാ, അവനിൽ
ഒരു കണ്ണ് എപ്പോഴും ഉണ്ടാകണം .”
തന്റെ പിന്നിൽനിൽക്കുന്ന രാമനെ നോക്കിക്കൊണ്ട് ശങ്കരൻ തിരുമേനി പറഞ്ഞു.