Yakshayamam Part 23 by Vinu Vineesh
Previous Parts
കണ്ണുകളടച്ചുപിടിച്ചുകൊണ്ട് കൃഷ്ണമൂർത്തിയദ്ദേഹം സീതയുടെ മുഖം മനസിൽ സങ്കൽപ്പിച്ചു.
അന്ധകാരം നിറഞ്ഞ അദ്ദേഹത്തിന്റെ മിഴിയിൽ മുഖം മുഴുവനും രക്തംപടർന്ന്
രണ്ടു ദ്രംഷ്ഠകളും വളർന്ന്, വായയിൽ നിന്നും ചുടു രക്തമൊലിച്ച് വികൃതരൂപമായി നിൽക്കുന്ന സീതയുടെ രൂപം തെളിഞ്ഞുവന്നു.
പുഞ്ചിരി പൊഴിച്ചുകൊണ്ട് തിരുമേനി കണ്ണുകൾ തുറന്നു.
“സീതയുടെ അച്ഛനും അമ്മയും എവിടെ..?”
“വാര്യരേ.. അങ്ങട് ചെന്നോളൂ”
രാമൻ വിളിച്ചുപറഞ്ഞു.
“ഇങ്ങട് വര്യാ..”
യശോദയും വാര്യരും കൂടെ ഒരുമിച്ച് കൃഷ്ണമൂർത്തിതിരുമേനിയുടെ അരികിലേക്ക് ചെന്നു.
രണ്ടുപേരുടെയും കൈയ്യിൽ അരളിപ്പൂവും തെച്ചിപ്പൂവും കൊടുത്തിട്ട് 11 തവണ ഉഴിഞ്ഞെടുക്കാൻ കൽപ്പിച്ചു.
യശോദയും വാര്യരും അപ്രകാരം ചെയ്ത് ശേഷം പൂവ് വാഴയുടെ നാക്കിലയിൽ നിക്ഷേപിച്ചു.
“ശങ്കരാ, ആ ചെക്കനെ ഇങ്ങട് വിളിച്ചോളൂ.”
“രാമാ,…മ്,”
ശങ്കരൻ രാമനെനോക്കികൊണ്ട് കൽപ്പിച്ചു.
രാമനും രണ്ട് സഹായികളും കൂടിച്ചെന്ന് പത്തായപ്പുരയിലുള്ള അനിയെ ബലമായി പിടിച്ചുകൊണ്ടുവന്നു.
തിരുമേനി ശംഖിൽ നിന്നും തീർത്ഥജലമെടുത്ത് അനിയുടെ ശരീരത്തിലേക്ക് കുടഞ്ഞ് ശുദ്ധിവരുത്തി.
ശേഷം അനിയുടെ കൈയ്യിലും പുഷ്പങ്ങൾ കൊടുത്ത് ഉഴിഞ്ഞെടുക്കാൻ പറഞ്ഞു.
ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് തിരുമേനി പറഞ്ഞപോലെ അനിയും ഉഴിഞ്ഞെടുത്തു.
മൂന്നുദിവസം നീണ്ടുനിൽക്കുന്ന മഹാസുദർശനഹോമത്തിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചുകൊണ്ട് തിരുമേനി എഴുന്നേറ്റു.സഹായികളും മറ്റും ദുർഗ്ഗാദേവിയെ പ്രീതിപ്പെടുത്തുവാൻ വേണ്ടി സ്തുതികളും, സ്ത്രോതങ്ങളും ജെപിച്ചുകൊണ്ടിരുന്നു.
“ശങ്കരാ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
അനിയെ ഇവിടന്ന് മായാജാലം കാട്ടി കടത്തിക്കൊണ്ടുപോകാൻ അവൾ ശ്രമിക്കും. അങ്ങനെ വരരുത്.
നാളെ കഴിഞ്ഞുള്ള രാത്രി അവളെ ബന്ധിച്ചു ഭാരതപ്പുഴയിൽ ഒഴുക്കണം.”