വീടിന്റെ അതിർത്തി മുളകൊണ്ടുകെട്ടിയ വേലികൊണ്ടായിരുന്നു തിരിച്ചിരുന്നത്.
വീടിന്റെ ഉമ്മറത്തേക്ക് കയറിയ ശങ്കരൻ തിരുമേനി അവിടത്തെ അമ്മയെ വിളിച്ചു.
പെട്ടന്നുതന്നെ വെള്ളവസ്ത്രം ധരിച്ച വിധവയായ ഒരുസ്ത്രീ ഇറങ്ങിവന്നു.
“ഓ, തിരുമേനി ന്താ പതിവില്ലാണ്ട്…”
“ഇതിലെ പോയപ്പോൾ ഒന്നിത്രേടം വരെ കയറണം എന്നുതോന്നി.
പിന്നെ ഇതെന്റെ കൊച്ചുമോളാ, ഗൗരി മ്മടെ സച്ചിദാനന്ദൻ പഠിപ്പിച്ചിട്ടുണ്ട്.”
തിരുമേനി പറഞ്ഞു തീർക്കുന്നതിനു മുൻപുതന്നെ അമ്മയുടെ മിഴികൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.
സാരിതലപ്പുകൊണ്ട് തന്റെ മിഴികൾ തുടച്ചുനീക്കി അവർ ചുമരിന്റെ മുകളിൽ തൂക്കിയ മാലയിട്ട ഫോട്ടോയിലേക്ക് കലങ്ങിയ കണ്ണുകളുമായി തിരിഞ്ഞുനോക്കി.
സച്ചിദാനന്ദൻ.
ജനനം 13 – 1 – 1988
മരണം 30 – 12 – 2016.
ഫോട്ടോ കണ്ട ഗൗരി
ഉമ്മറത്തിണ്ണയിൽ നിന്നും പിടഞ്ഞെഴുന്നേറ്റു.
ഭയം അവളിൽ കിടന്ന് താണ്ഡവമാടി.
ചുറ്റിലും നോക്കിയ ഗൗരിക്ക് അവിടെയെവിടെയോ സച്ചിദാനന്ദന്റെ സാനിധ്യം അനുഭവപ്പെടുന്നുണ്ടായിരുന്നു.
“മുത്തശ്ശാ,…”
ഗൗരി തിരുമേനിയുടെ കൈകളിൽ പിടിമുറുക്കി.
“എന്നാ, ഞങ്ങളിറങ്ങട്ടെ, പിന്നെ വരാം. പണത്തിന് ന്തേലും ബുദ്ധിമുട്ട് ണ്ട് ചാ… കീഴശ്ശേരിയിലേക്ക് പോന്നോളൂ..”
തിരുമേനി യാത്രപറഞ്ഞ് സച്ചിദാനന്ദന്റെ വീടിന്റെ വടക്കേഭാഗത്തേക്ക് നടന്നു.
സച്ചിദാനന്ദനെ അടക്കം ചെയ്തമണ്ണ് ഗൗരിക്ക് കാണിച്ചുകൊടുത്തു.
“സീതയും, സച്ചിദാനന്ദനും ഒരേദിവസമാണ് മരണപ്പെട്ടത്.
ഇവനെയാണോ നീ കണ്ടത്.”
കൈകാലുകൾ വിറക്കുന്ന പോലെ തോന്നിയ ഗൗരി തിരുമേനിയുടെ കൈകളിൽ അഭയംപ്രാപിച്ചു.