ശരീരമാസകലം അടികൊണ്ട് നീരുവന്നെങ്കിലും വേദനമാത്രം ഉണ്ടായിരുന്നില്ല.
കാരണം ഇതെല്ലാം സീതക്ക് വേണ്ടിയാണെന്നസത്യം ഉള്ളിൽ കിടക്കുന്നതുകൊണ്ടായിരുന്നു.
നിലത്തുവീണ എന്നെ വീടിന്റെ തൂണിൽ കെട്ടിനിറുത്തി.
വായിൽ ഉറിവന്ന രക്തം ഞാൻ ഗോപിയുടെ മുഖത്തേക്ക് ആഞ്ഞുതുപ്പികൊണ്ട് അഴിച്ചുവിടാൻ പറഞ്ഞു.
മുഖത്തുതെറിച്ച രക്തം ഗോപി കൈകൊണ്ട് തുടച്ചുനീക്കിയിട്ട് അനിയുടെ കൈയ്യിലുള്ള ഇരുമ്പുദണ്ഡ് വാങ്ങി എന്റെ ശിരസിലേക്ക് ആഞ്ഞടിച്ചു.
ഉടനെ ഞാൻ ബോധരഹിതനായി തറയിലേക്ക് വീണു.
രാത്രിയുടെ യാമങ്ങൾ കഴിഞ്ഞുപോയി.
സുബോധം തിരിച്ചുകിട്ടിയ ഞാൻ പതിയെ എഴുന്നേറ്റ് ആ വീടിന്റെ അകത്തേക്കുകടന്നു.
ഗോപിയെയും അനിയെയും കാണാനുണ്ടായിരുന്നില്ല.
മുന്നോട്ട് നടന്ന ഞാൻ നടുത്തളത്തിൽ അടഞ്ഞുകിടക്കുന്ന ഒരു മുറികണ്ടു.
പതിയെ ഞാനതു തുറന്നുനോക്കി.”
“അവിടെ സീതയുണ്ടായിരുന്നോ മാഷേ?”
അടഞ്ഞശബ്ദത്തിൽ ഗൗരി ചോദിച്ചു.
“ഇല്ല, ആ മുറിയിൽ ചുടലഭദ്രയയുടെ വിഗ്രഹം കുങ്കുമം കുന്നുകൂട്ടി അതിനുമുകളിൽ വച്ചിട്ടുണ്ടായിരുന്നു.
ഹോമകുണ്ഡത്തിലെ അഗ്നി അണഞ്ഞു.
നിലവിളക്കിൽ ചുവന്നപട്ടിന്റെ തിരി കത്തിയെരിയുന്നുണ്ടായിരുന്നു.
നിലത്തുവരച്ച കളം മാഞ്ഞുപോയിരിക്കുന്നു.
പുറത്തുകടന്ന ഞാൻ സീതയെ തിരഞ്ഞു.
അവിടെയെവിടെയുംകണ്ടില്ല.
പെട്ടന്ന് അതേമുറിയിലെ രഹസ്യ അറയിൽ എന്തോവീണുടയുന്ന ശബ്ദംകേട്ട ഞാൻ അങ്ങോട്ടുചെന്നുനോക്കി.