ക്ലാസിലേക്ക് കയറിയിരുന്ന എന്നോട് ശാലിനി പറഞ്ഞു.
ഇത് പുതിയ മലയാളഅധ്യാപകൻ സച്ചിദാനന്ദൻ സർ ആണെന്ന്.
ക്ലാസ്സ് കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ അമ്മ കാലിൽ പ്ലാസ്റ്ററിട്ട് കിടക്കുന്നു.
അലക്കി തോരയിടാൻപോയപ്പോൾ വീണു.
എല്ലിന് പൊട്ടുണ്ട് ഒരുമാസം പ്ലാസ്റ്റർ ഇടേണ്ടിവരുമെന്നാണ് ഡോക്ടർ പറഞ്ഞത്.
അച്ഛൻ ഏട്ടന് വിളിച്ചു പറഞ്ഞു അമ്മവീണവിവരം.
ചിലപ്പോൾ കുട്ടേട്ടൻ നാളെ വരും.
ബ്രഹ്മപുരം അമ്പലത്തിൽ മാലക്കെട്ടികൊടുക്കുന്ന ഒരു ചെറിയ പണികൂടിയുണ്ട് അമ്മക്ക്.
പുലർച്ചെ അച്ഛെടെ കൂടെ പോകും.
അമ്മക്ക് പകരമായി ഇനിമുതൽ ഒരുമാസം ഞാൻ പോകണം അതോർക്കുമ്പോൾ തന്നെ വയ്യ.”
“മടിച്ചിയാണ് സീത, ”
പുഞ്ചിരി പൊഴിച്ചുകൊണ്ട് ഗൗരി അടുത്ത പേജിലേക്ക് കണ്ണോടിച്ചു.
18-10-2016
ചൊവ്വ.
വീട്ടുപണികളൊക്കെ കഴിച്ച് 6 മണിയായപ്പോൾ ഞാൻ മാലകെട്ടാൻ അമ്പലത്തിലേക്കുപോയി.
പതിവില്ലാതെ ആരോ ഉടുക്കുകൊട്ടി സോപാനസംഗീതം ആലപിക്കുന്നതുകേട്ട് ശ്രീകോവിലിനുള്ളിലേക്ക് ഞാൻ എത്തിനോക്കി.
എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
എന്റെ മലയാളം അധ്യാപകൻ സച്ചിസാർ ആയിരുന്നു അത്.
ഉടനെ ഞാൻ അച്ഛെടെ അടുത്തേക്കുചെന്നു കാര്യംതിരക്കി.
മാഷ് ഇവിടത്തെ ആളുത്തന്നെയാണ് പഠിക്കാൻവേണ്ടി പോയതായിരുന്നുത്രേ, ഇപ്പഴാണ് തിരിച്ചുവരുന്നത്.
എന്തായാലും ഞാൻ തെക്കേനടയിൽ മാലകോർക്കാനിരുന്നു കൂടെ മാഷിന്റെ സംഗീതവും കേൾക്കാമെന്ന മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നു.
സോപാനസംഗീതം കഴിഞ്ഞ് ഉടുക്ക് ഇറക്കിവച്ചയുടനെ ഞാൻ അങ്ങോട്ടുചെന്ന് പരിചയം പുതുക്കി.