Yakshayamam Part 13 by Vinu Vineesh
Previous Parts
10-10-2016
തിങ്കൾ.
ഇന്ന് ശിവക്ഷേത്രത്തിൽനിന്നും മടങ്ങിവരുമ്പോൾ ആൽത്തറയിലിരിക്കുന്ന അനിയേട്ടനെ കണ്ടു.
ഇന്നലെകണ്ടപ്പോൾ ഇന്ന് ഇവിടെ കാത്തുനിൽക്കാമെന്ന് പറഞ്ഞിരുന്നു.
എന്താണ് കാര്യം എന്നറിയാൻ ഞാൻ അങ്ങോട്ട് ചെന്നുചോദിച്ചു.”
“ഓഹോ, അപ്പൊ ആ ചേട്ടനും മുഖ്യ കഥാപാത്രമാണ്.”
വായന ഇടക്കുവച്ചുനിർത്തി ഗൗരി സ്വയം പറഞ്ഞു.
ശേഷം അവളുടെ അജ്ഞനമെഴുതിയ മാന്മിഴികൾ വീണ്ടും വരികളിലേക്ക് ചലിച്ചു.
“എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട് അനിയേട്ടൻ കുറച്ചുനേരം മൗനം പാലിച്ചുനിന്നു
വല്ലാതെ അസ്വസ്ഥനായിരുന്നു അയാൾ
ഞാൻ വീണ്ടും വീണ്ടും ചോദിച്ചു എന്താണ് കാര്യമെന്ന്.
ഉടനെ അയാൾ പറഞ്ഞു
എന്നെ ഇഷ്ടമാണ്, കല്യാണം കഴിക്കാൻ താല്പര്യമുണ്ടെന്ന്.
അനിയേട്ടന്റെ ആ മറുപടി ഞാൻ തീരെ പ്രതീക്ഷിച്ചില്ല. എന്റെ കുട്ടേട്ടനെപോലെ കണ്ടിരുന്ന ഒരേട്ടൻ. അത്രേ ഞാൻ കരുതിയൊള്ളൂ.
ദേഷ്യവും സങ്കടവും ഒരുമിച്ച് വന്ന എനിക്ക് എന്നെതന്നെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.
അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ എന്തൊക്കെയോ വിളിച്ചുപറഞ്ഞു.”
“അല്ലേലും ഈ ആണുങ്ങൾ ഇങ്ങനെതന്നാ കണ്ടു കുറച്ചുകഴിഞ്ഞാൽ പിന്നേം വരും പ്രേമമാണ്, കല്യാണം കഴിക്കണം എന്നൊക്കെപറഞ്ഞ്.”
വരികളിൽനിന്നും കണ്ണെടുത്ത് ഗൗരി സ്വയം പറഞ്ഞു.
12-10-2016
ബുധൻ.
ഇന്നും അനിയേട്ടൻ വീണ്ടും ഇക്കാര്യം പറഞ്ഞ് എന്റെ അടുത്തേക്കുവന്നു.
ഇനിയെന്നെ ശല്യം ചെയ്താൽ ഞാൻ കരണം പൊകക്കുമെന്ന് ഒറ്റയടിക്ക് പറഞ്ഞു.