എന്റെ അടുത്ത സുഹൃത്തും, അതിലുപരി എന്റെ വിഷമങ്ങൾ പങ്കുവക്കാനുള്ള മറ്റൊരു ഹൃദയംകൂടെയായിരുന്നു അവൾ.
ഇന്ന് പ്രത്യേകിച്ചൊന്നുമില്ല. സാധാരണ ഒരുദിവസം.”
ഗൗരി പുസ്തകത്തിൽനിന്നും കണ്ണെടുത്തു.
“ങേ, ഇതെന്തോന്ന് ഡയറി.”
അവൾ അടുത്ത പേജ് മറിച്ചു
പക്ഷെ ആ തീയ്യതിയിൽ മറ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലായിരുന്നു.
തിടുക്കത്തിൽ അവൾ അടുത്ത പേജിലേക്ക് വളരെ വേഗത്തിൽ സഞ്ചരിച്ചു.
6 – 10 – 2016.
വ്യാഴം.
ഇന്ന് ഞാൻ ഏറ്റവും കൂടുതൽ വെറുക്കപ്പെട്ട ദിവസമായിരുന്നു.
കോളേജിലേക്കുള്ള യാത്രാമധ്യേ ബസ്സിൽ ഒരു കാമഭ്രാന്തൻ എന്നെ മുട്ടിയുരുമ്പി നിൽക്കുന്നുണ്ടായിരുന്നു.
ക്ഷമനശിച്ച ഞാൻ അല്പം മാറിനിൽക്കാൻ അയാളോടു പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ ബസ്സ് പെട്ടന്നുബ്രേക്ക് ചവിട്ടി.
ആ തക്കത്തിൽ അയാൾ
എന്നെക്കയറിപിടിച്ചു.
ഞാനയാളെ കണക്കിന് ചീത്തവിളിച്ചു.
പക്ഷെ ഞാൻ നിന്നുകൊടുത്തിട്ടാണെന്ന് അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു. സ്വയം വിശുദ്ധനായി.
ഞാനെത്ര പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല.
പിന്നെ എനിക്ക് ശബ്ദം പുറത്തേക്ക് വന്നില്ല.
സങ്കടം അലകടലായി മിഴിയിലൂടെ ഒഴുകിവന്നു.
എല്ലാവരും എന്നെ നോക്കാൻ തുടങ്ങി.
പെട്ടന്ന് ഒരു ചെറുപ്പക്കാരൻ സീറ്റിൽനിന്നും എഴുന്നേറ്റ് വന്ന് അയാളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു. ഒരു തവണയല്ല പലതവണ.
വേദന സഹിക്കാതെയായപ്പോൾ അയാൾ സത്യം പറഞ്ഞു.