യക്ഷയാമം (ഹൊറർ) – 12 53

ചെറിയ ചോലകളും, കുറ്റിക്കാടുകളും താണ്ടി അനി നെല്ലികുന്നിലേക്ക് കാലെടുത്തു വച്ചതും
ഉടനെ ഒരു മൂങ്ങ അയാൾക്ക് വഴിതടസമുണ്ടാക്കി വന്നുനിന്നു.
അതിന്റെ കണ്ണുകൾ അന്ധകാരത്തിലും വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.

അനി കഴുത്തിൽ കിടന്ന ചുവപ്പും,കറുപ്പും നിറമുള്ള ചെറിയരക്ഷ പുറത്തേക്കിട്ടു.
അതുകണ്ട മൂങ്ങ ഉടൻതന്നെ കാർമേഘം പുതച്ച വിണ്ണിലേക്ക് പറന്നുയർന്നു.

അല്പദൂരം നടന്ന അനി ചാണകമെഴുകിയെ ഒരു കൂരയുടെ മുറ്റത്ത് ചെന്നുനിന്നു.
ഓലകൊണ്ട് നിർമ്മിച്ച വാതിൽ അവൻ പതിയെ തുറന്നു.
എണ്ണത്തിരിയുടെ വെളിച്ചത്തിൽ
അകത്ത് ചെത്തിയിറക്കിയ പനങ്കള്ളുകുടിക്കുകയായിരുന്നു മാർത്താണ്ഡൻ.

“മ്, എന്താ അനി ”

മാംസംകരിഞ്ഞഗന്ധം അനിയുടെ നാസികയിലേക്ക് തുളഞ്ഞുകയറിപ്പോൾ അയാളറിയാതെ മൂക്കുപൊത്തി.

“നമ്മൾ ഊഹിച്ചത് ശരിയാണ്. തിരുമേനിയുടെ മകന്റെ പുത്രി ഗൗരി.
അമാവാസിയിലെ കാർത്തിക.”

“ഹഹഹ….”
മാർത്താണ്ഡൻ ആർത്തട്ടഹസിച്ചു.

“ഉപാസനാമൂർത്തികളേ,
എനിക്ക് ശക്തിപകരൂ,”

രണ്ടുകൈകളും മുകളിലേക്കുയർത്തികൊണ്ട് അയാൾ പറഞ്ഞു.

“ഞാൻ പറഞ്ഞ സാധനം കിട്ടിയോ ?..”

ഇരിപ്പിടത്തിൽനിന്നുംമെഴുന്നേറ്റ് അയാൾ ചോദിച്ചു.

“ഉവ്വ്.”
അനി അരയിൽനിന്നും ഒരു പൊതിയെടുത്ത് അയാൾക്കുനേരെ നീട്ടി.