Yakshayamam Part 12 by Vinu Vineesh
Previous Parts
കിഴക്കേ ജാലകപ്പൊളി തുറന്നുനോക്കിയ ഗൗരി ഭയംകൊണ്ട് രണ്ടടി പിന്നിലേക്കുവച്ചു.
നിലാവിന്റെ വെളിച്ചത്തിൽ
കറുത്തുരുണ്ട് മഞ്ഞക്കണ്ണുകളുമായി ഒരു കരിമ്പൂച്ച ജാലകത്തിനടുത്തുവന്നിരുന്ന് ഗൗരിയെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചുറ്റിലും പാലപ്പൂവിന്റെയും അരളിയുടെയും ഗന്ധമൊഴുകാൻതുടങ്ങിയിരുന്നു.
പെട്ടന്നുതന്നെ അവൾ ജാലകപ്പൊളി കൊട്ടിയടച്ചു.
“എന്താ ഗൗര്യേച്ചി..”
എഴുന്നേറ്റിരുന്ന് അമ്മു ചോദിച്ചു.
“ഒന്നുല്ല്യാ അമ്മൂ. നീ കിടന്നോളൂ. എനിക്കൽപ്പം വായിക്കാനുണ്ട്.”
ഗൗരി തിരിച്ച് കിടക്കയിൽ ടേബിൾലൈറ്റ് കത്തിച്ച് ചുമരിനോട് ചാരിയിരുന്നു.
കിളിവാതിലിലൂടെ തണുത്തകാറ്റ് അകത്തേക്ക് ഒഴുകിയെത്തി.
മേലാസകലം കോരിത്തരിച്ച ഗൗരി തന്റെ ശരീരമൊന്നു കുടഞ്ഞു.
“ഹോ, ഇന്നെന്താ ഒരു തണുത്തകാറ്റ്..”
അവൾ തന്റെ അഴിഞ്ഞുവീണ മുടിയിഴകളെ കൈകളിൽ ഒതുക്കി പിന്നിലേക്ക് കെട്ടിവച്ച് അല്പനേരം തന്റെ മിഴികളടച്ചുകൊണ്ട് മനസിനെ ഏകഗ്രമാക്കി.
അടുത്തനിമിഷം നിദ്രാദേവി
അവളെത്തേടിയെത്തി
വായിക്കാനിരുന്ന ഗൗരിയെ നിദ്രയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
രാത്രിയുടെ യാമങ്ങൾകടന്നുപോയി.
ഇരുട്ടിനെ ഭയക്കാത്ത അനിക്ക് രാത്രികാലങ്ങളിൽ മാർത്താണ്ഡന്റെ താവളത്തിലേക്കൊരു സഞ്ചാരമുണ്ട്.
അപ്പൂപ്പൻക്കാവിൽ നിന്നും അല്പം വടക്കോട്ടുമാറി രണ്ട് ഗ്രാമങ്ങളുടെ അതിർത്തി പങ്കിടുന്ന നെല്ലിക്കുന്ന് എന്ന ചെറിയവനത്തിനുള്ളിൽ മുളകൊണ്ടു നിർമ്മിച്ച കൂരക്കുള്ളിലായിരുന്നു മാർത്താണ്ഡൻ ആഭിചാരകർമ്മങ്ങൾ നടത്താൻ പ്രത്യേകം തയ്യാറാക്കിയ പുതിയഇടം.