അരുണൻ വിടപറയാൻ നിന്നു.
അന്തിച്ചോപ്പ് നെൽവയലിനെ കൂടുതൽ വർണ്ണാലങ്കാരമാക്കി. വിണ്ണിൽ തിങ്കൾ ഒളികണ്ണിട്ട് അവരെ നോക്കുന്നുണ്ടായിരുന്നു.
വയലിനുനടുവിലുള്ള ആർമരത്തിൽ കിളികളും വവ്വാൽ കൂട്ടങ്ങളും കലപില ശബ്ദമുണ്ടാക്കി.
കൂടെ ശിവക്ഷേത്രതിൽനിന്നും കേൾക്കുന്ന ഭക്തിഗാനങ്ങളും.
ദീർഘശ്വാസമെടുത്ത് ഗൗരി ശുദ്ധവായുവിനെ സ്വാഗതം ചെയ്തു.
മനയിലേക്ക് വന്നുകയറിയ തിരുമേനി ഉമ്മറത്ത് കിണ്ടിയിൽവച്ച ജലമെടുത്ത് കൈകാലുകൾ കഴുകി ശുദ്ധിവരുത്തി ഉമ്മറത്തേക്ക് കയറിയിരുന്നു.
“മുത്തശ്ശാ, നേരത്തെ കണ്ട ആ സ്ത്രീക്ക് ഇവിടെനിന്നാണോ ഭക്ഷണം പാകംചെയ്യാനുള്ള സാധനങ്ങൾ കൊടുക്കുന്നത്.”
ഉമ്മറത്തെ തിണ്ണയിൽ കയറിയിരുന്ന് ഗൗരി ചോദിച്ചു.
അമ്മുവും അവളോടൊപ്പം കയറിയിരുന്നു.
“അംബികേ, ഇച്ചിരി വെള്ളം ഇങ്ങെടുക്കൂ..”
അകത്തേക്ക് നോക്കിക്കൊണ്ട് തിരുമേനി പറഞ്ഞു.
“ചോദിച്ചതിന് ഉത്തരം താ മുത്തശ്ശാ..”
അരിശംമൂത്ത ഗൗരി ചോദിച്ചു.
“ഹഹഹ, ഒരു കാലത്ത് നാടിനെ വിറപ്പിച്ച ഇരുട്ടിന്റെ രാജാവ് താമിയുടെ ഭാര്യയാണ് നീലി.”
“താമിയോ ?.. അയാളാരാ ഡ്രാക്കുളയാണോ.?”
പരിഹാസത്തോടെ ഗൗരി ചോദിച്ചു.
ഗൗരിയുടെ മറുപടികേട്ട അമ്മു പൊട്ടിച്ചിരിച്ചു.
“മ്, അതെ..!”
തിരുമേനി ഒറ്റവാക്കിൽ പറഞ്ഞു.
“ങേ..?”
അദ്‌ഭുദത്തോടെ ഗൗരി തിരുമേനിയെ തന്നെ നോക്കിയിരുന്നു.